വ്യക്തിപരമായ അധിക്ഷേപങ്ങളും നുണപ്രചാരണങ്ങളും ഏറെ കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘കാവൽക്കാരൻ കള്ളനാണ്’ എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് ആക്രമിക്കുമ്പോൾ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ടാണ് ബിജെപി പ്രതിരോധമുയർത്തുന്നത്. ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരെ ഉയർന്നു വരുന്ന എതിർപ്പിനെ രാജ്യസ്നേഹം, രാജ്യസുരക്ഷ എന്നിവപോലെയുള്ള വൈകാരികവാദങ്ങൾക്കൊണ്ട് ബിജെപി നേരിടുന്നുണ്ടെങ്കിലും ‘അഞ്ച് കൊല്ലം കൊണ്ട് നിങ്ങൾ എന്ത് ചെയ്തു’വെന്ന ചോദ്യം ബിജെപി പ്രതിരോധനിരയിൽ വിള്ളലുണ്ടാക്കുന്നു. രാഹുൽ ഗാന്ധിയുടെ പൗരത്വവിവാദത്തിന്മേലുള്ള പൊതുതാല്പര്യ ഹർജി സുപ്രീം കോടതി തള്ളിയതോടെ ബിജെപിക്ക് പുതിയ രാഷ്ട്രീയ ആയുധം തേടേണ്ടി വന്നിരിക്കുകയാണ്.

അനുദിനം വളർന്നു കൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മുഖഛായയ്ക്ക് കളങ്കമേൽപ്പിക്കാൻ പോന്ന ശക്തമായ രാഷ്ട്രീയ ആയുധങ്ങൾ തന്നെ വേണം ബിജെപിക്ക്. കേവലം വൈദേശിക ബന്ധങ്ങൾ മാത്രമാരോപിച്ചാൽ അത് സാധ്യമാവുകയില്ലാത്തതിനാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള രാഷ്ട്രീയ ആരോപണങ്ങളാണ് അവർ പൊടിതട്ടിയെടുക്കുന്നത്. രാഹുലിനെതിരെ ബിജെപി എന്നും പയറ്റുന്ന ഒരു തന്ത്രം രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയപൈതൃകത്തെ ആക്രമിച്ചു ദുർബലപ്പെടുത്തുക എന്നതാണ്. നെഹ്രുവിനെയും രാജീവിനെയും ആക്രമിക്കുന്നതിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നതും ഇത് തന്നെയാണ്.

രാഷ്ട്രീയലക്ഷ്യം നെഹ്‌റുവും രാജീവും

സമാനതകൾ പലതും കാണാൻ കഴിയുന്ന രണ്ട് വ്യക്തിത്വങ്ങളാണ് നെഹ്രുവും രാജീവും. സൗമ്യരായ രണ്ട് പ്രധാനമന്ത്രിമാർ, എന്നാൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രതിപാദിക്കപ്പെടുന്ന രണ്ട് പേരുകാർ. ഇന്നും കോൺഗ്രസ് പ്രവർത്തകരുടെ രാഷ്ട്രീയദൈവങ്ങളുടെ ലിസ്റ്റിലെ രണ്ടും മൂന്നും സ്ഥാനക്കാർ ഇവർ തന്നെയാണ്. ഇവരുടെ രാഷ്ട്രീയപാരമ്പര്യം പേറി നിസാരമായി കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തെത്തിയ രാഹുലിനെ ആക്രമിക്കാൻ ഏറ്റവും മികച്ച മാർഗ്ഗവും ഇവരെ ആക്രമിക്കുക എന്നത് തന്നെ.

നെഹ്‌റുവായിരുന്നു ആദ്യ ലക്ഷ്യം. കാശ്മീർ പ്രശ്നവും 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിലുണ്ടായ തോൽവിയും നെഹ്രുവിന്റെ തീരുമാനങ്ങളിലുണ്ടായ പാളിച്ചകളായും നെഹ്‌റുവിന് പകരം മറ്റാരെങ്കിലുമായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഇന്ന് ഈ പ്രശ്നങ്ങളൊന്നും രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നുവെന്ന് പറഞ്ഞുവെക്കുന്നു. സംഘപരിവാർ ക്യാമ്പുകൾ. ശക്തമായ കേഡർ സംവിധാനം കൈമുതലായുള്ള ആ.എസ്.എസ്. ന് ഈ ചിന്തകൾ തെല്ലും ബുദ്ധിമുട്ടില്ലാതെതന്നെ രാജ്യത്തെ ഏറ്റവും സാധാരണക്കാരിലേക്കുവരെ എത്തിക്കാൻ സാധിക്കും. നെഹ്‌റുവിനെ ഇകഴ്ത്തുമ്പോൾ മറ്റാരെയെങ്കിലും പുകഴ്ത്തി ആ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കേണ്ട ബാധ്യത ഉള്ളതുകൊണ്ടാണ് പട്ടേലിനെ ബിജെപി റാഞ്ചിയെടുക്കുന്നത്.

