Tuesday, May 26

രാഷ്ട്രീയം കളിക്കേണ്ട കാലമല്ല കേന്ദ്ര ഇടപെടൽ ക്ഷേമകാര്യങ്ങളിൽ ശക്തമാകേണ്ടതുണ്ട്

ലോകം മുഴുവൻ ഭീതിയുടെ ചിറകു വിടർത്തിയാണ് കോവിഡ് 19 എന്ന വൈറസ് അതിന്റെ മരണയാത്ര നടത്തുന്നത്. വലിയ ജീവിതനിലവാരത്തിലുള്ളവരെന്നു നമ്മൾ പഠിച്ചുവച്ചിട്ടുള്ള ചൈനയും ഇറ്റലിയും എന്തിനു സാക്ഷാൽ യു എസ് പോലും പകച്ചുനില്ക്കുകയോ കീഴടങ്ങിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണിപ്പോൾ.

ഇന്ത്യയുടെ സ്ഥിതിയും അത്ര മെച്ചമെന്നു കരുതാൻ കഴിയില്ല. വൈറസ് പ്രതിരോധത്തിനുള്ള ഒരേ ഒരു മാർഗ്ഗം നിലവിൽ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണെന്ന് നമ്മുടെ ആരോരോഗ്യ പ്രവർത്തകരും പ്രധാനമന്ത്രിയുൾപ്പടെ കേന്ദ്ര സംസ്ഥാന മന്ത്രിസഭയുടെ ഭാഗമായുള്ളവരും ആവർത്തിച്ച് വ്യക്തമാക്കികൊണ്ടിരിക്കുമ്പോഴും പലരും ഇതിന്റെ യാഥാർത്ഥ്യത്തെ മനസിലാക്കാതെയാണിപ്പോഴും ഇടപെടുന്നത്.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാകർഫ്യൂ ആഘോഷമാകുവാൻ തലേദിവസം നമ്മുടെ നിരത്തുകളിൽ ഉണ്ടായ ആൾക്കൂട്ടം മുതൽ കർഫ്യു വിനുശേഷം ആരോഗ്യ പ്രവർത്തകരെ അഭിസംബോധന ചെയ്യുവാൻ പാത്രം തമ്മിലടിച്ചെങ്കിലും ശബ്ദമുണ്ടാകാൻ എന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകൾക്കു അതിനുപരി രാഷ്ട്രീയമാനം നൽകി ഒരു വിഭാഗം അവരുടെ നേതാവ് ആഹ്വാനം ചെയ്ത കർഫ്യു വിജയിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരത്തിലിറങ്ങി നടത്തിയ ആഘോഷ പ്രകടനവും സൂചിപ്പിക്കുന്നത് നഷ്ടമായ, ജനാധിപത്യ ബോധത്തെയോ സഹജീവി പരിഗണനയോ ആണ്. അതവിടെ നില്ക്കട്ടെ.

കേരളത്തിന്റെ ആരോഗ്യ രംഗത്തെക്കുറിച്ച് മതിപ്പുളവാക്കുന്ന തരത്തിലുള്ള വാർത്തകളാണ് ദേശീയവും അന്തർദേശീയവുമായുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നമ്മൾ നിരവധി തവണ ചർച്ചചെയ്തിട്ടുള്ളത് കേരളം മോഡൽ എന്നത് ഒരു വ്യാജനിർമ്മിതിയാണെന്നാണ്. സാമ്പത്തിക സ്രോതസിന്റെയോ അതിന്റെ വിനിയോഗത്തിന്റെയോ ക്രമമില്ലായ്‌മയെ ചുറ്റിപ്പറ്റി ഇത്തരം വിമശനങ്ങൾ ഉണരുമ്പോഴും നമ്മുടെ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ സമീപകാലത്തുണ്ടായ പുരോഗതിയെ മറച്ചു വയ്ക്കാൻ ആകില്ല.

പബ്ലിക് സെക്ടറിന്റെ ഈ നിലനിൽപ്പുതന്നെയാണ് ഇപ്പോൾ രക്ഷയായി മാറിയത്. ഇത് മനസിലാക്കുവാൻ. റാന്നിയിലെ കോവിഡിന്റെ ആദ്യ റിപ്പോർട്ടിങ് മാത്രം നോക്കിയാൽ മതിയാകും. സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ ഇച്ഛയ്ക്കനുസരിച്ച് മരുന്നുകൾ നൽകിയപ്പോൾ ഒരു പൊതുജനാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറിൽ നിന്നുണ്ടായ ജാഗ്രതയാണ് ഇന്ന് കേരളത്തിന് രക്ഷയായത്. കൃത്യസമയത്ത് ഉണർന്നു പ്രവർത്തിക്കുന്ന ഒരു സർക്കാർ മെഷിനറികൂടിയായപ്പോൾ കേരളം എന്ന സംസ്ഥാനത്തിന് കൊറോണാ വ്യാപനത്തിനെ ഒരളവുവരെ പ്രതിരോധിച്ച് നിർത്താൻ സാധിച്ചു.

