Saturday, May 30

ജവഹർ നവോദയ വിദ്യാലയങ്ങളെ തകർക്കാൻ കേന്ദ്രസർക്കാർ നീക്കം

ഇന്ത്യൻ വിദ്യാഭ്യാസത്തിൻ്റെ  അതിപ്രധാനമായ രേഖയെന്നു പലപ്പോഴും വിളിക്കപ്പെടുന്നത് കോത്താരി കമ്മീഷനെയാണ്. അതുവരെയുണ്ടായിരുന്ന വിദ്യാഭ്യാസ പരിപ്രേക്ഷ്യത്തെ സമൂലമായി പഠിക്കുവാനും ഒട്ടൊക്കെ പുതിയ നിർദ്ദേശങ്ങൾ വായിക്കുവാനും ഡി എസ് കോത്താരി അധ്യക്ഷനായ ആ കമ്മിറ്റിയ്ക്ക് കഴിഞ്ഞിരുന്നു. അതിനുശേഷം ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് ഒരു പൊളിച്ചെഴുത്ത് നടത്തിയത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ നിലവിൽ വന്ന പുതു വിദ്യാഭ്യാസ നയമായിരുന്നു. ന്യു എഡ്യൂക്കേഷൻ പോളിസി എന്ന് പൊതുവേ വിളിക്കപ്പെട്ട ഈ വിദ്യാഭ്യാസ നയം പ്രാഥമിക വിദ്യാലയങ്ങൾ മുതൽ ഉന്നത വിദ്യാലയങ്ങളെവരെ പരിഗണിച്ച് കൊണ്ട് രൂപപ്പെടുത്തിയതായിരുന്നു.

രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് നടന്ന ഏറ്റവും വലിയ ഭരണ പരിഷ്കാരമായി ഇതിനെ കാണാം. മറ്റു ചില കാരണങ്ങൾ കൊണ്ടുകൂടിയാണ് ഇത് ശ്രദ്ധേയമാകുന്നത്. ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയായ ഏവർക്കും വിദ്യാഭ്യാസമെന്നോ തുല്യയതയെന്നോ ഒക്കെ പറയുന്ന വീക്ഷണത്തിൽ നിന്നും ഒട്ടും  വ്യതിചലിക്കാതെയാണിത് രുപപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ഗ്രാമീണ മേഖലയിൽ പ്രത്യേകിച്ചും ഗോത്രവർഗ്ഗമേഖലയിൽ നിലവാരമുള്ള വിദ്യാഭ്യാസ മെത്തിക്കുവാനും അവരെ പുതിയ കാലത്തെ അറിവുകളിലേക്കെത്തിക്കുവാൻ പ്രാപ്തരാക്കുവാനുമായാണ് ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിച്ചത്. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം തികച്ചും സൗജന്യമായി എത്തിക്കുക എന്നതായിരുന്നു അതിന്റെ ലക്‌ഷ്യം.

ഒന്നാം ബി ജെ പി ഗവണ്മെന്റിന്റെ അതായതു വാജ്‌പേയ് ഗവണ്മെൻ്റിൻ്റെ കാലം മുതൽ ഹിന്ദുത്വ അജണ്ടയിൽ അധിഷ്ഠിതമായ ഒരു പഠനരീതി കൊണ്ടുവരാനുള്ള ശ്രമമുണ്ടായിരുന്നു. എൻ സി ആർ ടി സി യുടെ പാഠപുസ്തകങ്ങളും എന്തിനു കരിക്കുലം മൊത്തത്തിൽ മാറ്റിയെഴുതാൻ അവരുടെ ചരിത്രകാരൻമാർ നിയോഗിതരായി. നമുക്ക് ആ കഥ ഇവിടെ നിർത്താം എന്നിട്ട് നവോദയ വിദ്യാലയങ്ങളിലേക്കു തന്നെ തിരിയാം .