പൊതുവെ തീവ്രനിലപാടുകളോട് അടുപ്പക്കാരനായ പട്ടേലിൻറെ പ്രസക്തി ഉയർത്തിക്കാട്ടുമ്പോൾ സൗമ്യ നിലപാടുകളോട് ആഭിമുഖ്യം കാണിച്ചിരുന്ന നെഹ്‌റുവിനേക്കാൾ മികച്ച രാഷ്ട്രീയഫലം പട്ടേലിന് രാഷ്ട്രത്തിന് നൽകാൻ കഴിമായിരുന്നില്ലേ എന്നൊരു ചോദ്യം ഓരോ ഇന്ത്യക്കാരനിലും ഉയർത്താൻ അവർക്ക് സാധിക്കുന്നു. പ്രത്യേകിച്ച് രാജ്യസുരക്ഷ,വികസനം, ദാരിദ്രനിർമാർജ്ജനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ. പക്ഷെ ഇങ്ങനെ ഇതരചരിത്രം പടച്ചു വിടുന്ന കേന്ദ്രങ്ങൾ മറച്ചു പിടിക്കുന്ന ചില കാര്യങ്ങളുണ്ട്.

പട്ടേൽ 1950 ഡിസംബർ 15 ന് മരണമടഞ്ഞുവെന്നതും, മരണമടയുന്നതുവരെയും അദ്ദേഹം ഭാരതത്തിൻറെ ആഭ്യന്തരം കയ്യാളുന്ന ഉപപ്രധാനമന്ത്രിയായിരുന്നുവെന്ന വസ്തുത. അതുവരെയുള്ള എല്ലാ തീരുമാനങ്ങളും ഇവർ തമ്മിലുള്ള ആശയസംവാദത്തിന് ശേഷം ഉരുത്തിരിഞ്ഞു വന്നവയാണെന്നുള്ള സത്യം പലപ്പോഴും മറച്ചു വെക്കപ്പെടുന്നു. ഇതുപോലെ നെഹ്‌റുവിനെ ആക്രമിക്കുമ്പോഴും അര നൂറ്റാണ്ടിന് മുൻപുള്ള രാഷ്ട്രീയസമസ്യകളെപ്പറ്റിയുള്ള ആരോപണശരങ്ങൾ നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരൻറെ വർദ്ധിച്ചുവരുന്ന പ്രഭാവലയത്തിലേക്ക് തറച്ചുകയറാൻ ഉതകുന്നതല്ല എന്ന തിരിച്ചറിവാണ് ബിജെപിയെ രാഹുലിൻറെ പിതാവായ രാജീവിനെത്തന്നെ ഉന്നം വെക്കാൻ പ്രേരിപ്പിക്കുന്നത്.

Read Also  ഹിന്ദു പാകിസ്ഥാന്‍ പോലെ വിപ്ലവഹിന്ദു കേരളവും സാധ്യമാണ്

ആധുനിക ഇന്ത്യയുടെ ശില്പിയെന്നും ഇന്ത്യയിലെ കമ്പ്യൂട്ടർ വിപ്ലവത്തിലൂടെ രാജ്യത്തിന് പുതിയ ദിശാബോധം നൽകിയ നേതാവെന്നും കോൺഗ്രെസ്സുകാർ വാഴ്ത്തുന്ന രാജീവ് ഗാന്ധി. അപ്രതീക്ഷീതമായുണ്ടായ സഹോദരൻറെ വിയോഗം ചാർത്തിത്തന്ന രാഷ്ട്രീയവേഷവും, അമ്മയുടെ രക്തസാക്ഷിത്വം കല്പിച്ചു തന്ന പ്രധാനമന്ത്രി സ്ഥാനവും ഏറ്റുവാങ്ങി കോൺഗ്രസ് തലപ്പത്തെത്തിയ രാജീവ് ഗാന്ധി. വിമർശനങ്ങളും അഴിമതിയാരോപണങ്ങളും