പക്ഷെ കേരളം പോലൊരു സംസ്ഥാത്തോട് നമ്മുടെ കേന്ദ്ര ഗവണ്മെന്റ് കാണിക്കുന്ന ചില സമീപനങ്ങളെക്കുറിച്ച് ഇവിടെ ഇനിയും സൂചിപ്പിക്കാതിരിക്കാനാവില്ല. ഈ ഘട്ടത്തിൽ ഇത് രാഷ്ട്രീയമായി കരുതരുത്, ഇത് നമ്മൾ ഓരോ കേരളീയനും മനസിലാക്കേണ്ട വസ്തുതയാണ്.

പുതു തലമുറയുടെ ഓർമ്മയിൽ എന്നും നിലനിൽക്കുന്ന രണ്ടു വലിയ ദുരന്തങ്ങളെ അതിജീവിച്ചത് നമ്മൾ മലയാളികളുടെ ഒത്തൊരുമകൊണ്ടുമാത്രമാണ്. സന്ദിഗ്ദ്ധ ഘട്ടങ്ങൾ വരുമ്പോൾ ഒരുമിക്കാൻ നമുക്ക് രാഷ്ട്രീയമോ മതമോ ജില്ലകളോ ഒരു തടസമല്ല എന്നതാണ് പ്രളയ ദിനങ്ങളിൽ നമ്മൾ കണ്ടത്. നമ്മുടെ പ്രവാസി ബന്ധുക്കളും നമ്മളെ സഹായിക്കാൻ ശക്തമായി ഇടപെട്ടു. അവരുടെ പ്രവർത്തനത്തിന്റെ പാരിതോഷികം പോലെ പല അറബ് രാജ്യങ്ങളിലെയും ഭരണാധികാരികൾ സാമ്പത്തിക സഹായവുമായി വന്നെങ്കിലും അത് നമുക്ക് ലഭിക്കാതെ പോയത് നമ്മൾ കൂടി ഭാഗമായ കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടികൊണ്ടു മാത്രമാണ്.

Read Also  ഞാനൊരു കോൺഗ്രസുകാരനാണ്, പാർശ്വവൽക്കരിക്കപ്പെട്ടവരും പീഡിതരുമായ അവസാന ആളിനൊപ്പവും ഞാനുണ്ടാവും: രാഹുൽ ഗാന്ധി

ഇങ്ങനെയാണോ ഒരു കേന്ദ്ര സർക്കാർ സംസ്ഥാനസർക്കാറിനോട് ഇടപെടേണ്ടത് ? ചോദ്യം ഇനിയും പ്രസക്തമാണ്, ന്യായീകരണത്തിനു വേണ്ടി പറയാം, അഞ്ഞൂറ് കോടി രൂപ കേന്ദ്ര സഹായമായി ലഭിച്ചു. ഇത് നമ്മൾ ആവശ്യപ്പെട്ടതിന്റെ പകുതിപോലും ഇല്ലായിരുന്നു. ഇതിൽ നിന്ന് തന്നെ 233 കോടി രൂപ കേന്ദ്രം തന്നെതിരിച്ചു വാങ്ങി പ്രളയകാലത്ത് നമുക്ക് നൽകിയ ഭക്ഷ്യസാധനത്തിന്റെ വിലയായി. എങ്ങനുണ്ട് കേരളം എന്ന നമ്മുടെ കുഞ്ഞു സംസ്ഥാനത്തെ കേന്ദ്ര ഗവണ്മെന്റ് പരിഗണിക്കുന്ന വിധം യു പിയിലെ ഇടപെടൽ ഇവിടെ ചർച്ചചെയുന്നില്ല അത് രാഷ്ട്രീയമാകും.

ഇവിടെ നിന്നും ആലോചിച്ച് തുടങ്ങണം നമ്മൾ. ഇപ്പോഴത്തെ അവസ്ഥയിൽ സംസ്ഥാനത്തിന്റെ പരിധിയിൽ നിന്നുകൊണ്ടുതന്നെ ചെയ്യാവുന്ന പരിഗണയാണ് പൗരന്മാർക്കായി നല്കികൊണ്ടിരിക്കുന്നത്. ഇതിനുള്ള സാമ്പത്തിക സ്രോതസ് എവിടെ നിന്ന് കണ്ടെത്തും എന്ന് ചിന്തിക്കാതെ ഇവിടത്തെ തന്നെ പ്രതിപക്ഷം ശത്രുക്കളെപോലെ നിന്ന് യുദ്ധം ചെയ്യുകയാണ്. നിലവിൽ കേരളത്തിൽ നിന്ന് തന്നെയുള്ള ജനപ്രതിനിധിയായി രാഹുൽ ഗാന്ധിയുടെ ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാകേണ്ടതാണ്.

