Thursday, January 20

നമ്മുടെ സര്‍വ്വകലാശാലകള്‍ മാടമ്പി കേന്ദ്രങ്ങളോ? കാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാല മുന്‍ നിര്‍ത്തി ഒരു വിചാരം

കേരളത്തിലെ ഏക കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് നാളുകളായി കേൾക്കുന്നത് ശുഭവാർത്തകളല്ല. കേന്ദ്രസര്‍വ്വകലാശാലയായതിനാല്‍ തന്നെ അവിടെ നടമാടുന്നത് കേരളത്തിന്‍റെയൊ ജെ.എന്‍.യുവിന്‍റെയൊ ഒന്നും രാഷ്ട്രീയമല്ല. അത് സാക്ഷാല്‍ മൂഢഹൈന്ദവ പ്രേരിതമായ കേന്ദ്രത്തിന്‍റെ നേരിട്ടുള്ള രാഷ്ട്രീയമാണ്. സാമൂഹ്യശാസ്ത്രവകുപ്പില്‍ അദ്ധ്യാപക നിയമനത്തില്‍ ഭിന്നശേഷിക്കാരനെ  പോലും കോടതി കയറ്റിച്ചിട്ടുണ്ട് കേന്ദ്ര സര്‍വ്വകലാശാല. അവിടെ ചുരുക്കം ചില ഭിന്നശേഷിക്കാരൊഴികെ എല്ലാ നിയമനങ്ങളും കേന്ദ്രത്തില്‍ നിന്ന് നേരിട്ടുള്ളതാണെന്നത് എല്ലാ കേന്ദ്രങ്ങള്‍ക്കും അറിവുള്ളതാണ്. അങ്ങനെ കേന്ദ്രത്തിന് നിയമാനുസൃതം പോലും നേരിടാനാകാത്ത, അവിടെ നിയമിതരായ ഭിന്നശേഷിക്കാരും രാഷ്ട്രീയമായി ഏതു നിമിഷവും അപകടത്തില്‍ പെടാം എന്ന നിലയിലുമാണ്. അതിന് അവിടത്തെ കേന്ദ്രനിയമിതര്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്. അജ്ഞതയുടെയും മാടമ്പിത്തത്തിന്‍റെയും വൃത്തികെട്ട രാഷ്ട്രീയമാണ് അവര്‍ അതിന് ഉപയോഗിക്കുന്നത് എന്നതാണ് പ്രധാന പ്രത്യേകത.

അവിടത്തെ ഓരോ വിഷയത്തിലും രൂപപ്പെടുത്തിയിട്ടുള്ള സിലബസ് നാം കേരളത്തിലുള്ളവര്‍ മനസ്സിലാക്കിയാല്‍ മതി അവിടത്തെ അക്കാദമിക് മൂഢത്വം എവിടേയ്ക്കാണ് നീങ്ങുന്നതെന്ന്. കേന്ദ്രസര്‍വ്വകലാശാലയ്ക്ക് സ്ഥലമെടുത്തതുതന്നെ പണ്ട് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല സ്ഥലമെടുപ്പ് പോലെയുമാണ്. രണ്ടും ഒരേ തരം പ്രതിഷ്ഠാപനങ്ങളുടെ വിഭിന്ന മാതൃകകളാണെന്നതും യാദൃശ്ചികം. ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല ചെളിക്കുണ്ടില്‍ പ്രളയത്തില്‍ പെട്ടാണ് ദുരിതത്തിലായതെങ്കില്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്നും വെള്ളം കുടിക്കുന്നവരൊക്കെ പില്‍ക്കാല എന്‍ഡോസള്‍ഫാന്‍ ഇരകളാകുമെന്നാണ് പരിസരവാസികള്‍ പറയുന്നത്. അതായത് എന്‍ഡോ സള്‍ഫാന്‍ നിരോധനം വന്ന കാലത്ത് ഗോഡൗണിലുണ്ടിയിരുന്ന ബാരലുകള്‍ ഇപ്പോഴത്തെ സര്‍വ്വകലാശാല സ്ഥലത്തില്‍ എവിടെയൊ ആണ് കുഴിച്ചിട്ടിട്ടുള്ളതെന്നും അവര്‍ പറയുന്നുണ്ട്.

അത്തരം കാര്യങ്ങള്‍ നമുക്ക് വിശദമായി അന്വേഷിച്ച് പില്‍ക്കാലത്ത് അവതരിപ്പിക്കാം. എന്തുകൊണ്ടന്നാല്‍ മനുഷ്യാവകാശപ്രശ്നങ്ങള്‍ക്ക് നാം പ്രാഥമികപരിഗണന കൊടുക്കേണ്ടിയിരിക്കുന്നു. അതാണ് പ്രതിപക്ഷത്തിന്‍റെ പ്രാഥമികധര്‍മ്മവും. അതിനാല്‍ സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങളും പ്രതിപക്ഷം അടിസ്ഥാനമാക്കുന്നുണ്ട്. അതിനാല്‍ സുബ്രഹ്മണ്യന്‍ എന്‍ ചെയ്ത ഒരു ഫേസ് ബുക് പോസ്റ്റ് ഈ കുറിപ്പിന് ആധാരവുമാണ്.