ഏറെയുണ്ടായിട്ടുണ്ടെങ്കിലും ശ്രീപെരുമ്പത്തൂരിൽ തമിഴ്പുലികളുടെ ആക്രമണത്തിൽ ചിതറിത്തെറിച്ച അദ്ദേഹത്തെ മൃദുലഹൃദയത്തിനുടമയായ നേതാവായി ഇന്നും കോൺഗ്രസ് പ്രവർത്തകർ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഇത്തരത്തിൽ കോൺഗ്രസ് സൂക്ഷിക്കുന്ന രാജീവ് ഗാന്ധിയുടെ ചിത്രത്തിലേക്ക് ചെളി വാരിയെറിയുകയെന്ന ദൗത്യം ബിജെപി കൃത്യമായി നടപ്പാക്കുന്നു. സിഖ് വിരുദ്ധ കലാപത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ‘വൻമരപരാമർശം’ പതിറ്റാണ്ടുകൾക്ക് ശേഷവും സിഖ് സമൂഹത്തിൻറെ മനസ്സിൽ അരക്ഷിതാവസ്ഥയുടെ കനലെരിയിക്കാൻ പോന്നതാണ്. ബോഫേഴ്സ് അഴിമതി ഇന്നും ബിജെപി സമയാസമയം പുറത്തെടുക്കുന്ന രാഷ്ട്രീയ ആയുധമാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ ആരോപണനങ്ങൾക്കൊപ്പം സംഘപരിവാർ കൃത്യമായി ഉയർത്തികാട്ടുന്ന രാജീവിന്റെ ഒരു മഹാപരാധമാണ് ഇറ്റാലിയൻ വംശജയുമായുള്ള വിവാഹം. 1968ൽ രാജീവ് സോണിയയെ വിവാഹം ചെയ്യുമ്പോൾ ഇന്ദിരയുടെ രാഷ്ട്രീയപാരമ്പര്യം പേറാനുള്ള യുവരാജാവായി രാജീവ് വാഴിക്കപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല സഹോദരൻ സഞ്ജയ്‌ക്കായിരുന്നു അമ്മയുടെ അതെ കാർക്കശ്യരാഷ്ട്രീയം പകർന്ന് കിട്ടിയിരുന്നത്. ഒരു പക്ഷെ ഇന്ദിരയുടെ രാഷ്ട്രീയപിൻഗാമിയായി അവരോഹിക്കപെടുന്നതിന് ശേഷമായിരുന്നെങ്കിൽ ആ വിവാഹംതന്നെ നടക്കുമായിരുന്നില്ല. രാജ്യസ്നേഹത്തിന്റെയും സുരക്ഷയുടെയും മൊത്തവിതരണകച്ചവടത്തിന്റെ കരാറേറ്റെടുത്ത ബിജെപി കേന്ദ്രങ്ങൾ ആവർത്തിച്ചാവർത്തിച്ചു രാജീവിന്റെ ഈ വിദേശബന്ധത്തെ ആക്രമിക്കുകയാണ്.

ഏറ്റവും ഒടുവിലായി ഉയർന്ന് വന്നിരിക്കുന്ന വിവാദവും രാജീവ് ഗാന്ധിയുടെ വിദേശവിവാഹത്തിന്റെ ബാക്കിപത്രമായി ചേർത്ത് വായിക്കാവുന്നതാണ്. പ്രധാനമന്ത്രി മോദി തന്നെ ഈ ആരോപണാക്രമങ്ങളുടെ മുൻനിരയിൽ അണിനിരക്കുമ്പോൾ ‘ പല കള്ളങ്ങളും പരമാർത്ഥമാവുകയും രാജീവ് ഗാന്ധി പ്രതിക്കൂട്ടിലാക്കപ്പെടുകയും ചെയ്യപ്പെടുന്നു’. എന്നാൽ ഈ വാദങ്ങളെയെല്ലാം ഖണ്ഡിച്ചു കൊണ്ട് ഉയർന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥൻ തന്നെ രംഗത്ത് വരുമ്പോൾ പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും ആരോപണങ്ങൾക്ക് ചാട്ടുളിയുടേത് പോയിട്ട് പുൽക്കൊടിയുടെ പോലും മൂർച്ചയുണ്ടാവുന്നില്ല. എന്നിരുന്നാലും നുണകളെ വേണ്ടവിധം വിശ്വസനീയമായ വാട്ട്സ്ആപ്പ് മെസ്സേജുകളായും ഫേസ്ബുക്ക് പോസ്റ്റുകളായും ലക്ഷക്കണക്കിന് ഭാരതീയരിലേക്ക് എത്തിക്കാൻ ബിജെപിക്ക് നിസാരമായി സാധിക്കും. ബിജെപിയുടെ കോൺഗ്രസ് വിരോധം ഇന്നുമിന്നലെയും തുടങ്ങിയതല്ല. പക്ഷെ ഈ അഞ്ച് വർഷക്കാലയളവിലാണ് അത് ഇത്ര കണ്ട് ശക്തി പ്രാപിക്കുന്നതും അസത്യങ്ങളിൽ അസ്തിത്വപ്പെടുന്നതും. അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിലെ മുൻനിരപോരാളികളുടെ രാഷ്ട്രീയപിൻഗാമികളുടെ രാഷ്ട്രീയടിത്തറ നിലകൊള്ളുന്നത് സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും വെണ്ണക്കൽ സ്തൂപങ്ങളിലല്ല മറിച്ചു വർഗീയതയും വിദ്വേഷചിന്താഗതിയും രമിക്കുന്ന ചതുപ്പുമെത്തയിലാണ്.

