Monday, January 17

ബുനുവൽ ചിത്രവും പ്രളയകാലവും മനുഷ്യനെ വേട്ടയാടുമ്പോൾ ; സഫിയ പ്രകാശ് എഴുതുന്നു

സഫിയ പ്രകാശ്

പ്രളയശേഷമുള്ള കേരളത്തിൽ അവിടവിടെയായി അനാഥമായി കുന്നുകൂടിക്കിടക്കുന്ന അവശേഷിപ്പുകൾ കാണുമ്പോൾ ലൂയി ബുനുവൽ എന്ന ലോകസിനിമയുടെ ആചാര്യന്റെ ചലനകലയുടെ ചില ദൃശ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പ്രളയത്തിലൊഴുകിയെത്തിയ ഇലക്രോണിക് മാലിന്യങ്ങളുടെ കിടപ്പുകാണുമ്പോൾ തികച്ചും സർറിയലിസ്റ്റിക്കായ ബുനുവൽ ദൃശ്യങ്ങളിലേക്ക് കടന്നുചെല്ലാൻ കാരണവുമുണ്ടായിരുന്നു. ജൂലായ് 29 നു ലൂയി ബുനുവൽ എന്ന മഹാ പ്രതിഭ മരിച്ചിട്ടു 35 വർഷങ്ങൾ പൂർത്തിയായ ദിനമായിരുന്നു. അതറിയാതെത്തന്നെ അദ്ദേഹത്തിന്റെ ‘ആൻ അണ്ടലൂഷ്യൻ ഡോഗ്’  എന്നചിത്രം യാദൃശ്ചികമായി കാണേണ്ടിവരുകയും ചെയ്തു. അതിൽ ഒരു സ്ത്രീയുടെ കണ്ണ്  പിളർക്കുന്ന മനുഷ്യന്റെ വിരലുകളുടെ ചലനങ്ങളുടെ താളമാണ് ഏറെനേരം അസ്വസ്ഥമാക്കിയത്. അത് മുൻ സന്ദർഭങ്ങളിൽ അനുഭവപ്പെടാത്ത ഒരു ദൃശ്യാനുഭവമായിരുന്നു. അത് കൂടുതൽ വേട്ടയാടിയത് ഒഴുകിവന്ന ടി വി യുടെ ഒരു മോണിറ്ററിൽ കാണപ്പെട്ട വലിയ വിള്ളലായിരുന്നു. ഭൂമിയിലങ്ങിങ്ങായി വിള്ളലുകൾ വീഴ്ത്തി കടന്നുപോയ ഒരു ദുരന്തത്തിനായിരുന്നു നാം സാക്ഷിയായത്.

‘അമ്മയുടെ ജീവിതത്തിന്റെ അവസാനത്തെ പത്തുവര്ഷങ്ങള് ക്രമേണ ഓര്മ നഷ്ടപ്പെട്ടു പോയിരുന്നു. അമ്മ എന്റെ സഹോദരങ്ങളോടൊപ്പം സരഗോസ്സയിൽ താമസിച്ചിരുന്നപ്പോൾ ഞാൻ അവരെ കാണാൻ പോയിരുന്നു. അവർ മാഗസിനുകളുടെ പേജുകൾ ശ്രദ്ധിച്ച്, ഓരോന്നായി പതിയെ അവസാനതാൾവരെ മറിച്ചുനോക്കുന്നത് നോക്കിനിന്നുപോയി, അവർ നോക്കി തീരുമ്പോൾ ഞാൻ മാസിക എടുക്കും. നോക്കിയിട്ടു അവർക്ക് വീണ്ടും കൊടുത്തു. വീണ്ടും സാവധാനം താളുകൾ ഓരോന്നായി മറിച്ചുകൊണ്ടിരുന്നു.’

 

സർറിയലിസ്റ്റ് ക്ലാസിക് സിനിമകളുടെ ലോകത്തേക്ക് ലൂയി ബുനുവേലിന്റെ ‘എന്റെ അവസാനശ്വാസം’ എന്ന ആത്മകഥയുടെ തുടക്കമാണ് മുകളിൽ എഴുതിയത്. അദ്ദേഹത്തിന്റെ ആത്മകഥയിൽ വായനക്കാരനെ കുടുക്കിയിടുന്ന ഒരു കൊളുത്തുണ്ട്. അത് സിനിമകളിലും ഉണ്ട്. അദ്ദേഹം സിനിമകൾക്കുള്ളിലേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോകുമ്പോൾ നിരവധി ഇമേജുകളിലൂടെ മായാത്ത മുദ്രകൾ ഉടനീളം പതിപ്പിക്കുകയാണ്.