അതിന്‍ പ്രകാരം സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അധികാരഭരണം ജനാധിപത്യത്തിന്‍റെ ശവപ്പെട്ടിയിലാണ്. ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായ അഖില്‍ ജയ (അഖില്‍ താഴത്ത്) ഫേസ് ബുക് പോസ്റ്റിന്‍റെ പേരില്‍ കാമ്പസില്‍നിന്നും പുറത്താക്കപ്പെട്ടതാണ് പുതിയ സംഭവവികാസം. തൊട്ടുമുമ്പ് ഫേസ് ബുക് പോസ്റ്റിന്‍റെ പേരില്‍ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്ന പ്രസാദ് പന്ന്യനെ സര്‍വ്വകലാശാല ഫേസ് ബുക് പോസ്റ്റിന്‍റെ പേരില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. അതാകട്ടെ അതിനും മുമ്പുള്ള ഒരു സംഭവപരമ്പരയുടെ തുടര്‍ച്ചയുമാണ്.

അഖിലിനെതിരായ സര്‍വ്വകലാശാല പ്രഖ്യാപനം

അതും കൂടി ഒന്ന് അറിഞ്ഞു പോകണം.

സര്‍വ്വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിലെ ദളിത് ഗവേഷക വിദ്യാർത്ഥിയായ ഗന്തോട്ടി നാഗരാജു തനിക്ക് അധികൃതർ നീതി നിഷേധിക്കുന്നതില്‍ സർവ്വകലാശാല അധികൃതരുമായി വഴക്കുണ്ടാക്കി. മാനസികാഘാതത്തിന്‍റെ ഭാഗമായി നാഗരാജു ഹോസ്റ്റലില്‍ ഒരു ചില്ലു കണ്ണാടി പൊട്ടിച്ചു. ആ ചില്ലാകട്ടെ അഞ്ഞൂറ് രൂപയില്‍ താഴെ മാത്രം വിലയുള്ളതുമാണ്. ഇതിന്‍റെ പേരിൽ അധികൃതർ പോലീസിൽ പരാതി കൊടുക്കുകയും പോലീസ് നാഗരാജുവിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്യുകയുമുണ്ടായി.

ഈ നാഗരാജുവാകട്ടെ കുറച്ചു മാസം മുമ്പ് അമ്മ മരിച്ച സങ്കടത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയായിരുന്നു. അതിന്‍റെ പേരില്‍ നിരന്തരം മാനസികപ്രശ്നങ്ങള്‍ കാണിക്കുകയും ചെയ്യുമായിരുന്നു. കൃത്യമായി ഫെല്ലോഷിപ്പ് നല്കാതെ അധികാരികള്‍ ദളിത വിദ്വേഷത്തില്‍ നാഗരാജുവിനോട് മനുഷ്യാവകാശധ്വംസനം കാണിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിലെ തണുത്ത തറയില്‍ കിടത്തിയാണ് പോലീസുകാര്‍പോലും നാഗരാജുവിനോട് വിവേചനം കാണിച്ചത്.

ഇതിനെതിരായ ഒരു അധ്യാപകന്‍റെ വികാരമായിരുന്നു പ്രസാദ് പന്ന്യന്‍റെ പോസ്റ്റ്. താരതമ്യേന അക്കാദമിക് മികവുള്ളയാളാണ് പ്രസാദ് പന്ന്യന്‍ എന്നതിനാല്‍ അവിടത്തെ അക്കാദമിക് മൂഢസമൂഹത്തിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അത്. അക്കാദമിക മികവ് പുലര്‍ത്തുന്നവരെ ചിന്താപരമായി മറികടക്കാന്‍ പറ്റാത്ത അവിടത്തെ മൂഢരായ കേന്ദ്രനോമിനികള്‍ നയിക്കുന്ന എല്ലാ വകുപ്പുകളിലും ഇതേ പ്രശ്നം മികച്ച അധ്യാപകര്‍ നാളുകളായി നേരിടുന്നതാണ്.

പ്രസാദ് പന്ന്യനെതിരായ സര്‍വ്വകലാശാല പ്രഖ്യാപനം

ഭരണത്തിലിരിക്കുന്ന വൈസ് ചാന്‍സലര്‍ അനധികൃതമായി ഇരട്ടശമ്പളം വാങ്ങി 20 ലക്ഷം രൂപ തട്ടിയെടുക്കുന്നതായും പറയപ്പെടുന്നു. പ്രൊ വൈസ് ചാന്‍സലറാവട്ടെ നിരവധി മോശം അവസ്ഥകളിലെ പിന്തുണയോടെയാണ് അവിടെയെത്തിയതെന്നും പിന്നാമ്പുറ വാര്‍ത്തയുണ്ട്. ഓഫിസ് ജീവനക്കാരില്‍ അധികവും ആര്‍.എസ്.എസ് നിര്‍ദ്ദേശപ്രകാരം ജോലി നേടിയ കരാറുകാരാണ്. ആരെങ്കിലും അവരെ ചോദ്യം ചെയ്താല്‍ മാടമ്പി മുറയില്‍ ശിക്ഷ നേടേണ്ടി വരുമെന്നാണ് സര്‍വ്വകലാശാലയുടെ സമകാല നടപടികള്‍ വ്യക്തമാക്കുന്നത്.

 

സുബ്രഹ്മണ്യന്‍ എന്നിന്‍റെ ഫേസ് ബുക് ലിങ്ക്

https://www.facebook.com/sarath.subramanian.1/posts/1671105672999804

 

 

Spread the love