Thursday, January 20

പ്രളയാനന്തരം കേരളത്തില്‍ പുതിയ ഇനം മീനുകളും തുമ്പികളും മറ്റ് ജീവികളെയും കണ്ടു തുടങ്ങി

പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഫലമായി ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് തിരിച്ചെത്തി. ജീവിതം പഴയ പടി കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രളയാനന്തരം ശാസ്ത്രജ്ഞരും ഗവേഷകരും കര്‍ഷകരും കേരളത്തിന്‍റെ പരിസ്ഥിതിയില്‍ വന്‍ മാറ്റങ്ങളാണ് കണ്ടെത്തുന്നത്.

കേരളത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിചിത്രമീനുകളെ കണ്ടതായി മുക്കുവര്‍ പറയുന്നു. മുമ്പ് കണ്ടിട്ടില്ലാത്ത വിവിധയിനം വിചിത്രമീനുകളുടെ  ചിത്രങ്ങള്‍ വാട്സ് ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്. ആമസോണ്‍ കാടുകളിലെ ശുദ്ധജലതടാകങ്ങളിലുള്ള മനുഷ്യനോളം വലിപ്പമുള്ള അരാപൈമയെ ചാലക്കുടിപ്പുഴയില്‍ കണ്ടതാണ് ഇപ്പോള്‍ വൈറലാവുന്ന വാട്സ് ആപ്പ് ചിത്രം.

കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി വേമ്പനാട്ട് കായലിനെ പഠിച്ചു കൊണ്ടിരിക്കുന്ന ഗവേഷകര്‍ പ്രളയശേഷം ജീവിവര്‍ഗ്ഗത്തിലുണ്ടായ വ്യതിയാനം രേഖപ്പെടുത്തുന്നുണ്ട്. ഞങ്ങള്‍ എല്ലാ വര്‍ഷവും മേയ് മൂന്നാം വാരം മത്സ്യ സമ്പത്തിന്‍റെ കണക്കെടുക്കാറുണ്ട്. അങ്ങനെ വേമ്പനാട് കായലിന്‍റെ അടിസ്ഥാനവിവരങ്ങള്‍ തയ്യാറായിട്ടുമുണ്ട്. ഈ വര്‍ഷം പ്രളയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും കണക്കെടുപ്പ് നടത്തി. മീന്‍ പല മടങ്ങ് വര്‍ദ്ധിച്ചിട്ടുള്ളതായാണ് കാണാന്‍ കഴിഞ്ഞത്. എന്നാണ് ബാംഗ്ലൂര്‍ എ റ്റി ആര്‍ ഇ ഇയിലെ പ്രിയദര്‍ശനന്‍ ധര്‍മ്മരാജന്‍ പറഞ്ഞത്.

ആഗസ്റ്റ് 15,16,17 തീയതികളിലെ കടുത്ത മഴയ്ക്ക് ശേഷം 18ാം തീയതി മീന്‍ പിടിക്കാന്‍ വേമ്പനാട്ടു കായലില്‍ പോയവര്‍ നിരവധി അസാധാരണമീനുകളെ കണ്ടെന്ന് പറഞ്ഞതായി എ ആര്‍ റ്റി ഇ ഇയിലെ അനു രാധാകൃഷ്ണന്‍ വ്യക്തമാക്കി. പ്രളയം കഴിഞ്ഞുള്ള ആദ്യ ആഴ്ച കായലില്‍നിന്നും 300 മുതല്‍ 400 കിലോവരെ മുമ്പ് കണ്ടിട്ടില്ലാത്ത അപൂര്‍വ്വയിനം മീനുകള്‍ കിട്ടി. തെക്കേ അമേരിക്കയിലെ ചുവപ്പു നിറത്തിലുള്ള പക്കുവും ആസാം വാളയും അതില്‍പ്പെടുന്നു. പ്രളയശേഷം വേമ്പനാട്ടു കായലില്‍ കാണപ്പെട്ട മറ്റൊരു മീന്‍ ആഫ്രിക്കന്‍ ക്യാറ്റ് ഫിഷാണ്. ഇവിടത്തെ തനതു മീനുകളെ കൂടാതെ അലിഗേറ്റര്‍ ഗാര്‍, സ്ലഗ്ഗിഷ് കാര്‍ണിവോര്‍ മുതലായവയെയും കാണുകയുണ്ടായി.

