Wednesday, January 19

സ്ഥാനാർത്ഥികൾക്ക് സ്വത്തുവിവരങ്ങളില്‍ കള്ളം പറയാം; വിവരങ്ങള്‍ വെളിപ്പെടുത്തില്ല

സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിക്കുന്ന സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലത്തിന്റെ സൂക്ഷ്മപരിശോധനാ ഫലങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി റിപ്പോര്‍ട്ട്. വരുമാന നികുതി വകുപ്പ് നടത്തുന്ന സത്യവാങ്മൂലങ്ങളുടെ സൂക്ഷ്മപരിശോധനാ ഫലങ്ങള്‍ വിവരാവകാശനിയമ പ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമോ എന്ന് 2017 നവംബറിലും ഈ വര്‍ഷം ഏപ്രിലിലും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരാഞ്ഞിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു..
സ്വത്ത് വിവരങ്ങളുടെ സൂക്ഷ്മപരിശോധന ഒരു അന്വേഷണ റിപ്പോര്‍ട്ട് അല്ല എന്നതിനാല്‍ തന്നെ ചില വകുപ്പുകളെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള വിവരാവകാശ നിയമത്തിന്റെ 24-ാം വകുപ്പിന്റെ സംരക്ഷണം ഇത്തരം വിവരങ്ങള്‍ക്ക് ലഭിക്കില്ല എന്ന കാഴ്ചപ്പാടാണ് തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. വോട്ടര്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാമെന്നും തോറ്റ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടയുള്ളവര്‍ക്ക് തിരഞ്ഞെടുത്ത പ്രതിനിധിക്കെതിരെ നിയമനടപടികളുമായി നീങ്ങുന്നതിന് കൂടുതല്‍ ധൈര്യം ലഭിക്കാന്‍ ഇതിടയാക്കുമെന്നും കമ്മീഷന്‍ കരുതുന്നു വ്യാജ സത്യവാങ്മൂലം സമര്‍പ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമത്തിലെ 125എ വകുപ്പ് അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ ആദായനികുതി വകുപ്പിന്റെ 138-ാം വകുപ്പ് പ്രകാരം ഇത്തരം വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നാണ് പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിലപാട്. ഈ ചട്ടപ്രകാരം നികുതിദായകന്‍ നല്‍കുന്ന ഏത് തരത്തിലുള്ള വിവരങ്ങളും പുറത്തുവിടുന്നത് ശിക്ഷാര്‍ഹമാണെന്നാണ് ബോര്‍ഡ് വിശദീകരിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരിക്കുന്ന സ്ഥാവര-ജംഗമ ആസ്തി കണക്കുകള്‍ യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കാന്‍ 2013 ജൂണിലാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഈ തീരുമാനം. എന്നാല്‍ ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെടുന്ന എല്ലാ സത്യവാങ്മൂലങ്ങളും പരിശോധിക്കപ്പെടാറില്ല. പരാതി ഉയരുന്ന കേസുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം മാത്രമാണ് പരിശോധന നടക്കാറുള്ളത്. പരിശോധനയില്‍ ലഭിക്കുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് കൈമാറുകയാണ് ചെയ്യുന്നത്. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ ബന്ധപ്പെട്ട വരുമാനനികുതി ഉദ്യോഗസ്ഥന്‍ ചട്ടങ്ങള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഈ അന്വേഷണ വിവരങ്ങള്‍ വിവരാവകാശ നിയമങ്ങള്‍ പ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരാഞ്ഞത്. സമീപകാലത്ത് ഇത്തരം കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യാജ സത്യവാങ്മൂലങ്ങള്‍ തടയുന്നതിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിലവില്‍ ഏഴ് ലോക്‌സഭ എംപിമാരുടെയും 257 എംഎല്‍എമാരുടെയും സത്യവാങ്മൂലങ്ങളിലെ വിവരങ്ങള്‍ സംബന്ധിച്ച് സൂക്ഷപരിശോധനകള്‍ നടക്കുകയാണെന്ന് സുപ്രീം കോടതിയെ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് അറിയിച്ചിരുന്നു. രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കിടിയില്‍ 26 ലോക്‌സഭ അംഗങ്ങളുടെയും 11 രാജ്യസഭ എംപിമാരുടെയും 257 എംപിമാരുടെയും ആസ്തികളില്‍ ക്രമാതീത വര്‍ദ്ധനയുണ്ടായതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി.

Spread the love
Read Also  പ്രത്യേക അരി വിതരണം ഇലക്ഷൻ കമ്മീഷൻ തടഞ്ഞു

Leave a Reply