ഐ എസ് എല്‍ ഫുട്‌ബോള്‍ മത്സരത്തിന്‍റെ കടന്നു വരവോടെ മലയാളിയുടെ സംസ്കാരത്തില്‍ ഫുട്‌ബോളിനുണ്ടായ മുന്നേറ്റം ചെറുതൊന്നുമല്ല. മറ്റൊരളവില്‍ ഐ പി എല്‍ ക്രിക്കറ്റിനെപ്പോലും മറി കടക്കുന്നതായി ഐ എസ് എല്‍ മാറി. അതോടെ മലയാളിയുടെ കാഴ്ചയുടെ വിനോദം ഫുഡ്ബോളിലേക്കും വ്യാപിച്ചു. 2015 ഒക്ടോബര്‍ 18ന് കേരള ബ്ലാസ്റ്റേഴ്സ് (0), ഡല്‍ഹി ഡൈനോമോസ് (1) കളി കാണാന്‍  62,087 കാണികളാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തിയത്. മലയാളിയുടെ കാഴ്ചയുടെ പരിണാമം മാത്രമായിരുന്നില്ല, ചലനാത്മകമാകുന്ന കായികതാല്പര്യം കൂടിയായിരുന്നു അതില്‍ പ്രകടമായത്.

കേരള ബ്ലാസ്റ്റേഴ്സ്

കാഴ്ചയുടെ ആകാംഷയെ 90 മിനിട്ടില്‍ നിലനിര്‍ത്താന്‍ സിനിമയെക്കാളും ഫുട്‌ബോ
ളിന് കഴിയും എന്ന നില വന്നു. അതോടെ സിനിമയ്‌ക്കൊപ്പമോ ഒരു പക്ഷെ അതിലുപരിയോ  കാഴ്ചക്കാരെ വശീകരിക്കാനും ആവേശം കൊള്ളിക്കാനും ഫുട്‌ബോ
ളിന് കഴിയുമെന്നായി. കായിക മത്സരങ്ങളില്‍ അഭിനയത്തിന്‍റെ കളങ്കമില്ലാത്ത പ്രകടനമാണ് ആവശ്യം എന്നതിനാല്‍ കളിച്ച് ജയിക്കുകയാണ് വേണ്ടത്. ജയവും തോല്‍വിയും അവിടെ നിന്ദയും സഹതാപവും അര്‍ഹിക്കുന്നില്ല. 
അതിനാല്‍ ഫുട്‌ബോളില്‍ കാണികളെ സംബന്ധിച്ചിടത്തോളം ശുഭപര്യവസായി എന്നും ദുഃഖ പര്യവസായിയെന്നും ധാര്‍മ്മികമായി ചട്ടകളിടേണ്ടതില്ല എന്നതും കാഴ്ചയുടെ ആവേശത്തെ കൂട്ടുന്നുണ്ട്.

സിനിമയിലല്ല, ഫുട്‌ബോളിലാണ് അഭിനയമില്ലാത്ത യഥാര്‍ത്ഥതാരങ്ങള്‍. ഫുട്‌ബോളിലെ താരാരാധനയുടെ പിറവി വെള്ളിത്തിരയ്ക്കപ്പുറം മറ്റൊരു താരലോക നിര്‍മ്മിതിയുടെ സംസ്കാരമാണ്. താരശരീരത്തോടുള്ള താല്പര്യത്തെക്കാള്‍ അത് പ്രകടന മികവിനാണ് പ്രാധാന്യം നല്കുന്നത്. ഐ എസ് എല്ലിന്‍റെ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോള്‍വേട്ട നടത്തിയ ഇയാന്‍ ഹ്യൂമിനെ അന്ന് മലയാളിയുവത്വം ലാലേട്ടനെക്കാള്‍ വലിയ ഹ്യൂമേട്ടനായി നെഞ്ചേറ്റിയിരുന്നത് വളരെ പഴയ ചരിത്രമൊന്നുമല്ല.

മോശം പ്രകടനം താരങ്ങളെ നിഷേധിക്കാന്‍ കാണികളെ പ്രാപ്തരാക്കുമെന്നത് സിനിമയില്‍ നിന്നും ഫുട്‌ബോളിനുള്ള വ്യത്യാസമാണ്. അതിനാല്‍ മെച്ചം പ്രകടനം കാഴ്ച വെക്കേണ്ടത് ഓരോ കളിക്കാരന്‍റെയും ബാധ്യതയാണ്. സിനിമയിലെ പോലെയല്ല സ്പോര്‍ട്സിലെ താരാധിപത്യം. അതുകൊണ്ടു തന്നെയാണല്ലോ അവിടെ റിട്ടയര്‍മെന്‍റിന് പ്രാധാന്യം ലഭിക്കുകയും സിനിമയില്‍ കാണികളുടെ നിരാകരണത്തിന് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നത്. ഗോളടിക്കാലത്ത് സി കെ വിനീത് നമ്മുടെ സ്വന്തം വിനീതായിയിരുന്നെങ്കില്‍ മികച്ച പ്രകടമില്ലാതെ വരുമ്പോള്‍ നമ്മുടെ കളിക്കാരനല്ലാതാവുന്നതിന്‍റെ കാരണവും അതാണ്. സി കെ വിനീത് നമ്മെ സംബന്ധിച്ചിടത്തോളം ടീമില്‍ നിന്നും പിരിയേണ്ടി വരുന്നത് അതിന്‍റെ സൂചനയാണ്.

