Thursday, January 20

നമ്മള്‍ അതിജീവിക്കും; യുവാക്കള്‍ നമ്മുടെ സംസ്കാരത്തിന്‍റെ പതാക വാഹകര്‍: മുഖ്യമന്ത്രി

 

രക്ഷാപ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണതയിലെത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രക്ഷപെടുത്തിയത് 602 പേരെ. എങ്കിലും ഏതെങ്കിലും സ്ഥലത്ത് ഒറ്റപ്പെട്ടു കിടക്കുന്ന അവസാനത്തെ ആളെയും കണ്ടെത്തി രക്ഷപ്പെടുത്തുന്നത് വരെ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വീട് വൃത്തിയാക്കി വാസയോഗ്യമാക്കിയതിനു ശേഷമേ ക്യാമ്പില്‍ നിന്നും വീട്ടിലേക്കു പറഞ്ഞയക്കൂ. വീട്ടില്‍ പോകുമ്പോള്‍ സാധാരണ ജീവിതം തുടങ്ങാനാവശ്യമായ സാധനങ്ങള്‍ അടങ്ങിയ കിറ്റ് കൂടി കൊടുത്തയക്കും.

ഇതൊരു വലിയ പ്രതിസന്ധിയാണ്. പക്ഷെ നമ്മള്‍ ഇതിനെ അതിജീവിക്കും. ഒറ്റക്കെട്ടായി നിന്ന കേരള ജനതയുടെ സമീപനം ആണ് ഈ ആത്മവിശ്വാസത്തിന്‍റെ അടിത്തറ. രാജ്യസ്നേഹത്തിന്‍റെ  ഉദാത്ത മാതൃക കാണിച്ചുകൊണ്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ട്. ലോകത്തിലെ മനുഷ്യസ്നേഹികളാകെ നമുക്ക് സഹായം നല്‍കുന്നു, നമ്മെ പിന്തുണയ്ക്കുന്നു. എല്ലാ കോണുകളില്‍ നിന്നും സഹായങ്ങള്‍ ഉണ്ടാകണം.

മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം ഏറെ മതിപ്പുണ്ടാക്കി. അവര്‍ക്ക് വലിയ ആദരവ് നല്‍കേണ്ടതുണ്ട്. അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. നല്ല അര്‍പ്പണബോധത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.  രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും 29-ആ തീയതി തിരുവനന്തപുരത്ത് വച്ചു ആദരവു നല്‍കും. എല്ലാവരും ആ ചടങ്ങില്‍ പങ്കെടുക്കണം. നമ്മുടെ നാടിന്‍റെ ഏറ്റവും ഉദാത്തമായ മാതൃകയെ ആദരിക്കുന്ന ചടങ്ങായിരിക്കും അത്. അതുപോലെ സ്വയമേവ മുന്നിട്ടിറങ്ങിയ നമ്മുടെ നാട്ടിലെ യുവജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്കുവഹിച്ചു. അവര്‍ ആരുടെയും നിര്‍ബന്ധമില്ലാതെ എല്ലാ വെല്ലുവിളികളെയും നേരിട്ട് രംഗത്തിറങ്ങി. അതൊരു തിളങ്ങുന്ന അധ്യായമാണ്. അവര്‍ കാണിച്ച അര്‍പ്പണബോധവും ത്യാഗസന്നധതയും ശ്ലാഘിക്കാതെ വയ്യ. നമ്മുടെ യുവത്വം, ഭാവി തലമുറ നമ്മുടെ ഉജ്ജ്വലമായ സംസ്കാരത്തിന്റെ പതാക വാഹകരാവുന്നു. മോട്ടോര്‍ വാഹനഉടമകളുടെ സഹകരണവും മികച്ചതായി. ലോറി ഉടമകളും മറ്റും സാഹസികമായി രംഗത്തെത്തിയിട്ടുണ്ട്. അതിലെ ഡ്രൈവർമാരുടെ കരളുറപ്പ് പലരുടെയും ജീവന്‍ തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.

