Thursday, January 20

യുജിസി നിർത്തലാക്കി; ഇനി ഉന്നത വിദ്യാഭ്യാസ കമ്മിഷൻ

സർവകലാശാല ധനസഹായ കമ്മീഷൻ (യുജിസി) കേന്ദ്ര സർക്കാർ നിർത്തലാക്കി പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷൻ രൂപവൽക്കരിക്കുന്നു.
യു.ജി.സി. നിയമം നവീകരിക്കുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഉന്നതവിദ്യാഭ്യാസ കമ്മിഷൻ നിയമം കൊണ്ടുവരുന്നത്.

അക്കാദമിക മേഖല കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാകും ഉന്നത വിദ്യാഭ്യാസ കമ്മിഷന്റേത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് നൽകുന്നത് ഇനി മാനവശേഷി മന്ത്രാലയമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലുള്ള ഇടപെടൽ പരമാവധി കുറയ്ക്കുക, ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം സംബന്ധിച്ച തീരുമാനം യോഗ്യതയുടെ അടിസ്ഥാനത്തിൽ കൈക്കൊള്ളുക, അക്കാദമിക നിലവാരം പുലർത്താത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുക, തീരുമാനങ്ങൾ അനുസരിക്കാത്തവർക്ക് പിഴയോ, ജയിൽ ശിക്ഷയോ നൽകുക തുടങ്ങിയ അധികാരങ്ങളും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

യു.ജി.സി., ഐ.ഐ.സി.ടി.ഇ., എൻ.സി.ടി.ഇ. തുടങ്ങിയ എജൻസികൾക്കു പകരമായി ഹയർ എജുക്കേഷൻ ഇവാല്യുവേഷൻ ആൻഡ് റെഗുലേഷൻ അതോറിറ്റി (ഹീര) രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ മുമ്പ് തീരുമാനിച്ചിരുന്നു. എന്നാൽ, വിവിധ മേഖലകളിൽനിന്നുള്ള എതിർപ്പും ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നിൽക്കണ്ട് അതിൽനിന്ന് സർക്കാർ പിന്മാറുകയായിരുന്നു.

കരട് ബില്ലിനെക്കുറിച്ച് പൊതു ജനങ്ങൾക്കും വിദ്യാഭ്യാസ വിദഗ്ധർക്കും ജൂലായ് ഏഴ് വരെ അഭിപ്രായം അറിയിക്കാം. സർവകലാശാലകൾക്ക് ഫണ്ട് കണ്ടെത്തുന്നതിന് സ്വാശ്രയ കോളേജ്‌ രീതി അവലംബിക്കുമെന്നും മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.

Spread the love
Read Also  അമേഠിയിൽ ബിജെപി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന് വെടിയേറ്റു