Sunday, May 31

സി എ എ അനുകൂലറാലിയിൽ പൗരത്വവിരുദ്ധസമര വേദിക്കുനേരെ കല്ലേറിനെത്തുടർന്നു സംഘർഷം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് സമീപമുള്ള മൗജ്പൂരില്‍ സംഘര്‍ഷം. ബിജെപി പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഒരുവിഭാഗം നടത്തിയ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സി എ എ യെ അനുകൂലിക്കുന്നവർ റാലിയുമായി ജാഫറാബാദിൽ പ്രക്ഷോഭം നടക്കുന്ന ഭാഗത്തെത്തിയതോടെ കല്ലേറ് ആരംഭിച്ചു. ഏറെനേരം ഇരുവിഭാഗങ്ങളും പരസ്പരം കല്ലേറ് നടത്തിയതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലീസും അര്‍ധസൈനിക വിഭാഗവും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നാണ് റിപ്പോർട്ട്, ഇരുവിഭാഗവും കല്ലേറ് നടത്തുന്ന ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. സംഘര്‍ഷത്തിനിടെ ഒരു പോലീസ് വാഹനം തകര്‍ത്തു. ഏതാനും പ്രക്ഷോഭകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ദ്രുതകര്‍മ സേനയെ പ്രദേശത്ത് വിന്യസിച്ചു.

ഷഹീൻ ബാഗ്‌ സമരത്തിന്റെ ചുവടുപിടിച്ചു പൗരത്വനിയമ ഭേദഗതിക്കെതിരെ ജാഫറാബാദില്‍ ശനിയാഴ്ച രാത്രിയാണ് പ്രക്ഷോഭം തുടങ്ങിയത്. നിയമഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി 200 ഓളം സ്ത്രീകള്‍ ജാഫറാബാദ് മെട്രോ സ്‌റ്റേഷന് സമീപം രാത്രിയോടെ സമരം തുടങ്ങി. ദേശീയ പതാകകളേന്തി ആസാദി മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ സമരം തുടങ്ങിയത്. കൂടുതല്‍ സ്ത്രീകളും കുട്ടികളും വൈകാതെ പ്രക്ഷോഭത്തില്‍ അണിനിരന്നു. ഇതോടെ ജാഫ്രാബാദ് മെട്രോ സ്‌റ്റേഷന്‍ ഞായറാഴ്ച രാവിലെ താത്കാലികമായി അടച്ചിരുന്നു.

ഉത്തർപ്രദേശിൽ വ്യാപകമായി സി എ എ വിരുദ്ധസമരം നടന്നു., യുപിയിലെ അലിഗഢില്‍ സി എ എ വിരുദ്ധപ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പോലീസിനുനേരെ കല്ലേറ് ഉണ്ടായതിനെത്തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തേണ്ടി വന്നുവെന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാജ്യവ്യാപകമായി സി എ എ വിരുദ്ധസമരത്തിന്റെ ഭാഗമായി പ്രതിഷേധറാലികൾ സംഘടിപ്പിച്ചിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സംയുക്ത പ്രക്ഷോഭത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സർവ്വകക്ഷിയോഗത്തിൽ ധാരണ

Leave a Reply

Your email address will not be published.