2014 ഒക്ടോബര്‍ മുതല്‍ 2018 ഡിസംബര്‍ ആറിന് കഴിഞ്ഞ കളി വരെ ബ്ലാസ്റ്റേഴ്സിന് വേണ്ടി 70 തവണ കളത്തിലിറങ്ങിയ സന്ദേശ് ജിംഖാനോ,

ഗോള്‍ നേട്ടത്തിനുപരി കളം നിറയുന്ന കളിക്കാരനായിരുന്ന, ബ്ലാസ്റ്റേഴ്സിന് വേണ്ടി 821 മിനിട്ട് കളിച്ചിട്ടുള്ള ഹളിചരന്‍ നര്‍സാരിയോ പോകുന്നതും നമുക്ക് വലിയ ദുഃഖമാകില്ല.

ആശിര്‍വാദ് സിനിമാസ് പോലുള്ള ബ്രാന്‍ഡ് നെയിമുകളും ആന്‍റണി പെരുമ്പാവൂരിനെ പോലുള്ള നിര്‍മ്മാതാക്കളും വമ്പന്‍മാരായിരുന്നിടത്താണ് ഫുട്‌ബോളിലൂടെ മലയാളിയ്ക്ക് ഒരു സാംസ്കാരിക സ്വത്വം കിട്ടിയതെന്നത് ഏറെ പ്രധാനമാണ്. കേരള ബ്ലാസ്റ്റേഴ്സിനെ സ്വന്തം ടീമായാണ് ഓരോ മലയാളിയും ഏറ്റെടുത്തത്. അതായിരുന്നു മലയാളിയുടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്. അതിന്‍റെ ആദ്യമുതലാളി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറായതും മലയാളിയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. സച്ചിനോടും മലയാളിയ്ക്ക് ഒരുതരം സ്നേഹ വാത്സല്യമായിരുന്നല്ലോ.

സച്ചിന്‍ കൈകാര്യം ചെയ്തിരുന്ന കാലത്ത് മൊത്തം നാലു കളികളില്‍ രണ്ടിലും ഫൈനലിലെത്തി റണ്ണേഴ്സ് അപ്പായിട്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ മടക്കം. 2014ല്‍ അറ്റ്ലറ്റികോ ഡി കൊല്‍ക്കത്തയോട് 1-0 ത്തിന് തോറ്റെങ്കില്‍ 2016ല്‍ അറ്റ്ലറ്റികോ ഡി കൊല്‍ക്കത്തയെ 1-1 ന് തളച്ചിരുന്നു. 4-3 എന്ന പെനാല്‍റ്റിയിലായിരുന്നു അന്ന് അറ്റ്ലറ്റികോ ഡി കൊല്‍ക്കത്ത ജയിച്ചത്.

എന്നാല്‍ 2018ല്‍ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. സീസണ്‍ കളിക്കാര്‍ക്കൊപ്പം ചിലവഴിക്കുകയും ഓരോ കളിയിലും ഗ്യാലറിയില്‍ കളിക്കാരെ ആവേശം കൊള്ളിക്കുകയും ചെയ്തിരുന്ന സച്ചിന്‍ ടീം ഉപേക്ഷിച്ച് പോയി. പകരം മലയാളിയുടെ ലാലേട്ടന്‍ കളി കാര്യമായെടുത്തു. മലയാളിയുടെ കായിക സംസ്കാരത്തിന്‍റെ കൂടി അമരക്കാരനാവുക ആയിരുന്നിരിക്കാം ഉദ്ദേശ്യം എങ്കിലും അഭിനയവും കളിയും ഒത്തു പോകില്ലല്ലോ. ലൊക്കേഷനുകളെവിടെ? കളിക്കളങ്ങള്‍ എവിടെ?

മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ആസ്വാദകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന വര്‍ഷമായിരുന്നു 2018. എന്നാല്‍ നീരാളിപ്പിടിത്തവും ഡ്രാമയും ഒടിവിദ്യയുമൊന്നും ഏറ്റെടുക്കില്ലെന്ന് ആസ്വാദകര്‍ വെളിവാക്കി. നരേന്ദ്ര മോദിയെ തൊട്ടപ്പോള്‍ താരത്തിന് ലഭിച്ച ഊര്‍ജ്ജം നരേന്ദ്ര മോദിയുടെ താഴ്ചയ്‌ക്കൊപ്പം
 നഷ്ടമായതായി കരുതാം. തകര്‍ച്ചയിലേക്കാവുമെന്ന് കായിക  പ്രേമികള്‍ക്ക് അറിയാമായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിലെ താരസാന്നിദ്ധ്യം ആസ്വാദകരെ ആവേശം കൊള്ളിച്ചിരുന്നു. ആ ആവേശവും ഏതാണ്ട് കെട്ടടങ്ങി.

സിനിമയുടെ ആധിപത്യത്തെ സാംസ്കാരികമായി പ്രതിരോധിക്കാന്‍ കായിക ലോകത്തിന് കഴിഞ്ഞത് 2018ല്‍ പലരിലും നാം കണ്ടു കഴിഞ്ഞതാണ്. മറ്റെല്ലാ നടിമാരെയും മറി കടന്ന് മേരി കോം നമ്മുടെ അഭിമാനതാരമായതും ഇത്തരത്തില്‍ ഓര്‍ക്കാവുന്നതാണ്. സിനിമയിലെ ഡബ്ല്യു സി സിയെക്കാളും അല്ലെങ്കില്‍ മീ റ്റൂവിനെക്കാളും ഒരു പക്ഷേ നമ്മെ കൂടുതല്‍ ത്രസിപ്പിച്ചിട്ടുണ്ടാവുക 2018ലെ കായികരംഗത്തെ വനിതാ നേട്ടങ്ങളായിരിക്കും.

ഹിമാ ദാസും പി വി സിന്ധുവുമൊക്കെ അങ്ങനെയാണ് നമ്മുടെ ആരാധ്യരായ താരങ്ങള്‍ ആയതും.

 

Read Also  രജനീകാന്തിന്‍റെ 2.0 ആരാധകരറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here