Monday, January 17

നജീബ് തിരോധാനം; കേസ് അവസാനിപ്പിക്കാൻ സിബിഐ നീക്കം

ജെഎൻയു വിദ്യാർഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാൻ സിബിഐ നീക്കം. ഇതിനുള്ള അനുമതി തേടി സിബിഐ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെ മജിസ്ട്രേട്ട് കോടതിയിൽ കേസ് തീർപ്പാക്കിയതായുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കമെന്ന് ജസ്റ്റിസുമാരായ എസ്.മുരളീധർ, വിനോദ് ഗോയൽ എന്നിവരുൾപ്പെട്ട ബെഞ്ചിനെ സിബിഐ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ വിധി പറയുന്നത് കോടതി നീട്ടിവച്ചു.

എംഎസ്.സി. ആദ്യ വർഷ ബിരുദധാരിയായ നജീബ് അഹമ്മദിനെ 2016 ഒക്ടോബർ 15ന് എബിവിപി വിദ്യാർഥികളുമായി നടന്ന സംഘർഷത്തിന് ശേഷം ജെഎൻയു ഹോസ്റ്റലിൽ നിന്നാണ് കാണാതാകുന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ് നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് 50000 രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു.

കേസ് അന്വേഷണം കാര്യക്ഷമായല്ല നടക്കുന്നതെന്ന കണ്ടെത്തലിനെത്തുടർന്ന് കഴിഞ്ഞ വർഷം മെയ് 16ന് കേസ് കോടതി സിബിഐ അന്വേഷണത്തിന് വിടുകയായിരുന്നു. എന്നാൽ കേസിൽ പ്രതികളെന്ന് സംശയിക്കപ്പെടുന്ന 9 പേരിൽ നിന്നും ഡൽഹി പൊലീസ് അന്വേഷിച്ചതിൽ കൂടതൽ വിവരങ്ങളൊന്നും സിബിഐയ്ക്ക് കണ്ടെത്താനായില്ല. ഒരു വർഷം നീണ്ടു നിന്ന സിബിഐ അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാവാത്തതിനെ തുടർന്നാണ് ഇപ്പോൾ കേസ് അവസാനിപ്പിക്കാൻ സിബിഐ നീക്കം നടത്തുന്നത്. പ്രത്യക സിബിഐ സംഘത്തെകൊണ്ട് കേസ് വീണ്ടും അന്വേഷിക്കണമെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് വക്കീൽ മുഖാന്തിരം കോടതിയിൽ ആവശ്യപ്പെട്ടു.

Spread the love
Read Also  സിബിഐ കേസ്: മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ദി വയറിൽ