ഇന്ത്യനവസ്ഥയില്‍ നാം പ്രധാനമായും നേരിടുന്ന രണ്ടു തീവ്രവാദങ്ങള്‍ ഹിന്ദു തീവ്രവാദവും ഇസ്ലാമിക തീവ്രവാദവുമാണെന്നാണ് പൊതുവ്യവഹാരം. തെറ്റായ ചരിത്ര വ്യാഖ്യാനങ്ങളിലൂടെയും രാഷ്ട്രീയവ്യവഹാരങ്ങളിലൂടെയും സമകാലം ഈ രണ്ടു പ്രശ്നങ്ങളിലാണ് ഇന്ത്യന്‍ മതചിന്തകളെ ഉല്പാദിപ്പിക്കുന്നത് എന്നതാണ് അതിന് കാരണം. ഭാഷയുടെ കാര്യത്തില്‍ എന്ന പോലെ ജാതിമതങ്ങളിലും ഇന്ത്യയുടെ ബഹുസ്വരത ഇന്ത്യന്‍ രാഷ്ട്രീയചിന്തകര്‍ പരിഗണിക്കാറില്ല. രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസൃതമായി ജനാധിപത്യരീതിയില്‍ ഭൂരിപക്ഷത്തില്‍ പെടാത്തതിനെയെല്ലാം അവഗണിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയചിന്തകരുടെ പതിവ്.

ബഹുസ്വരതയുടെ രാഷ്ട്രീയം ഇനിയും കൈവശമില്ലാത്തതിനാലാണ് ഇന്ത്യന്‍ ബഹുസ്വരരാഷ്ട്രീയത്തിലെ മൂല്യാധിഷ്ഠിതമല്ലാത്ത പല ഘടകങ്ങളെയും നാം കാണാതിരിക്കുകയോ പരിഗണിക്കാതെ വിട്ടു കളയുകയോ ചെയ്യുന്നത്. അത്തരത്തില്‍ ചിന്തിക്കുമ്പോഴാണ് ക്രിസ്ത്യാനിപോലും ഒഴിവാക്കപ്പെട്ട സമകാല ഹിന്ദു മുസ്ലീം വംശീയവെറികളുടെ രാഷ്ട്രീയം മാത്രം ചിന്തയിലും മാധ്യമങ്ങളിലും ആധിപത്യം ചെലുത്തുന്നിടത്ത് മറ്റ് മതമൗലികവാദങ്ങളും പ്രസക്തമാകുന്നത്. ചെറുതെങ്കിലും അവയും നമ്മുടെ രാഷ്ട്രീയാവസ്ഥകളില്‍ ചെലുത്താന്‍ പോകുന്ന സംഭാവനകള്‍ ചെറുതാവില്ല. അത്തരത്തിലാണ് നാം ഈന്ത്യയിലെ എല്ലാ ചെറുമതമൗലികവാദങ്ങളേയും പരിഗണിക്കേണ്ടത്.

അഹിംസയും ദുഃഖനിവാരണത്തിനുള്ള നിര്‍വ്വാണവും നീതിയുടെ പഞ്ചശീലങ്ങളും അടിസ്ഥാനമാക്കിയിരുന്ന ബുദ്ധമതത്തിന്‍റെ സമകാലപരിവര്‍ത്തനങ്ങള്‍ നാം ശ്രദ്ധിക്കാതെ വിട്ടുകളയുന്ന മതമൗലികതീവ്രവാദങ്ങളുടെ രാഷ്ട്രീയപരിസരമാണ്. തെക്കേ ഏഷ്യയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും സമീപകാലങ്ങളില്‍ ബുദ്ധമതത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ പ്രത്യാഘാതങ്ങള്‍ ഇക്കാര്യം വെളിച്ചത്തു കൊണ്ടു വരുന്നുണ്ട്.

