Wednesday, January 19

ചെന്താരശ്ശേരി; അക്കാദമികചരിത്രരചനയ്ക്ക് പുറംതിരിഞ്ഞു നടന്ന എഴുത്തുകാരന്‍

രാജേഷ് ചിറപ്പാട്

തിരുവന്‍ ഹീര പ്രസാദ് ചെന്താരശ്ശേരി എന്ന ടി എച്ച് പി ചെന്താരശ്ശേരി വിടവാങ്ങി. അദ്ദേഹം കേരളീയ സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ വേണ്ടവിധം തിരിച്ചറിയപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനുമുന്നിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. അക്കാദമിക് ചരിത്രരചനയുടെ വഴികളിലൂടെയല്ല ചെന്താരശ്ശേരി സഞ്ചരിച്ചത്. കേരള നവോത്ഥാനത്തിന്റെ ഇരുളടഞ്ഞ ചരിത്രവഴികളില്‍ പ്രകാശം നിറച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്. അയ്യന്‍ കാളിയെയും പൊയ്കയില്‍ അപ്പച്ചനെയും പാമ്പാടി ജോണ്‍ ജോസഫിനെയും തെളിമയോടെ അവതരിപ്പിച്ചത് ചെന്താരശ്ശേരിയായിരുന്നു. അംബേദ്കറെക്കുറിച്ചും അയ്യന്‍കാളിയെക്കുറിച്ചും അദ്ദേഹം ഒന്നിലധികം പുസ്തകങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതി.

കേരള നവോത്ഥാനത്തെ സംബന്ധിച്ച് വലിയ ആലോചനകള്‍ ഉണ്ടാവാത്ത കാലത്തായിരുന്നു. ചെന്താരശ്ശേരി തന്റെ ഗ്രന്ഥങ്ങള്‍ രചിച്ചത്. പിന്നീട് നവോത്ഥാനനായകരെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിക്കപ്പെടുന്നുണ്ട്.
അതിനെല്ലാം ആധാരമായി നിന്നത് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളായിരുന്നു. അന്വേഷണങ്ങളിലൂടെയും നിഗമനങ്ങളിലൂടെയും ചെന്താരശ്ശേരി കണ്ടെത്തിയ പല ചരിത്രവസ്തുതകളും പില്‍ക്കാലത്ത് നവോത്ഥാനചരിത്രരചനയില്‍ വിലപ്പെട്ട അറിവുകളായി മാറി. കേരളത്തില്‍ ഉയര്‍ന്നുവന്ന ദലിത് കീഴാള എഴുത്തിന്റെയും സംസ്‌കാരികചലനങ്ങളുടെയും വിജ്ഞാനപരിസരത്തെ സൃഷ്ടിച്ചതില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

എന്നാല്‍ ഇത്തരം വ്യവഹാര പരിസരത്തുനിന്നു അദ്ദേഹം അകന്നുനിന്നു. കേരളത്തിന്റെ സാംസ്‌കാരിക പൊതുമണ്ഡലവും അദ്ദേഹത്തെ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിച്ചില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ നല്ല പങ്കും തിരുവനന്തപുരത്തെ ഏജീസ് ഓഫീസിലായിരുന്നു. അവിടെ ജോലി ചെയ്യുന്ന സമയത്താണ് അദൃശ്യതയില്‍ നിലനിന്നിരുന്ന ചില ചരിത്രവസ്തുതകലെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അന്വേഷിക്കാന്‍ തുടങ്ങുന്നത്. അത്തരം അന്വേഷണങ്ങളാണ് ചെന്താരശ്ശേരിയെ ഒരു ചരിത്രകാരനാക്കി മാറ്റിയത്.

അയ്യന്‍കാളിയുടെ സാധുജനപരിപാലനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം നിന്നിരുന്ന എണ്ണിക്കാട് കുടുംബത്തിലാണ് ചെന്താരശ്ശേരി ജനിച്ചത്. അതുകൊണ്ടുതന്നെ നവോത്ഥാനത്തിന്റെ ഊര്‍ജ്ജം ചെറുപ്പം മുതല്‍ക്കേ അദ്ദേഹത്തിലുടലെടുത്തു. ചരിത്രപരമായ ഒരു നിയോഗമാണ് അദ്ദേഹം പൂര്‍ത്തീകരിച്ചത്. ചരിത്രരചനയുടെ സാമ്പ്രദായികവും അക്കാദമികവുമായ മാനദണ്ഡങ്ങളെ അദ്ദേഹം പൊളിച്ചെഴുതി. മാത്രമല്ല ദലിത് സമൂഹത്തിനു സവിശേഷമായ ചരിത്രമുണ്ടെന്നു കേരളീയസമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ജീവചരിത്രരചന എന്നത് അത് എഴുതുന്ന ആളുടെ ഭാവനാവിലാസങ്ങള്‍ മാത്രമല്ലെന്ന് അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തി. വസ്തുതകളും ഭാവനയും ചേര്‍ന്നുള്ള ഭാഷാലീലകള്‍ക്കപ്പുറമായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. പറയേണ്ടത് പറയേണ്ടതുപോലെ തെളിഞ്ഞ ഭാഷയില്‍ അദ്ദേഹം എഴുതിവെച്ചു. പിന്നീട് ഉയര്‍ന്നുവന്ന ദലിത് കീഴാള ചരിത്രകാരന്മാരുടെ മാര്‍ഗ്ഗദര്‍ശിയായി ചെന്താരശേരിയെ കാണാവുന്നതാണ്.

ഒരു പ്രമുഖ വാരികയ്ക്ക് വേണ്ടി അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ചെന്താരശ്ശേരിയുമായി ഒരു ഇന്റെര്‍വ്യൂ ചെയ്യാന്‍ ഞങ്ങള്‍ ആലോചിച്ചിരുന്നു. പക്ഷെ അത് ചില തിരക്കുകളാല്‍ നീണ്ടുപോയി. ചെറുകിട പ്രസാധകരായിരുന്നു അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ കൂടുതലും പ്രസിദ്ധീകരിച്ചിരുന്നത്. പക്ഷെ അദ്ദേഹത്തിനു വലിയൊരു വായനാസമൂഹമുണ്ടായിരുന്നു. `തലമുറകള്‍` എന്നൊരു നോവലും അദ്ദേഹം എഴുതിയിട്ടുണ്ട്. ജീവിതത്തിന്റെ അന്ത്യഘട്ടത്തിലും പ്രവര്‍ത്തനനിരതനായിരുന്നു അദ്ദേഹം. കേരളം ഇനിയെങ്കിലും അദ്ദേഹത്തെ തിരിച്ചറിയണം. ചെന്താരശ്ശേരിയുടെ പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കപ്പെടണം. സ്‌കൂള്‍ കോളേജ് സിലബസുകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പഠിപ്പിക്കണം. പുതിയ തലമുറയെ അദ്ദേഹത്തിന്റെ രചനകള്‍ പരിചയപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്., അദൃശ്യതയില്‍ ആണ്ടുപോയ ചരിത്രങ്ങളെ ദൃശ്യതയിലെക്ക് കൊണ്ടുവന്ന ടി എച്ച് പി ചെന്താരശ്ശേരി ഒരിക്കലും അദൃശ്യതയിലേക്ക് മറഞ്ഞുകൂടാ.

Spread the love
Read Also  'ആദിമധ്യാന്തം' ചരിത്രത്തിൽ മുങ്ങിയ ചെന്താരശ്ശേരി

Leave a Reply