സ്‌പെയിനിലെ മറ്റു സറിയലിസ്റ്റ് സംവിധായകരുടെ അനേകം ചിത്രങ്ങളിൽ നിന്ന് വിഭിന്നമായി ബുനുവേൽ ചിത്രങ്ങൾ ശൈലീവൽക്കരിക്കപ്പെട്ട ദൃശ്യങ്ങളാൽ സമ്പന്നമാക്കപ്പെട്ടിരിക്കുകയാണ്. സന്നിഗ്ധഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ സിനിമകളിൽ അടിയന്തിരവും ഞെട്ടിക്കുന്നതും യുക്തിപരമല്ലാത്ത ചിന്തകളെ സംബന്ധിച്ച സംശയങ്ങളും ഉണ്ട് – , ബുനുവൽ യാഥാസ്ഥിതിക ചിത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ സിനിമകളിൽപോലും യാഥാർഥ്യത്തെ അമ്പരപ്പിക്കുന്നആഴമേറിയതുമായ ചിന്തകൾ നിറഞ്ഞവയായിരുന്നു. അത് നേർരേഖയിലൂടെ വിശകലനം ചെയ്യാൻ കഴിയാത്തവയുമാണ്. ആൻ ആൻഡലൂഷ്യൻ ഡോഗ്. ഇതിൽ   മനുഷ്യൻ്റെ ലൈംഗികആവശ്യകതയെയും അതിൻ്റെ സങ്കീർണ്ണതയെയും അനിയന്ത്രിതമായ ഇമേജറിയിലൂടെ പര്യവേക്ഷണം ചെയ്യുകയാണ്. മനുഷ്യന്റെ അസ്തിത്വപ്രശ്നങ്ങളോടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ തന്റെ സാമൂഹികമോ മതപരമോ ആയ പരിഹാരങ്ങളെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നു.

പ്രളയശേഷമുള്ള വായനയുടെയും എഴുത്തിന്റെയും ദിശ എങ്ങോട്ടാണെന്ന് നിരീക്ഷിക്കാൻ കാത്തിരുന്ന നിമിഷങ്ങളിലാണ് ബുനുവൽ കാണേണ്ടിവന്നത്. യുക്തിപരമല്ലാത്തതും എന്നാൽ സമ്പന്നമായതുമായ ചില ദൃശ്യങ്ങളിലൂടെ അദ്ദേഹം കാണിച്ചുതരാൻ ശ്രമിക്കുന്നത് മനുഷ്യന്റെ അന്യഥാത്വത്തിന്റെയോ വേർപെടലിന്റെയോ ഒക്കെ രാഷ്ട്രീയമാണ്. ഇതുതന്നെയാണ് പ്രളയശേഷമുള്ള ദൃശ്യങ്ങളിലൂടെ നാം കാണാൻ ശ്രമിക്കുന്നതും. ഒരിക്കലും മടങ്ങിവരാത്ത 483 പേരെ സംരക്ഷിച്ചിരുന്ന ചുവരുകൾ, അല്ലെങ്കിൽ ഒപ്പമുള്ള മനുഷ്യർ അവരുടെ ഉള്ളിൽ തെളിയുന്ന പ്രളയശേഷിപ്പിന്റെ ദൃശ്യങ്ങൾ ഇതാണ് എന്നെയും നിങ്ങളെയും എന്നും ഒരു വേദനയായി വേട്ടയാടിക്കൊണ്ടിരിക്കുന്നത്. വീടുകളിൽ ചിലതു ഭൂമിയോടു ചേർന്നിട്ടുണ്ടാകാം എന്നാൽ അവശേഷിച്ച മനുഷ്യർ നമുക്കൊപ്പമുണ്ട്. ഇപ്പോൾ കൈകോർത്തുനിൽക്കുന്ന എത്ര പേർക്ക് ഇവരുടെ ദൈനംദിനപ്രതിസന്ധികൾ അന്വേഷിക്കാനാകും. തവണകളായും ചിട്ടികളായുമൊക്കെ ഇരിപ്പിടങ്ങളും തീന്മേശകളുമൊക്കെ മറ്റ് അലങ്കാരവസ്തുക്കളുമൊക്കെ പതിയെപ്പതിയെ വീടുകളിലേക്ക് നിറഞ്ഞു, കൃത്രിമമായി സൃഷ്ടിച്ചെടുത്ത സമൃദ്ധിയിലേക്കു കാലെടുത്തുവെച്ചപ്പോഴാണ് പലരെയും ഈ ദുരന്തം തകർത്തെറിഞ്ഞത്. അവരുടെ നിലവിളിയുടെ വീഡിയോ ദൃശ്യങ്ങൾ എത്ര കാലം നാം പേറണം എന്നതാണ് ഇന്ന് മലയാളി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മറക്കാൻ അറിയുന്നവർ, അല്ലെങ്കിൽ ഇതേക്കുറിച്ചു ഒരിക്കലും ചിന്തിക്കാത്തവർ- സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു. ചിലർ അവരെ അവസരവാദികളുടെ തുരുത്തിലെത്തപ്പെട്ടവർ എന്നും വിളിക്കും. എന്നാൽ ബുനുവലിന്റെയും സാൽവദോർ ഡാലിയുടെയും ചിത്രങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്ക് ഒരിക്കലും ഇത് കാണാതിരിക്കാനാവില്ല. ചിന്തിക്കാതിരിക്കാനാവില്ല.