തെക്കു കിഴക്കെ ഏഷ്യയില്‍ ബുദ്ധചിന്തയ്ക്ക് അക്രമചിന്തയിലേയ്ക്കുണ്ടായ വ്യതിയാനം വളരെ മുമ്പെ പ്രകടമായിരുന്നു. തായ് ലന്‍ഡില്‍ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ത്തന്നെ, കമ്മ്യൂണിസ്റ്റുകളെ കൊല്ലുക മൂലം ബുദ്ധമാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് സന്യാസിമാര്‍ പ്രഖ്യാപിച്ചു. 2004ല്‍ തായ് ബുദ്ധിസ്റ്റുകള്‍ തെക്കന്‍ തായ്ലന്‍ഡിലെ മുസ്ലീങ്ങള്‍ക്കെതിരെ കലാപം നടത്തി.

ജനസംഖ്യയില്‍ 89ശതമാനം ബുദ്ധമതക്കാരുള്ള രാജ്യമാണ് മ്യാന്‍മര്‍. ബുദ്ധമതത്തിന്‍റെ ഹീനയാനമാര്‍ഗ്ഗമായ തേരാവാദാ വിഭാഗക്കാരാണ് ഏറെയും. 2003ല്‍ മധ്യ കിഴക്കന്‍ മ്യാന്‍മറില്‍ ബുദ്ധമതതീവ്രവാദികള്‍ മുസ്ലീങ്ങള്‍ക്കെതിരെ കലാപപരമ്പര തന്നെ നടത്തി. അക്രമമാര്‍ഗ്ഗം ഉപേക്ഷിക്കാന്‍ 2017ല്‍ ദലൈലാമ അവരോട് അപേക്ഷിക്കുക കൂടി ചെയ്തതാണ്. യു.എന്‍.പോലും അപലപിച്ചതാണ് രോഹിങ്ക്യകള്‍ക്കു നേരേ അടുത്ത കാലത്ത് ബുദ്ധമതക്കാര്‍ നടത്തിയ അക്രമം.

 

തെക്കേ ഏഷ്യയില്‍ ശ്രീലങ്കയില്‍ ജനസംഖ്യയില്‍ 70.2 ശതമാനവും തേരാവാദാ ബുദ്ധമതക്കാരാണ്. അവിടെ അവര്‍ 1915ല്‍ തന്നെ മുസ്ലീം ഭരണാധികാരികളായ മൂറുകള്‍ക്കെതിരെ കലാപം നടത്തി. മുസ്ലീങ്ങള്‍ക്കെതിരായ മാവാനെല്ല കലാപം, തമിഴര്‍ക്കുനേരേ നടന്ന ബ്ലാക്ക് ജൂലെ എന്ന കലാപം, 2014 മുതല്‍ തുടങ്ങിയ മുസ്ലീം വിരുദ്ധകലാപങ്ങളുടെ തുടര്‍ച്ചയെന്നോണം 2018 ഫെബ്രുവരിയില്‍ നടന്ന കലാപം വരെ ലങ്കയിലെ ബുദ്ധമതതീവ്രവാദഫലമാണ്.

ശ്രീബുദ്ധന്‍റെ ജന്മദേശമായ ഇങ്ങ് ഇന്ത്യയില്‍ ബുദ്ധമതതീവ്രവാദം വലിയ തോതില്‍ പുറംലോകം അറിയുന്നില്ല. അടുത്ത കാലത്ത് ലേയില്‍ നിന്നു വന്ന കമിതാക്കളുടെ അനുഭവകഥ ലഡാക്കില്‍ ബുദ്ധമതക്കാര്‍ എത്രത്തോളം മതതീവ്രവാദം വളര്‍ത്തുന്നുവെന്നതിന് തെളിവാണ്.

ദി കാരവന്‍ ജേര്‍ണലിനുവേണ്ടി കൃതിക വരഗൂര്‍ എഴുതിയ ‘ഓണ്‍ ദ റണ്‍ ‘ എന്ന അനുഭവകഥയുടെ മലയാളം ഇവിടെ വായിക്കാം.

