Monday, January 17

പെണ്‍ സുന്നത്ത്: നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍, മതസ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് ദാവൂദി ബോറ സ്ത്രീകള്‍

ഇന്ത്യയിലെ ദാവൂദി ബോറ മുസ്ലീം സമുദായത്തില്‍ നിലനില്‍ക്കുന്ന പെണ്‍ സുന്നത്ത് (ചേല കര്‍മ്മം) നിരോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സ്ത്രീകളുടെ ലൈംഗീക ചോദനകള്‍ കുറയ്ക്കുന്നതിനായി ഭഗച്ഛിനികയുടെ ഒരു ഭാഗം മുറിച്ചു മാറ്റുന്നതാണ് സ്ത്രീ ചേല കര്‍മ്മം. മനുഷ്യത്വരഹിതവും ക്രൂരവുമായ ആചാരത്തിനെതിരെ വിവിധ സ്ത്രീ സംഘടനകള്‍ രംഗത്ത് വരികയും ഈ ഹീനകൃത്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മതത്തിന്റെ പേരില്‍ സ്ത്രീ ശരീരത്തിന്റെ സമഗ്രത ലംഘിക്കുന്ന ഏതൊരു ആചാരത്തിനും തങ്ങള്‍ എതിരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ മുസ്ലീം രാജ്യങ്ങളില്‍ വളരെ വ്യാപകമായി നടക്കുന്ന ഒന്നാണ് സ്ത്രീ ചേല കര്‍മ്മം.

സ്ത്രീകളുടെ ലൈംഗീക ചോദന നിയന്ത്രിക്കുന്നതിനായി അസാന്മാര്‍ഗ്ഗിക ശരീര ഭാഗം എന്ന് വിശേഷിപ്പിച്ചാണ് കൃസരിയുടെ പ്രധാന ഭാഗം നീക്കം ചെയ്യുന്നത്. ആറ്, ഏഴ് വയസ് പ്രായമുള്ള പെണ്‍കുട്ടികളിലാണ് ഇത് ചെയ്യുന്നത്. മിക്കപ്പോഴും ഡോക്ടര്‍മാരോ മറ്റ് അംഗീകൃത യോഗ്യതയുള്ളവരോ ആയിരിക്കില്ല ഈ കര്‍മ്മം ചെയ്യുന്നതെന്ന് പെണ്‍കുട്ടികളുടെ ജീവന് പോലും അപകടകരമാകുന്നു.

എന്നാല്‍ ഷിയ മുസ്ലീങ്ങളുടെ ഒരു ഉപവിഭാഗമായ ബോറ സമുദായത്തിനിടയില്‍ മാത്രമല്ല ഇന്ത്യയില്‍ ഈ അനാചാരം നിലനില്‍ക്കുന്നത്. സുന്നത്ത് കല്യാണം എന്ന പേരില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചില മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ഈ അനാചാരം വ്യാപകമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ അനാചാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ സുനിത തിവാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന് എന്തെങ്കിലും മതപരമായ പിന്തുണയില്ലെന്നും ഏതെങ്കില്‍ വൈദ്യശാസ്ത്രപരമായ ആവശ്യത്തിന്റെ പേരിലല്ല ചേലകര്‍മ്മം നടത്തുന്നതെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വൃത്തിഹീനവും നിയമവിരുദ്ധവുമായ സാഹചര്യങ്ങളില്‍ ആചരിക്കപ്പെടുന്ന ഈ അനുഷ്ഠാനം ജാമ്യമില്ല വകുപ്പായി കണക്കാക്കണമെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ സമുദായത്തിന്റെ പാരമ്പര്യം നിലനിറുത്തണമെന്ന ആവശ്യപ്പെടുന്ന ബോറ സ്ത്രീകളുടെ നിലപാട് പൊതുതാല്‍പര്യ ഹര്‍ജിക്ക് വിരുദ്ധമാണ്. ഈ ആവശ്യവുമായി 69,000 ദാവൂദി ബോറ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ദാവൂദി ബോറ വുമണ്‍സ് അസോസിയേഷന്‍ ഫോര്‍ റിലിജിയസ് ഫ്രീഡം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഏതെങ്കിലും അവയവം മുറിച്ചുമാറ്റപ്പെടുന്നില്ലെന്നും തൊലി നീക്കം ചെയ്യുക മാത്രമാണ് ചേല കര്‍മ്മത്തില്‍ സംഭവിക്കുന്നതെന്നും അവര്‍ വാദിക്കുന്നു.

