Saturday, January 29

മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് സിബീഐയ്ക്ക് സുപ്രീം കോടതി ശകാരം

മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്ത സിബിഐ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. സൈനീക, സുരക്ഷസേനകള്‍ക്കെതിരെ വ്യാജ ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിരുന്നത്. 1,528 കേസുകളില്‍ അന്വേഷണം നടത്തുന്ന സിബിഐ ഇതിനകം നാല് കേസുകളില്‍ സൈന്യത്തിലെയും അസാം റൈഫിള്‍സിലേയും ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ കേസുകളില്‍ ആരെയും അറസ്റ്റ് ചെയ്യാതിരുന്നതിന്റെ പേരില്‍ സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയ്ക്ക് സുപ്രീം കോടതിയുടെ കടുത്ത ശകാരമാണ് ലഭിച്ചത്.

ജൂലൈ 27നകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചതിനുള്ള വിശദീകരണം നല്‍കാനും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂറും യുയു ലളിതും അടങ്ങുന്ന ബഞ്ച് സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കേസുകളില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടതായി സിബിഐ തന്നെ പറയുന്നു. എന്നിട്ടും പ്രതികള്‍ മണിപ്പൂരില്‍ സ്വതന്ത്രമായി നടക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഇരകളായ മരിച്ചവര്‍ക്കെതിരെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇത് അവിശ്വസനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘത്തില്‍ 12 ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി നടപടികള്‍ വേഗത്തിലാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

വ്യാജ ഏറ്റുമുട്ടല്‍ കൊലകളെ കുറിച്ച് അന്വേഷിക്കുന്നതിനും എഫ്‌ഐആര്‍ എടുക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. അയല്‍രാജ്യങ്ങളില്‍ യുദ്ധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വിചാരണകളെ കുറിച്ച് തങ്ങള്‍ ബോധ്യമുണ്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള തീരുമാനം സിബിഐയ്ക്ക് വിട്ടുകൊണ്ട് കോടതി ചൂണ്ടിക്കാണിച്ചു. ഓഗസ്റ്റ് 20ന് നടക്കുന്ന അടുത്ത വാദത്തില്‍ ഹാജരാകണമെന്ന് സിബിഐ ഡയറക്ടര്‍ക്ക് കോടതി കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

മണിപ്പൂരില്‍ വ്യാജ ഏറ്റുമുട്ടലും കവര്‍ച്ചയും നടത്തിയത് തന്റെ യൂണിറ്റ്: കരസേന ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Spread the love
Read Also  ഒടുവില്‍ കേന്ദ്രം കീഴടങ്ങി: ജസ്റ്റിസ് കെഎം ജോസഫ് സുപ്രീം കോടതി ജഡ്ജിയാവും

Leave a Reply