കഴിഞ്ഞ സെപ്റ്റംബറിലെ വേനല്‍ക്കാലാന്ത്യത്തില്‍ ശ്രീനഗറിന് സമീപം മാനസബല്‍ തടാകത്തിനരികെ കൂടി നടക്കുമ്പോഴാണ് സ്റ്റാന്‍സിന്‍ സാല്‍ഡനും മുര്‍ത്താസ ആഘയും അപ്രതീക്ഷിതമായി അവിടെ തങ്ങളുടെ സൂഹൃത്തിന്‍റെ വീട് കണ്ടത്. തങ്ങള്‍ എവിടെയാണെന്ന് അറിയാതിരിക്കാനായി മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ചതിനാല്‍ അവര്‍ക്ക് അയാളെ മുന്‍കൂട്ടി വിവരം അറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എങ്കിലും സാല്‍ഡനും ആഘയും അവിടെ എത്തുകയും സുഹൃത്തിന്‍റെ മാതാപിതാക്കള്‍ക്കൊപ്പം പ്രാതല്‍ കഴിക്കുകയും ചെയ്തു. അവര്‍ പ്രാതല്‍ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ സുഹൃത്ത് പുറത്തേക്കിറങ്ങി ഓടി. അയാള്‍ ഓടി അയല്‍വീടുകളിലെയെല്ലാം ദിനപ്പത്രങ്ങളും ശേഖരിച്ച് വന്നു. അതിഥികളായ കൂട്ടുകാര്‍ക്ക് വായിക്കാനായിരുന്നില്ല. മറിച്ച് അയല്‍ക്കാര്‍ പത്രത്തിന്‍റെ ഒന്നാം പേജിലുള്ള  വിരുന്നുകാരായ കൂട്ടുകാരുടെ പടം കാണാതിരിക്കാനായിരുന്നു. ആ ദിവസങ്ങളില്‍ സാല്‍ഡനും ആഘയുമായിരുന്നു പത്രങ്ങളിലെ ബ്രേക്കിംഗ് ന്യൂസ്.

വീട്ടുകാരന്‍ അതിഥികളെ ഒരാഴ്ച ഒളിവില്‍ താമസിപ്പിച്ചു. വീട് വിട്ടു പോകുമ്പോള്‍ മാത്രമാണ് സാല്‍ഡനും ആഘയും കൂട്ടുകാരന്‍റെ കുടുംബത്തോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. തങ്ങള്‍ വിനോദയാത്രയ്ക്കു വന്നതല്ലെന്നും, തങ്ങളെ വേര്‍പെടുത്താന്‍ ശ്രമിക്കുന്ന ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷനില്‍ നിന്നും രക്ഷപെട്ട് ഓടി വന്നതാണെന്നും, രണ്ടാഴ്ച കഴിഞ്ഞ് തങ്ങള്‍ വിവാഹിതരാകുമെന്നും അവര്‍ വെളിപ്പെടുത്തുകയായിരുന്നു.

സാല്‍ഡന്‍ ലേയിലെ ഒരു ബുദ്ധമതകുടുംബാംഗമാണ്. ആഘ കാര്‍ഗിലില്‍ നിന്നുള്ള ഒരു ബാള്‍ട്ടി മുസ്ലീമും. സ്വാഭാവികമായും ഇവരുടെ ബന്ധത്തില്‍ ലൗ ജിഹാദിന്‍റെ മുഖമാണ് സമൂഹം കണ്ടത്.

2010ല്‍ ഒരു ട്രക്കില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ലഡാക്കി ഭാഷയില്‍ പാലം എന്നര്‍ത്ഥം വരുന്ന ര്‍സാംബ എന്ന പേരില്‍ യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രം നടത്തുന്ന സംഘടന രൂപീകരിച്ചു. സംഭവബഹുലമായ അവരുടെ വിവാഹം ലഡാക്കില്‍ വിവേകമില്ലാത്ത മതവൈരമുണ്ടാക്കി. മറ്റെല്ലാ മിശ്രവിവാഹങ്ങളെയും പോലെ അവരുടെ വിവാഹവും വാര്‍ത്തയായി. ജനസംഖ്യയില്‍ 46 ശതമാനം വരുന്ന മുസ്ലീങ്ങളും 40 ശതമാനം വരുന്ന ബുദ്ധമതക്കാരും ഇരുവിഭാഗമായി തിരിഞ്ഞു. പക്ഷെ അവരുടെ കഥ ശുഭപര്യവസാനിയാവുകയായിരുന്നു.

