Sunday, January 16

സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭ മെത്രാന്‍ സിനഡ്

കേരള സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ മെത്രാന്‍ സിനഡ്. വിദ്യാഭ്യാസ മേഖലയില്‍ അനാവശ്യപ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നു കൊച്ചിയില്‍ നടന്നുവരുന്ന സീറോ മലബാര്‍ സഭയിലെ മുഴുവന്‍ മെത്രാന്‍മാരും പങ്കെടുക്കുന്ന സിനഡ് വിലയിരുത്തി. അധ്യാപക തസ്തികകള്‍ അനുവദിക്കാതെയും നിയമനങ്ങള്‍ പാസാക്കാതെയും എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും സിനഡ് വിമർശിച്ചു.

ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശത്തില്‍ അനാവശ്യമായ ഇടപെടല്‍ നടത്തുന്ന നിയമ നിര്‍മാണങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ശത്രുതാ മനോഭാവത്തോടെ കാണുന്ന സര്‍ക്കാര്‍ ഈ മേഖലയിലാണു കേരളത്തിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും പഠിക്കുന്നത് എന്ന സത്യം വിസ്മരിക്കരുതെന്നും സിനഡ് പറഞ്ഞു. ആയിരക്കണക്കിന് അധ്യാപകര്‍ വര്‍ഷങ്ങളായി വേതനമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥത കാട്ടണമെന്നും സിനഡ് ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയിലെ തിരിച്ചടികള്‍ മൂലം കര്‍ഷകര്‍ നിത്യ ദാരിദ്ര്യത്തിലേയ്ക്കു നീങ്ങുന്ന ദയനീയ അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും സിനഡിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഇതര മതവിഭാഗങ്ങളിലെ ദലിതര്‍ക്കുള്ള അവകാശങ്ങള്‍ ദലിത് ക്രൈസ്തവര്‍ക്ക് നിഷേധിക്കുന്നത് പ്രത്യക്ഷമായ നീതിനിഷേധമാണെന്നു സിനഡ് വിലയിരുത്തി. പതിറ്റാണ്ടുകളായി സഭ ഉന്നയിക്കുന്ന ദലിതരുടെ അവകാശ സംരക്ഷണമെന്ന ആവശ്യം അധികാരികള്‍ അവഗണിക്കുന്നതു മതപരമായ വിവേചനമാണെന്നും സിനഡ് നിരീക്ഷിച്ചു. ദലിത് കുടുംബങ്ങളിലെ കുട്ടികളുടെ ഉപരിപഠനത്തിനു സഹായം നല്‍കാന്‍ സഭയിലുള്ള പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുവാനും സിനഡിൽ തീരുമാനം എടുത്തു.

Spread the love
Read Also  ഇരട്ടനീതി കേരളത്തിൽ ഉണ്ടാകരുത്. മതിലുയർത്തി പ്രതിജ്ഞ ചെയ്‌താൽ തീരുന്നതല്ല കേരളത്തിലെ അടിത്തട്ടു ജീവിതങ്ങളുടെ പ്രശ്നങ്ങൾ

Leave a Reply