സാർവത്രികമായി ഗ്രാമീണമേഖലയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം സൗജന്യമായി എത്തിക്കുകയെന്നതാണു ജവഹർ നവോദയ വിദ്യാലയമെന്ന റസിഡൻഷ്യൽ വിദ്യാഭ്യാസസ്ഥാപനത്തിൻ്റെ ലക്ഷ്യങ്ങളിൽ മുഖ്യം. കഴിഞ്ഞ ആഴ്ച്ച നമ്മുടെ കേന്ദ്ര വിദ്യാഭ്യാസവകുപ്പെന്ന മാനവ ശേഷി വികസന വകുപ്പ് നവോദയയിൽ കയറിയിടപെട്ടിരിക്കുകയാണ്. നവോദയ വിദ്യാലയങ്ങളിൽ ഇനിയാരെയും സൗജന്യമായി പഠിപ്പിക്കേണ്ട എന്ന തീരുമാനമാണ് വിദ്യാലയ സമിതിയുടെ എക്സിക്യൂട്ടീവ് എന്ന മേൽ ഘടകത്തിന്റെ തീരുമാനം. നവോദയ വിദ്യാലയ സമിതിയുടെ അസിസ്റ്റന്റ് കമ്മീഷണർ  അയച്ച കത്തിൽ പറയുന്നത് നിലവിൽ കേന്ദ്ര മാനവശേഷി വകുപ്പിന്റെ കിഴിൽ ഉള്ള കേന്ദ്രിയ വിദ്യാലയത്തിൽ നടപ്പാക്കുന്നത് പോലെ വിദ്യാലയ വികാസ് നിധി ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടായിട്ടുണ്ടെന്നാണ്.

അതിനുശേഷം ആഗസ്ത് എട്ടാം തിയതി ഇറങ്ങിയ സർക്കുലർ പ്രകാരം വിദ്യാലയത്തിന്റെ നിലവാരം ഉയർത്തുന്നതിനായി നിലവിൽ ഇരുനൂറു രൂപയായിരുന്നു ഫീസ്. അത് അറുനൂറായി വർദ്ധിപ്പിക്കുന്നതായി അറിയിക്കുന്നു.  ആറു മുതൽ എട്ടുവരെയുള്ള വിദ്യാർത്‌ഥികളെയും പട്ടികവിഭാഗത്തെ വിദ്യാര്ഥികളും പെൺകുട്ടികളും ബിപി എൽ വിഭാഗവും അതിൽനിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. എന്നാൽ ഗവൺമെൻ്റ് ജീവനക്കാരുടെ മക്കൾ ജാതി മത പരിഗണനയില്ലാതെ ആയിരത്തി അഞ്ഞുറു രൂപ പ്രതിമാസം അടയ്ക്കണമെന്നുമാണ് വ്യവസ്ഥ. ഇതും കൂടാതെ ഈ പന്ത്രണ്ടാം തിയതി ഇറങ്ങിയ ഉത്തരവ് പ്രകാരം ഒൻപതു മുതൽ പന്ത്രണ്ടാം ക്ലാസുവരെ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗമുൾപ്പെടെയുള്ള ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ മക്കൾ ഓരോ മാസവും ആയിരത്തി അഞ്ഞുറു രൂപ കഴിഞ്ഞ നവംബർ ഏഴാം തിയതി മുതലുള്ള മുൻകാല പ്രാബല്യത്തിൽ അടയ്ക്കണമെന്നുമാണ് .

Read Also  ഇസ്രായേലിനു സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നതിൻ്റെ പിന്നിൽ കേന്ദ്രസർക്കാരോ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് കൊടുക്കുന്ന ഫീസ് സർക്കാർ റീ ഇമ്പേഴ്സ്മെൻ്റ് ചെയ്യും. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ കീഴിൽ ജോലി ചെയ്യുന്ന ക്ലാസ് ഫോർ ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വരുമാനം നമുക്കറിയാവുന്നതാണു. മാത്രമല്ല തൊഴിലില്ലാത്ത ഇടത്തട്ടുകാർ, കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരുടെ മക്കൾ ഇവരിൽ പലരുടെയും റേഷൻ കാർഡ് എ പി എൽ വിഭാഗത്തിലാണു ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരും 600 രൂപ ഫീസ് നൽകണമെന്ന് പറഞ്ഞാൽ കുട്ടിയെ  വീട്ടിൽ കൊണ്ടുവന്നു സംസ്ഥാന സർക്കാർ സ്കൂളിലയയ്ക്കുകയേ നിവൃത്തിയുള്ളൂ എന്നാണു പല രക്ഷിതാക്കളും പറയുന്നത്.

കേൾക്കുമ്പോൾ സുഖമുണ്ട്, സർക്കാരുദ്യോഗസ്ഥരുടെ മക്കളല്ലേ മറ്റാർക്കും ബാധകമല്ലല്ലോ എന്നൊക്കെ ഇവിടെയാണ് ബി ജെ പി മന്ത്രിസഭയുടെ വ്യക്തമായ അജണ്ട നമ്മൾ തിരിച്ചറിയേണ്ടത്.

