Monday, January 17

മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍: 12 വയസുള്ള കുട്ടിയെ കൊന്ന കരസേന മേജറിനെതിരെ കേസ്

2009ല്‍ പടിഞ്ഞാറന്‍ ഇംഫാലില്‍ 12 വയസുള്ള ആണ്‍കുട്ടി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മണിപ്പൂരില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ അന്വേഷിക്കുന്ന സിബിഐ പ്രത്യേക അന്വേഷണ സംഘം കരസേന മേജറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ആസാദ് ഖാനെ കൊലപ്പെടുത്തിയ കേസില്‍ അസാം റൈഫിള്‍സില്‍ മേജറായ വിജയ് സിംഗ് ബല്‍ഹാരയ്‌ക്കൊപ്പം മറ്റ് ഏഴ് സൈനീകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മൊത്തം 29 കേസുകളാണ് സിബിഐ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്.

മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ 21 സൈനീകരടങ്ങുന്ന സംഘം ആസാദിനെ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോയി വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് ആരോപണം. വീട്ടില്‍ നിന്നും ആസാദിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം മണിപ്പൂര്‍ പോലീസ് കമാന്റോകള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് സുപ്രീം കോടതി നിയോഗിച്ച സന്തോഷ് ഹെഗ്‌ഡെ കമ്മീഷന് മുന്നില്‍ ആസാദിന്റെ പിതാവ് വാഹിദ് അലി മൊഴി നല്‍കിയിരുന്നു. ആസാദിനെ കൊല്ലുന്നതിന് രണ്ട് മാസം മുമ്പ് തന്നെ കുട്ടിക്കെതിരെ കൊലപാതക ശ്രമത്തിനും ആയുധ നിയമപ്രകാരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. മുമ്പ് യാതൊരു ക്രിമിനല്‍ കേസിലും പെടാതിരുന്ന ആസാദ് കൊല്ലപ്പെടുന്ന സമയത്ത് ഫൗബാക്ചാവോ ഹൈ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

ആസാദ് പീപ്പിള്‍സ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് (പിയുഎല്‍എഫ്) അംഗമാണെന്നാണ് സുരക്ഷ സേന ആരോപിച്ചിരുന്നത്. മണിപ്പൂര്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്ന സംഘടനയാണ് പിയുഎല്‍എഫ്. അത്യന്താധുനിക ആയുധങ്ങളുമായി എത്തിയ 20ല്‍ അധികം സുരക്ഷ സേന അംഗങ്ങള്‍ക്ക് വെറും 12 വയസുള്ള ഒരു കുട്ടിയെ കീഴടക്കാന്‍ സാധിച്ചില്ല എന്നതും അവന്‍ ഓടിപ്പോകാന്‍ ശ്രമിക്കുമ്പോള്‍ തങ്ങള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ആ സൈനീകര്‍ കരുതി എന്ന് പറയുന്നതും അവിശ്വസനീയമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. പോസറ്റുമാര്‍ട്ടം റിപ്പോര്‍ട്ട്, കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍, സാക്ഷി മൊഴികള്‍, പോലീസിന്റെയും അസാം റൈഫിള്‍സിന്റെയും മൊഴികള്‍ എന്നിവ പരിശോധിച്ച ഹെഗ്‌ഡെ കമ്മീഷന്‍ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

Spread the love
Read Also  ദിലീപ് സുപ്രീം കോടതിയിൽ; ഹൈക്കോടതി ഉൾപ്പടെ തള്ളിയ ആവശ്യം പരിഗണിക്കണമെന്നാവശ്യം