ഒരാഴ്ചയ്ക്കു ശേഷം സാല്‍ഡനും ആഘയും കൂട്ടുകാരന്‍റെ വീട്ടില്‍നിന്നും എവിടേക്കെന്നില്ലാതെ പുറപ്പെട്ടു. അപ്രതീക്ഷിതമായി ഞെട്ടിച്ചുകൊണ്ട് പല കൂട്ടുകാരുടെയും വീടുകളില്‍ എത്തി താമസിച്ചു. ഒരു രാത്രി ദാല്‍ തടാകത്തിനെ ചുറ്റി നടന്നു. സെപ്റ്റംബര്‍ 21ന് അവര്‍ യാത്ര അവസാനിപ്പിച്ചു. കാര്‍ഗിലിലെ ഒരു ഹോട്ടലില്‍ കൂട്ടുകാര്‍ സംഘടിപ്പിച്ച അവരുടെ വിവാഹാഘോഷത്തില്‍ അവര്‍ പ്രത്യേകക്ഷണിതാക്കളായി പങ്കെടുത്തു. മുസ്ലീങ്ങളും ബുദ്ധമതക്കാരും ഒന്നുപോലെ ധരിക്കാറുള്ള ലഡാക്കിലെ പാരമ്പര്യവസ്ത്രമായ ഗോഞ്ച അണിഞ്ഞാണ് സാല്‍ഡന്‍ എത്തിയത്. അതവള്‍ രണ്ടു വര്‍ഷം മുമ്പ് കാര്‍ഗിലില്‍ നിന്ന് വാങ്ങിയതായിരുന്നു. കൂട്ടുകാര്‍ വധൂവരന്മാര്‍ക്ക് നോട്ടുമാല അണിയിച്ചു. തീരുമാനപ്രകാരം 40 സുഹൃത്തുക്കള്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങില്‍ നൂറു കണക്കിന് കൂട്ടുകാരും അഭ്യുദയകാംക്ഷികളുമെത്തി. ചടങ്ങിന് ശേഷം അവര്‍ ഹിമാലയന്‍ അടിവാരത്തില്‍ ദ്രാസിലുള്ള ആഘയുടെ വീട്ടിലേക്ക് പോയി. അവിടെ റൊട്ടിയും ആട്ടിറച്ചിയുമൊക്കെയായി വലിയ വിരുന്ന് നടന്നു. അത് ഞങ്ങളുടെ മധുവിധുപോലെയായിരുന്നു. മാര്‍ച്ചില്‍ ജമ്മുവിലെ തെരുവുകളില്‍ ലൈം സോഡ കഴിച്ച് ജീവിച്ചതോര്‍ത്തുകൊണ്ട് സാല്‍ഡന്‍ പറഞ്ഞു. 2011 വരെ ഇടയ്ക്കിടെ ഒന്നിച്ചും ചിലപ്പോള്‍ വേര്‍പിരിഞ്ഞും അവര്‍ അവിടെ ജീവിച്ചു.

ഞാനാണ് വിവാഹനിര്‍ദ്ദേശം വെച്ചത്. – സാല്‍ഡന്‍ പറഞ്ഞു.

ഞങ്ങള്‍ ഹിമാചലിലായിരുന്നപ്പോഴാണ് അവള്‍ ഈ യാഥാര്‍ത്ഥ്യത്തിലേക്കെത്തിയത്. – ആഘാ പറയാന്‍ തുടങ്ങി.