ഈ തീരുമാനത്തിന് മുൻപിൽ വളരെ ദിര്ഘവീക്ഷണമുള്ള പല രാഷ്ട്രീയവുമുണ്ട്.
നിലവിലെ സംവരണ വ്യവസ്ഥ കളെ ഭരണഘടന തന്നെ മാറ്റിയെഴുതി ഇല്ലാതാക്കൻ തുനിയുന്ന പൊളിറ്റിക്സിന്റെ ഭാഗമാണിത്. മുൻപ് സൂചിപ്പിച്ചതുപോലെ സാർവത്രിക വിദ്യാഭ്യാസം ഗ്രാമീണ മേഖലയിൽ സൗജന്യമായി എന്ന പ്രഖ്യാപിത ജനാധിപത്യ നയത്തെ ഇല്ലാതാക്കുകയാണിവിടെ . സർക്കാർ നടത്തിപ്പിലുള്ള വിദ്യാലയങ്ങൾ ക്രമേണ ഇല്ലാതാക്കുവാനുള്ള ശ്രമം. സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം എന്ന എൻ ഡി എ യുടെ നയം പടിപടിയായി നടപ്പിലാക്കുന്നതിന്റെ ഭാഗം. ഇങ്ങനെയൊക്കെ വേണം ഇതിനെ കാണാൻ. ഗോത്രവർഗ്ഗക്കാരുടെ നിലവിലുള്ള അവസരങ്ങൾ കഴിഞ്ഞു വരുന്ന സീറ്റുകളിലേക്കാണ് ഇപ്പോൾ നവോദയയിൽ പുറത്തുനിന്നും വിദ്യാര്ത്ഥികളെ പ്രവേശിപ്പിക്കുന്നത്.

നല്ല പരിശീലനവും സൗജന്യ വിദ്യാഭ്യാസവും സ്വപ്നം കണ്ട് ഇവിടെയെത്തുന്ന വിദ്യാർത്‌ഥികളുടെ രക്ഷിതാക്കൾ ബഹുഭൂരിപക്ഷവും കൂലിവേല ചെയ്യുന്നവരോ ദിവസ വേതനത്തിൽ ജോലി ചെയ്യുന്നവരോ അതുമല്ലെങ്കിൽ സർക്കാർ സർവീസിൽ താഴെ ക്ളാസുകളിൽ ജോലി ചെയ്യുന്നവരോ ആണ്. ഇതൊരു സത്യമാണ് കൃത്യമായ പരിശോധനയിൽ തെളിയിക്കാവുന്ന സത്യം. മാസ ശമ്പളത്തിൽ നിലവിൽ സി ബി എസ് സി സ്‌കൂളുകളുടെ ഫീസുകൾ താങ്ങാൻ കഴിയാത്ത രക്ഷിതാക്കളാണ് നവോദയ സ്‌കൂളുകൾ പലപ്പോഴും തെരെഞ്ഞെടുക്കുന്നത്. അവരാരും ഇൻകം ടാക്സ്‌ പരിധിയിലോ എട്ടു ലക്ഷത്തിന്റെ പുതിയ സാമ്പത്തിക മാനദണ്ഡ പരിധിയിലോ എത്തുന്നവരല്ല. ഇതൊക്കെ ആർക്കും അറിയാവുന്ന സത്യമാണ്. ആ രക്ഷിതാക്കളെയാണിവിടെ നമ്മുടെ ഭരണ കർത്താക്കൾ സേവനമേഖലയെന്നു വിലയിരുത്തപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ രംഗത്തിലൂടെ കൊള്ളയടിക്കാൻ തുനിയുന്നത്.

ഇനി മറ്റൊരു കാര്യം കൂടി ഇതിനു പിന്നിലുണ്ട്. ബി ജെ പി പ്രതിനിധാനം ചെയുന്ന രാഷ്ട്രീയ ചേരിയുടെ വർഗ്ഗ ശത്രുവിന്റെ പേരിലാണ് ഈ വിദ്യാലയങ്ങൾ വിളിക്കപ്പെടുന്നത്. ജവഹർലാൽ എന്ന പേരും രാഹുൽ ഗാന്ധിയെന്ന പേരും അസഹിഷ്ണുത സൃഷ്ടിക്കുന്നെങ്കിൽ അതിനുള്ള മറുപടിയല്ല സാർവത്രിക വിദ്യാഭ്യാസം തടയുകയെന്നത്. എന്തായാലും ഇതിൽ രാഷ്ട്രീയം കാണരുത് നല്ല വിദ്യാഭ്യാസത്തിന്റെ തുരുത്തുകളെ ഇത്തരം പൊളിറ്റിക്കൽ സ്പേസിലേക്കു വലിച്ചിഴച്ചില്ലാതാക്കരുത്.

2 Comments

Leave a Reply

Your email address will not be published.