ക്യാമ്പിലുള്ളവരെ സഹായിക്കുന്ന നല്ലമനസ്സിനെ ശ്ലാഘിച്ച മുഖ്യമന്ത്രി, ചില മോശം പ്രവണതകളെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ചില സംഘടനയുടെ ആളുകള്‍ അവരുടെ അടയാളം ചാര്‍ത്തി കാമ്പിലെത്തുന്നത് വളരെ മോശമാണ്. ക്യാമ്പിലെ ഉദ്യോഗസ്ഥരുമായി സഹകരിച്ചു പ്രവര്‍ത്തിക്കണം.

ഓണവുമായി ബന്ധപ്പെട്ടു ആര്‍ഭാടകരമായ ചടങ്ങുകള്‍ ഒഴിവാക്കണം. അതിനു ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ നല്ല മനസ്സുള്ളവര്‍ തയാറാകണമെന്നു അദ്ദേഹം അഭ്യര്‍ഥിച്ചു.

ചില തെറ്റായ പ്രവണതകള്‍-ഒറ്റപ്പെട്ടതെങ്കിലും- ചിലേടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിയ വീടുകളില്‍ സാധനങ്ങള്‍ തപ്പി ഇറങ്ങിയവരുണ്ട്. ദുരിതാശ്വാസത്തിനു എന്ന് പറഞ്ഞു ഫണ്ട്‌ ശേഖരിക്കാന്‍ ചില തെറ്റായ രീതികള്‍ സ്വീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവര്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിക്കും. അത്തരം തെറ്റായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവര്‍ അതില്‍ നിന്ന് പിന്തിരിയണം. സംഭാവന നല്‍കേണ്ടവര്‍ നേരിട്ട് നിധിയിലേക്ക് നല്‍കണം.

 

ഇനി ഊന്നല്‍നല്‍കേണ്ടത് നാടിന്‍റെ പുനര്‍നിര്‍മ്മാണത്തിനാണ്. വളരെ ഭാരിച്ച ഉത്തരവാദിത്തമാണത്. അതിനുവേണ്ട വിഭവങ്ങള്‍ കണ്ടെത്തുന്നത് ഏറ്റവും ശ്രമകരമാണ്. 20000 കോടിയുടെ നഷ്ടമാണ് പ്രാഥമികവിലയിരുത്തല്‍. ഒരു വര്‍ഷത്തെ പദ്ധതിചിലവിനു വിലയിരുത്തിയ അത്രയും തുകതന്നെ പ്രളയത്തില്‍ നിന്ന് കരകയറാന്‍ വേണ്ടിവരുന്നു. 37000 കോടിയാണ് പദ്ധതി അടങ്കല്‍. വികസനം മുരടിപ്പിക്കാതെ ഈ തുക കണ്ടെത്തണം. ഇതു കൂടാതെ പ്രളയബാധിതരുടെ ജീവിതമാര്‍ഗങ്ങള്‍ പുനരുജ്ജീവിപ്പിക്കണം. പാരിസ്ഥിതിക ആഘാതംകൂടി കണക്കിലെടുത്താല്‍ ഒരു പഞ്ചവല്‍സര പദ്ധതിക്ക് തുല്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് വേണ്ടിവന്നിരിക്കുന്നത്.

Read Also  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യും

സി ഐ ഐ (ഇന്ത്യന്‍ വ്യവസായികളുടെ സംഘടന) ആയിരം വീടുകളുടെ കേടുപാടുകള്‍ തീര്‍ത്തു നല്‍കാമെന്നു വാഗ്ദാനം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ക്യാമ്പിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും. ആശുപത്രിയില്‍ എത്തിക്കേണ്ടവരെ ആശുപത്രിയില്‍ എത്തിക്കും.

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ പഞ്ചായത്ത് വാര്‍ഡില്‍ 25000 രൂപയും, നഗര വാര്‍ഡില്‍ 50000 രൂപയും അനുവദിച്ചിട്ടുണ്ട്.

Spread the love