ഇവയില്‍ എങ്ങനെയാണ് കേരളത്തിന്‍റെ പരിസ്ഥിതിയില്‍ എത്തിയതെന്ന് അറിയില്ല. ഇവയില്‍ പലതും കേരളത്തില്‍ നിരോധിതമാണ്. ചില അക്വാട്ടിക് ഫാമുകളില്‍ ഇവയെ അനധികൃതമായി വളര്‍ത്തുന്നുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഈ വിചിത്ര മീനുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ളവയാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ തനതു മീനുകളുടെ പ്രജനനം വികസിപ്പിച്ചിട്ടില്ലെന്നും ഫിഷറീസ് സര്‍വ്വകലാശാല ആ മേഖലയില്‍ ശ്രദ്ധ ചെലുത്തണമെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്.

വേമ്പനാട്ടു കായലില്‍ വിചിത്രമീനുകളെത്തിയതാണ് മാറ്റമെങ്കില്‍ വയനാട്ടില്‍ മണ്ണിരകള്‍ അപ്രത്യക്ഷമായതാണ് കര്‍ഷകര്‍ കണ്ടെത്തിയ മാറ്റം. മണ്ണിലെ ജലാംശം വറ്റിയതാണ് അതിന്‍റെ കാരണമായി വയനാട് മണ്ണു പരിശോധനാ ഓഫീസര്‍ പി യു ദാസ് പറയുന്നത്. മണ്ണിരകളുടെ വംശനാശം വിളകളെ ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

പ്രളയാനന്തരം കേരളത്തില്‍ വ്യാപിക്കുന്ന മറ്റൊരു ജീവി ഭീമാകാരന്മാരായ ആഫ്രിക്കന്‍ ഒച്ചുകളാണ്. ഏലൂരിലും പരിസരപ്രദേശങ്ങളിലും ഇവയുടെ കടന്നു കയറ്റമാണ്. ലോകത്തെ നാശകാരിയായ 100 ജീവികളില്‍ ഇവയും പെടുന്നുണ്ട്. ഇവയുടെ സ്രവത്തില്‍ നിന്നും ഈസ്നോഫീലിക് മെനിഞ്ജെറ്റിസ് ഉണ്ടാകുമെന്നാണ് അരവിന്ദ് പറയുന്നത്. പച്ചക്കറികള്‍ക്കും മറ്റ് കാര്‍ഷികവിളകള്‍ക്കും അവ വളരെ ദ്രോഹകാരിയാണ്. ഒരു സമയം 300 മുതല്‍ 500വരെ മുട്ടയിട്ട് പെരുകുന്നവയാണിത്.  

പെരിയാര്‍ കടുവാസങ്കേതത്തില്‍ സെപ്റ്റംബര്‍ 7, 8, തീയതികളില്‍ 80 തരം തുമ്പികളെ കണ്ടെത്തിയതില്‍ 8 എണ്ണം പുതിയ ഇനമാണ്. അതില്‍ മൂന്നെണ്ണം തികച്ചും അപൂര്‍വ്വവുമാണ്.

പ്രളയശേഷം കേരളം പതിയെ തിരികെ വരുകയാണെങ്കിലും പരിസ്ഥിതിയിലും സസ്യജന്തുകുലത്തിലും വന്നിട്ടുള്ള മാറ്റം പുതിയ ഗവേഷണങ്ങള്‍ക്ക് വഴി തുറക്കുകയാണ്.

 

Spread the love

Leave a Reply