തൊട്ടാൽ പൊള്ളുന്ന ഭീകരസത്വം

ബിജെപിയുയർത്തുന്ന ഈ ആരോപണശരങ്ങൾ മോദിയുഗത്തിൽ അധികമൊന്നും ലക്ഷ്യം വെക്കാത്ത മറ്റൊരു വ്യക്തിത്വമുണ്ട് നെഹ്‌റു-ഗാന്ധി കുടുംബത്തിൽ. ഇപ്പോഴത്തെ കോൺഗ്രസ് അധ്യക്ഷന്റെ മുത്തശ്ശിയായ ഇന്ദിര ഗാന്ധി. ഇന്ദിരയുടെ അടിയന്തരാവസ്ഥക്കാലത്തെ ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരെ പോരാടി ഭരണത്തിലെത്തിയ ജനത പാർട്ടിയുടെ പിന്മുറക്കാർ സ്വാഭാവികമായും ആക്രമിക്കേണ്ട കോൺഗ്രസിലെ കുടുംബവാഴ്ചയുടെ ഏടാണ് ഇന്ദിരയുടെ ഭരണകാലം. തീർച്ചയായും ഏകാധിപതി എന്ന് വിളിക്കാവുന്ന അടിയന്താവസ്ഥ കാലഘട്ടത്തിലെ ഇന്ദിരയെ അവർ ആക്രമിക്കുന്നത് വളരെ വിരളമായിട്ട് മാത്രമാണ്.

Read Also  മോദിയുടെ വാക്ക് കേട്ട് സബ്‌സിഡി സിലിണ്ടർ ഉപേക്ഷിച്ചവരുടെ നടുവൊടിച്ച് കേന്ദ്രം

ഇന്ദിരക്കെതിരെ ആരോപണശരങ്ങളുതിർക്കാനുള്ള ബിജെപിയുടെ വിമുഖതക്ക് പിന്നിൽ ഒന്നിലേറെ കാരണങ്ങളുണ്ട്. അതിലാദ്യത്തേത് ഇന്ദിര ഗാന്ധിയുടെ വ്യക്തിപ്രഭാവം തന്നെയാണ്. ഇന്ദിരയുടെ മരണത്തിന് മൂന്നര പതിറ്റാണ്ടിനിപ്പറവും ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രഭയേറിയ ശക്തയായ പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ഇന്ദിര ഗാന്ധി. ബിജെപി ഈ പൊതുതിരഞ്ഞെടുപ്പിൽ പയറ്റുന്ന രാജ്യസുരക്ഷയെന്ന രാഷ്ട്രീയആയുധം പോലും 1971ലെ ബംഗ്ലാദേശ് യുദ്ധത്തിന്റെ ഓർമകളിൽ ഭസ്മീകരിക്കപ്പെട്ടു പോകുമെന്ന് അവർക്ക് നന്നായറിയാം . രാജ്യസുരക്ഷ ചർച്ച ചെയ്യുമ്പോൾ ഇന്ദിരയുടെ സ്മരണകളുയർത്തിയാൽ കോൺഗ്രസിന്റെ രാഷ്ട്രീയഭാണ്ഡത്തിൽ നേട്ടങ്ങളുടെ കനം വർദ്ധിക്കുമെന്ന സത്യം അവർ മനസിലാക്കുന്നു. ഇന്ദിരയോട് രൂപസാദൃശ്യമുള്ള പ്രിയങ്കയുടെ രാഷ്ട്രീയസാന്നിധ്യം കോൺഗ്രസ് ഏറെ ഉയർത്തിക്കാട്ടുമ്പോൾ ഇന്ദിരയുടെ സ്മരണകളുയർത്തുന്നത് ബുദ്ധിയല്ലെന്ന് ബിജെപി ബുദ്ധികേന്ദ്രങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്.