ചേലകര്‍മ്മം ഒരു ആചാരവും അടിസ്ഥാന മതപ്രമാണവുമാണെന്ന് തങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നതായി അസോസിയേഷന്‍ സെക്രട്ടറി സമിന കാഞ്ച്വാല പറയുന്നു. എന്നാല്‍ സമുദായത്തില്‍ തന്നെയുള്ള ചിലര്‍ ഇത് അനുഷ്ഠിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നുമാണ് അവരുടെ നിലപാട്. എന്നാല്‍ മതത്തിന്റെ എല്ലാ പ്രമാണങ്ങളും പാലിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും സമിന വാദിക്കുന്നു. മത സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയും 25, 26 അനുച്ഛേദങ്ങള്‍ അനുസരിച്ചുള്ള സ്വാതന്ത്ര്യം ബോറ മുസ്ലീങ്ങള്‍ക്ക് ഉറപ്പാക്കണമെന്ന് അസോസിയേഷന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി വാദിച്ചു.

Read Also  മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ പൊലീസ് നടപടി തുടരാമെന്ന് സുപ്രീം കോടതി

എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഈ നിലപാടുകളോട് യോജിക്കുന്നില്ല. സ്ത്രീകളുടെ ബാഹ്യ ലൈംഗീക അവയവങ്ങളുടെ പൂര്‍ണമോ ഭാഗീകമോ ആയ നീക്കം ചെയ്യലുകളോ അല്ലെങ്കില്‍ ആരോഗ്യപരമല്ലാത്ത കാരണങ്ങളാണ് സ്ത്രീ ലൈംഗീക അവയവങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കുന്നതോ ആയ ഏതൊരു പ്രക്രിയയും സ്ത്രീ ചേലകര്‍മ്മത്തിന്റെ പരിധിയില്‍ വരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കൃസരി ഭാഗീകമോ പൂര്‍ണമോ ആയി നീക്കം ചെയ്യുന്നതും അഗ്രചര്‍മ്മം നീക്കുന്നതും കടുത്ത മനുഷ്യാവകാശ ലംഘനമായി ആഗോളതലത്തില്‍ കണക്കാക്കപ്പെടുന്നു. സാധാരണ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളിലാണ് ചേലകര്‍മ്മം നടത്തുന്നത്. ഇത് ഇന്ത്യ ഒപ്പിട്ടിരിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭ ഉടമ്പടിയുടെ ലംഘനമാണ്. സ്ത്രീ ചേലകര്‍മ്മം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷമാണ് യുഎന്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയത്.

എന്നാല്‍ വിഷയത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് പരസ്പരവിരുദ്ധമാണ്. ചേലകര്‍മ്മം ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും പോസ്‌കോ നിയമപ്രകാരവും കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബോറ പുരോഹീത മേധാവി സൗയ്ദനയ്ക്കും കത്തയ്ക്കുമെന്ന് കേന്ദ്ര വനിത, ശിശുവികസന മന്ത്രി മനേക ഗാന്ധി 2017ല്‍ പറഞ്ഞിരുന്നു. സൗയ്ദന ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെങ്കില്‍ ആചാരം ഇന്ത്യയില്‍ നിരോധിക്കുന്ന നിയമം കൊണ്ടുവരുമെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ചേലകര്‍മ്മം നടക്കുന്നില്ലെന്നാണ് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമാണ് ഇന്ത്യ എന്ന റോയിട്ടേഴ്‌സ് സര്‍വെ ഫലം പുറത്തുവന്നപ്പോള്‍ 2018 ജൂണ്‍ 27ന് അവര്‍ പ്രതികരിച്ചത്. ഇത്തരം ചാഞ്ചാട്ടങ്ങള്‍ ചേലകര്‍മ്മ ഇരകള്‍ക്കിടയില്‍ ഭീതി ജനിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയില്‍ ചേലകര്‍മ്മം നടക്കുന്നു എന്ന കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ഇതിനകം തന്നെ പുറത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഈ ക്രിമിനല്‍ ആചാരത്തിന് അനുകൂലമാണോ എന്ന സംശയവും അവരില്‍ ഉടലെടുക്കുന്നുണ്ട്.

Spread the love

Leave a Reply