അല്ല, അവിടെയല്ല – സാല്‍ഡന്‍ ഇടയ്ക്ക് ഇടപെട്ടു. 2015ല്‍ ഡല്‍ഹിയില്‍ ഒരു കാറപകടത്തില്‍ പെട്ടപ്പോള്‍ എനിക്ക് കാണണമെന്ന് തോന്നിയ ഒരേ ഒരാള്‍ ആഘയാണ്. ലേയിലെ മിടുക്കനായ ഒരു ബുദ്ധമതക്കാരനില്‍ നിന്നും കല്യാണാലോചന വന്ന സമയമായിരുന്നു. അത് പരിഗണനയിലുമായിരുന്നു. പക്ഷെ വലിയൊരു നാടകം നടക്കുകയായിരുന്നു. ഞാന്‍ എന്‍റെ അക്കാലത്തെ ആണ്‍സുഹൃത്തായ ആഘയെ വിവാഹം ചെയ്യാന്‍ കൊതിച്ചു. അവനോട് പറയാനായി ആശുപത്രിയില്‍ നിന്നും ഞാന്‍ നേരേ ജമ്മുവിലേക്ക് പോയി.

ഞാനാകെ സ്തംഭിച്ചുപോയി  – എന്നാണ് അതേപ്പറ്റി ആഘയുടെ അഭിപ്രായം.

2016 ജൂലൈയിലാണ് കാര്‍ഗിലില്‍ ഇരുവരും രഹസ്യമായി കല്യാണം കഴിച്ചത്. സാല്‍ഡനെ വിവാഹം കഴിച്ചുകൊണ്ടു വന്നതില്‍ ആഘയുടെ കുടുംബം അവനെ മനസ്സില്ലാ മനസ്സോടെയാണ് സ്വീകരിച്ചത്. അവളുടെ കുടുംബക്കാര്‍ ഉഗ്രകോപത്തിലുമായിരുന്നു. ശിശിരത്തില്‍ ലേയിലേക്ക് പോകുന്നതുവരെയും ആഘയുടെ വീട്ടുകാര്‍ സാല്‍ഡനെ തിരികെ വീട്ടിലേക്ക് പോകാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. തിരികെ ജമ്മുവിലേക്കെത്തും വരെ ആത്മനിയന്ത്രണത്തോടെ അവള്‍ ജീവിച്ചു.

സാല്‍ഡന്‍റെയും ആഘയുടെയും കല്യാണത്തെച്ചൊല്ലി ശീതകാലാവസാനം ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ ലേ മാര്‍ക്കറ്റില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. മുസ്ലീങ്ങളും ബുദ്ധരും തെരുവില്‍ ഏറ്റുമുട്ടി. സാല്‍ഡന്‍റെയും ആഘയുടെയും കല്യാണച്ചടങ്ങില്‍ പങ്കെടുത്ത  ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബാ മുഫതിയ്ക്ക് 2017 സെപ്റ്റംബറില്‍ ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ പരാതി നല്കി ആഘ സാല്‍ഡനെ പ്രലോഭിപ്പിച്ച് കുടുക്കുകയായിരുന്നു എന്നായിരുന്നു അവരുടെ പരാതി.

ഇതിനിടെ ഇവരുടെ വിവാഹത്തെ ലൗ ജിഹാദായി ഹിന്ദു ദേശീയവാദികള്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍ ലൗ ജിഹാദ് ഇന്ത്യ മുഴുവന്‍ വ്യാപിച്ചിട്ടുള്ള സങ്കല്പമാണല്ലോ. ലഡാക്കില്‍ ബി.ജെ.പി. ഗവണ്മെന്‍റായതിനാല്‍ പ്രത്യേകിച്ചും. ബി.ജെ.പി. ഭരണകാലത്തായതിനാല്‍ ഇത്തരമൊരു പ്രശ്നത്തില്‍ കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമെടുത്തവരാണ് ഞങ്ങള്‍ എന്നാണ് അതേപ്പറ്റി ആഘ പറഞ്ഞത്.

ഇനി മറ്റൊരു വേര്‍പാട് ആലോചിക്കാന്‍ പറ്റാത്തതിനാല്‍ ഇരുവരും ഓടിപ്പോകാന്‍ തീരുമാനിച്ചു. ഒരാഴ്ച യാത്രയ്ക്കു ശേഷം ശ്രീനഗറിലെ ഹോട്ടല്‍ റൂമിലിരുന്ന് സാല്‍ഡന്‍ തന്‍റെ ശക്തമായ അഭിപ്രായം എഴുതി സുഹൃത്ത് വഴി ഇന്ത്യന്‍ എക്സ്പ്രസിലെത്തിച്ചു.    