ബിജെപിയുടെ ഇക്കാലഘട്ടത്തിലെ യാഗാശ്വമായ മോദിയെ ഇന്ദിരയുമായി താരതമ്യപ്പെടുത്താൻ ബിജെപി കേന്ദ്രങ്ങൾ ഒട്ടും തന്നെ താല്പര്യപെടുന്നില്ല. ശക്തിയുടെ രാഷ്ട്രീയമാതൃകയായി ഉയർത്തിക്കാട്ടുന്ന മോദിയെ സൗമ്യരായ രാഷ്ട്രീയ വ്യക്തിത്വങ്ങളോട് താരതമ്യം ചെയ്യാൻ ഉത്സുകരാകുന്ന സംഘപരിവാർ കേന്ദ്രങ്ങൾ കോൺഗ്രസിൻറെ ഉരുക്കുവനിതയെ ആ മത്സരത്തിൽ നിന്നും ഒഴിച്ച് നിർത്തുന്നു. രാജ്യസുരക്ഷക്ക്‌ ഭീഷണി ഉയർത്തുന്ന ഘടകങ്ങളെ മോദിയേക്കാൾ കാർക്കശ്യത്തോടെയാണ് ഇന്ദിര നേരിട്ടത്, ബ്ലൂസ്റ്റാർ ഓപ്പറേഷനും ബംഗ്ലാദേശ് യുദ്ധവുമൊക്കെ ഇതിനുദാഹരണങ്ങളാണ്. അത്തരത്തിൽ ശക്തമായ രാഷ്ട്രീയമുഖം സ്വന്തമായുള്ള ഇന്ദിരയുമായി മോദിയെ താരതമ്യപ്പെടുത്തുന്നത് ‘കല്ലിനെ കടിച്ചു പല്ല് കളയുന്നതിന് തുല്യമാണ്’ എന്നവർക്ക്‌ ബോധ്യമുണ്ട്.

പാലാഴി കടഞ്ഞപ്പോൾ അമൃതിനൊപ്പം കാളകൂടവിഷവും പുറത്തു വന്നതുപോലെ ഇന്ദിരയുടെ നന്മകൾ ഉയർന്നു വരുന്നതിനോടൊപ്പം അടിയന്തരാവസ്ഥയുടെ കറുത്ത ഓർമ്മകൾകൂടി ജന്മനസുകളിലേക്കെത്തും. ‘അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന്’ പലരുമാരോപിക്കുന്ന മോദിയുടെ ഭരണകാലഘട്ടത്തിന് ഇന്ദിരയുടെ 21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥകാലഘട്ടവുമായുള്ള ചെറുതല്ലാത്ത സാമ്യം നിസാരമായ തലവേദന ആയിരിക്കില്ല ബിജെപിക്ക് നിർണായകമായ ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ഉണ്ടാക്കുക. അങ്ങനെ തൊട്ടാൽ പൊള്ളുന്ന ഭീകരസത്വമായി ഇന്ദിര ബിജെപിക്ക് മുന്നിൽ നിലകൊള്ളുന്നു.

56 ഇഞ്ചിന്റെ ഊതി വീർപ്പിച്ച മോദിയുടെ രാഷ്ട്രീയമേന്മ ഒരു നീർകുമിളയുടെ നിസ്സാരതയോടെ പൊട്ടിപോയാൽ ബിജെപിയുടെ പ്രതിരോധനിര ചീട്ടുകൊട്ടാരം പോലെ തകരുകയും ആ വീഴ്ചയിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ അടുത്ത കാലത്തൊന്നും ബിജെപിക്ക് സാധിക്കുകയുമില്ല. തിരഞ്ഞെടുപ്പു അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുമ്പോൾ ബിജെപിക്ക്‌ ആശാവഹമായ പ്രതിധ്വനികളല്ല ഉയർന്നു കേൾക്കുന്നത്. കോൺഗ്രസിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു നിർണായകമായ ശക്തികേന്ദ്രങ്ങളിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുകയാണ് മോദിയും സംഘവും.

LEAVE A REPLY

Please enter your comment!
Please enter your name here