Read Also  നദികളെയും കുന്നുകളെയും കണ്ടലുകളെയും എന്തിനു നാമോർക്കണം: സഫിയ പ്രകാശ് എഴുതുന്നു

ചില പ്രത്യേകചലനങ്ങളിലൂടെ ചിത്രകലയിലെ സ്റ്റാറ്റിക് സ്വപ്നദൃശ്യങ്ങളിലൂടെ കലയുടെ പഴയ വിശ്വാസങ്ങളും ആചാരങ്ങളും തകർത്തെറിഞ്ഞവരായിരുന്നു ബുനുവലും ദാലിയും ലോർകയുമൊക്കെ. ഒരിക്കലും റിയലിസ്റ്റിക് ലോകത്തേക്ക് കടന്നുവരാത്ത ആന്തലൂഷ്യൻ ഡോഗ് ആണ് ഇനി നാം കാണാനിരിക്കുന്ന നേർക്കാഴ്ചകൾ. നിരാശ ബാധിച്ചു നൈറ്റി അണിഞ്ഞു നിലവിളിക്കുന്നവരുടെ ദൃശ്യങ്ങൾ അത് ജീവിതകാലത്തെ മുഴുവൻ വേട്ടയാടും. നിശബ്ദമാക്കപ്പെട്ട അവരുടെ ഇമവെട്ടാത്ത കണ്ണുകൾ അതാണ് നമ്മെ പിന്തുടരാനിരിക്കുന്നത്. അത് ബുനുവലും ദാലിയും ലൊർകയും ചേർന്ന് വെട്ടിയെറിയുന്ന കൈപ്പത്തിപോലെ, അതിനെ സല്യൂട്ട് ചെയ്യുന്ന പോലീസുകാരനെപ്പോലെ നമ്മളും സമനില നഷ്ടപ്പെടുന്ന ലോകത്തേക്ക് സഞ്ചരിക്കും. എന്നും ആനന്ദിപ്പിക്കുന്ന ദൃശ്യങ്ങളെ മാത്രം പ്രതീക്ഷിക്കുന്ന മനുഷ്യനേറ്റ പ്രഹരമാണ് ഈ ചിത്രവും അതുപോലെ കാലാവസ്ഥാദുരന്തവും

ഈ സർറിയലിസ്ടിക് സിനിമയിൽ നിരന്തരമായ അന്വേഷണം ഉണ്ടെങ്കിൽ, അത് വയലന്സിന്റെയും ഭീതിയുടേയുമൊക്കെ കാഴ്ചകളാണ്. ചിത്രത്തിലൂടെ മറ്റൊരു വശത്ത് നാം കാണുന്നതു ലൈംഗിക താൽപര്യവും എന്നാൽ ലൈംഗികതയുടെ പരാജയവുമാണ്.  ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സിനിമകളിൽ ഒന്നായിരുന്നു അത്. കത്തിയുടെ മൂർച്ച കൂട്ടി ഒരു സ്ത്രീയുടെ കണ്ണ് നെടുകെ പിളർക്കുന്ന ആ ദൃശ്യം കണ്ടിറങ്ങുമ്പോൾ ടെലിവിഷനിലൂടെ നിലവിളിക്കുന്ന സ്ത്രീയുടെ ദയനീയമായ ദൃശ്യമാണ് വാർത്താവതാരകർ കാട്ടിത്തരുന്നത്. ഒരു കൈയിൽ തുറന്ന മുറിവ് അരിച്ചെടുക്കുന്ന ഉറുമ്പുകൾ, 1859-ലെ ജീൻ ഫ്രാൻകോയി മില്ലറ്റിന്റെ പ്രശസ്തമായ പെയിന്റിങ് ദ് അഞ്ജലിയസ് നെ അനുസ്മരിപ്പിക്കുന്ന അവരുടെ ശരീരത്തിന്റെ ഘടനയുടെയും ശിരസ്സുകളുടെയും സ്ഥാനങ്ങൾ. പ്രളയദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന മലയാളിയുടെ അന്തം കിട്ടാത്ത മനോഘടന, അതുതന്നെയാണ് ഇനിയും ഏറ്റവും കൂടുതൽ കാലം വേട്ടയാടപ്പെടുന്നത്. ഒന്നര ദശകംമുമ്പുള്ള നാം, നമ്മുടെ  കുനുഷ്ടുബുദ്ധിയിൽ സൃഷ്ടിച്ചെടുത്ത ഗുജറാത്ത് കലാപം, പരോക്ഷമായി നാം ക്ഷണിച്ചുവരുത്തിയ ഈ മനുഷ്യനിർമ്മിതദുരന്തം, ഇനി ‘ചിലർ’ ആവേശത്തോടെ ഏറ്റെടുക്കുന്ന, ഏറ്റവുംകൂടുതൽ തവണ ഉച്ചരിക്കുന്ന നവകേരള ഉത്സവമാഹാമഹം. അതിലൂടെയെല്ലാം നമ്മെ അനിശ്ചിതമായ ഭാവിയിലേക്കുള്ള സർറിയലിസ്ടിക് കാഴ്ചകളിലേക്കാണ് കൂട്ടിക്കൊണ്ടുപോകാൻ കാത്തുനിൽക്കുന്നത്

Spread the love