കേരളത്തിലെ പ്രതിപക്ഷം നിലവിലെ സാമ്പത്തിക സ്രോതസിനെകൂടി അടച്ചുകൊണ്ട് എങ്ങനെ സർക്കാരിന്റെ ഈ കാലഘട്ടത്തിലെ പ്രവർത്തനങ്ങളെ താറടിച്ചു കാട്ടാം എന്ന നാലാംകിട മാർഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. നമുക്ക് മുൻപിലുള്ള ശത്രു വളരെ ശക്തനാണ് അതിനെ പ്രതിരോധിക്കാൻ സംഘ ശക്തിയാണാവശ്യം. പ്രളയദിനങ്ങളിൽ എന്നപോലെ നമ്മൾ ഒരു മിച്ചിറങ്ങേണ്ട കാലമാണിത്. അതുപോലെതന്നെ കേന്ദ്ര ഗവൺമെന്റിൽ നിന്നും നമുക്ക് ലഭ്യമാകേണ്ടതെങ്കിലും ഈ സന്ദിഗ്ദ്ധ ഘട്ടത്തിത്തത്തിൽ ലഭിക്കുവാനുള്ള ശ്രമം ഉണ്ടാകേണ്ടതുമാണ്. ഇപ്പോൾ തന്നെ കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗമായ ഒരു കേന്ദ്ര മന്ത്രിയും ദേശീയ നേതാക്കന്മാരും നമ്മുടെ സംസ്ഥാനത്തിനുണ്ട്. അവരുടെ ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാകേണ്ടതാണ്, ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ല, വോട്ടു ചെയ്യേണ്ട പൗരന്മാരുടെ ജീവിതമാണ് ഇവിടെ ദുരിതമുഖത്ത് നിൽക്കുന്നത്. ഇവരുണ്ടെങ്കിൽ മാത്രമേ അടുത്ത തെരെഞ്ഞെടുപ്പുണ്ടാകൂ.

പ്രധാനമന്ത്രിയുടെയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഇടപെടൽ സ്റ്റാറ്റസ് നിർമ്മിക്കലല്ല. നിർദ്ദേശങ്ങൾ മാത്രം സംസ്ഥാനങ്ങൾക്ക് നൽകലല്ല. അതിനുപരി അടിയന്തിര ഘട്ടത്തില ക്ഷേമ പ്രവർത്തങ്ങളിൽ ഏർപ്പെടുക എന്നതുകൂടിയാണ്. ബാൽക്കണിയിൽ നിന്നും കൈയടിക്കാൻ ജനതയോട് ആവശ്യപ്പെടുന്ന പ്രധാനമന്ത്രി തെരുവിൽ ജീവിക്കുന്ന മനുഷ്യരെ ചേരിയിൽ ജീവിക്കുന്ന മനുഷ്യരെ മതിൽകെട്ടി തിരിച്ചാലും അവരും ഇന്ത്യൻ പൗരന്മാരാണെന്നുള്ള കാര്യം മറക്കരുത്. ഇതോർമ്മപ്പെടുത്താൻ നമ്മൾ രാഷ്ട്രീയ വൈര്യങ്ങൾ വെടിഞ്ഞു ഒറ്റക്കെട്ടായി നിൽക്കേണ്ടത് ആവശ്യമാണ്.

പിന്കുറിപ്പ്

യു കെ യിൽ നിന്നെത്തിയ ഒരു എൻ ആർ ഐ കഴിഞ്ഞ ദിവസം വീട്ടിലിരിക്കാതെ കറങ്ങിനടക്കുകയും ഒടുവിൽ പോലീസ് പിടിക്കുകയും ചെയ്തപ്പോൾ പറഞ്ഞത് ഞാനങ്ങു യു കെ യിൽ ടെസ്റ്റ് ചെയ്തു നെഗറ്റീവായി കണ്ടതാണ് .. പിന്നെയീ ദാരിദ്ര്യം പിടിച്ച നാട്ടിൽ എന്തോന്ന് ചെയ്യണമെന്നാണ്? ഇത് പണക്കൊഴുപ്പിൽ മുങ്ങിയ ഒരു എൻ ആർ ഐ യുടെ അല്പത്വമായി കാണുക. ഇതിനു ബദലായി നമുക്ക് പറയാനുള്ളത് ഇവിടെ നിന്നും കൊറോണ മാറിയതിനു ശേഷം മാത്രമേ പറഞ്ഞുവിടാവു എന്ന് നമ്മളെ ഓർമിപ്പിച്ച യു എസിൽ നിന്നുള്ള ടുറിസ്റ്റായ വനിതയുടെ വാക്കുകളാണ് ഇവിടെ കൂടുതൽ സുരക്ഷിതമാണെന്ന വാക്കുകൾ… ഇതാണ് നമ്മുടെ ഈ ചെറിയ നാടിന്റെ സ്റ്റാറ്റസ്. നമ്മൾ ഓരോ മലയാളിയും അതോർക്കണം. ഇത് നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്.

Read Also  ഗുജറാത്തിൽ കോവിഡ് രോഗിയുടെ മൃതദേഹം ബസ് സ്റ്റാൻഡിൽ; ക്രിമിനൽ കുറ്റമെന്ന് ജിഗ്നേഷ് മേവാനി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Leave a Reply

Your email address will not be published.