എനിക്ക് ഉടന്‍തന്നെ 30 വയസ്സു തികയും. ഞാന്‍ വിദ്യാസമ്പന്നയും സ്വതന്ത്രയുമായ ഒരു സ്ത്രീയാണ്. സ്വതന്ത്രതീരുമാനപ്രകാരം എന്തും തിരഞ്ഞെടുക്കാനുള്ള അവകാശം എനിക്കുണ്ട്.  അത് പൗരന് രാജ്യഭരണഘടന നല്കേണ്ടതാണ്. ഞാന്‍ സെയ്ദ് മുര്‍ത്താസ ആഘയെ വിവാഹം ചെയ്തു. എന്തുകൊണ്ടെന്നാല്‍ ഞാന്‍ അവനെ സ്നേഹിക്കുന്നു. അതിന് മറ്റൊരു കാരണവുമില്ല. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതിനു ശേഷമെഴുതിയ കുറിപ്പായതിനാല്‍ അതിന്‍റെ തലക്കെട്ട് ‘ഞാന്‍ സാല്‍ഡന്‍, ഞാന്‍ ഷിഫാ’ എന്നായിരുന്നു.

സാല്‍ഡന്‍റെ പ്രതിരോധത്തോടെ എല്‍.ബി.എയുടെ എതിര്‍പ്പിന്‍റെ ശക്തി കുറഞ്ഞു. ഞാന്‍ ആറു വര്‍ഷമായി ഇസ്ലാമിനെ പഠിക്കുകയായിരുന്നുവെന്ന് പറയുന്ന സാല്‍ഡന്‍ ഇടുങ്ങിയ ചിന്താഗതിക്കാരായ ബുദ്ധിസ്റ്റ് സമൂഹത്തോട് സുഖകരമായി ചേര്‍ന്ന് പോകാനാവില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. ബുദ്ധന്‍ ജാതിക്കെതിരായിരുന്നിട്ടും ലഡാക്കുകാരായ ബുദ്ധിസ്റ്റുകളില്‍ ജാതിചിന്ത ആധിപത്യം നേടിയിരിക്കുകയാണ്.

ഇരുവരുടെയും വീടുകള്‍ വിട്ട അവരിപ്പോള്‍ ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുവിലാണ് താമസം. ആഘ സര്‍ക്കാര്‍ ഇലക്ഠ്രിക്കല്‍ എഞ്ചിനീയറായും സാല്‍ഡന്‍ സ്വകാര്യസ്കൂളിലും ജോലി ചെയ്യുന്നു. ഇരുവരും ബഹുമുഖപ്രതിഭകളാണ്. ഇരുവരും തമ്മില്‍ ആറോളം ഭാഷകള്‍ സംസാരിക്കും. സാല്‍ഡന്‍ ഡാന്‍സറും പാട്ടുകാരിയുമാണ്. അവളിപ്പോള്‍ ആഘയെയും ഡാന്‍സ് പഠിപ്പിക്കുന്നു.

ഞങ്ങള്‍ നഗരത്തിലേക്ക് പോയി മടങ്ങുമ്പോള്‍ വണ്ടിയില്‍ ഇരുന്ന് ആഘ അവളോട് ഒരു ഗസല്‍ പാടാന്‍ പറഞ്ഞു. ദയാവായി ഒരെണ്ണം എന്ന് പറഞ്ഞപ്പോള്‍ അവള്‍ പതിയെ പാടാന്‍ തുടങ്ങി.

ഹോഷ്വാലന്‍ കോ ഖബര്‍ ക്യാ…..

(അറിവുള്ള മനുഷ്യര്‍ക്ക് പ്രേമത്തെപ്പറ്റി എന്തറിയാം?)

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  അവയവ കച്ചവട മാഫിയയുടെ ഇരയാകുന്ന അഭയാർത്ഥികൾ