Tuesday, September 22

മഹാമാരിയാവാൻ സാധ്യതയുള്ള പുതിയയിനം വൈറസ് ചൈനയിൽ കണ്ടെത്തി

ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി കോവിഡ് 19 വ്യാപനത്തിനെതിരെ പൊരുതുന്നതിനിടെ ഭീഷണിക്കു സാധ്യതയുള്ള പുതിയ ഇനം വൈറസ് ചൈനയിൽ കണ്ടെത്തിയത് ആശങ്ക ഉയർത്തുകയാണ്. കോവിഡ് പോലെതന്നെ വ്യാപകമായി പടർന്നു പിടിക്കാൻ ശേഷിയുള്ള മാരകമായ വൈറസിനെയാണ് ഗവേഷകർ ചൈനയിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അത് ഇതുവരെ മനുഷ്യനിലേക്ക് പകർന്നിട്ടില്ലെങ്കിലും അതിന് സാധ്യതയുള്ളതായി ഗവേഷകർ പറയുന്നു. പന്നികളിലാണ് പുതിയ ഇനം ഫ്ളൂ വൈറസ് സ്വഭാവമുള്ള രോഗാണു കണ്ടെത്തിയത്. ‘G4 EA H1N1’ എന്നാണു വൈറസിനെ വിശേഷിപ്പിക്കുന്നത്. യു എസ് ഗവേഷണ പ്രസിദ്ധീകരണമായ ‘പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസി’ൽ (PNAS) പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഈ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിട്ടുള്ളത് .

ചൈനയിലെ പന്നി ഫാമുകളിലാണ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ലോകം ഒന്നടങ്കം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കെ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തിയത് വളരെ ഗൗരവത്തോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്. ഈ പുതിയ ഇനം വൈറസിന് ജനിതക മാറ്റം സംഭവിച്ച്‌ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരാൻ ശേഷി ലഭിച്ചാൽ, ആഗോളതലത്തിൽ തന്നെ അത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് ആശങ്കയുണ്ട്. പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളുമായി ബന്ധപ്പെട്ട വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടി കൈക്കൊള്ളണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. ലോകം ഒന്നടങ്കം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കെ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തിയത് വളരെ ഗൗരവത്തോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്.  ബി ബി സി യാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്

H1N1 വൈറസിന് സമാനമായ ഈ വൈറസിനെ പ്രതിരോധിക്കാൻ മനുഷ്യന് സാധ്യമല്ലെന്നാണ് പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്. പന്നിപ്പനിയുടെ വർഗ്ഗത്തിൽ പെട്ട വൈറസ് വ്യാപനമുണ്ടാകുമോ എന്ന് ഇപ്പോൾ ഭയക്കേണ്ടതില്ലെങ്കിലും സമീപഭാവിയിൽ ഗൗരവമായ തരത്തിലുള്ള നിരീക്ഷണങ്ങളും ജാഗ്രതയും ആവശ്യമാണ്. മനുഷ്യരെ ബാധിക്കുന്ന തരത്തിൽ അതിന് ജനിതകവ്യതിയാനം സംഭവിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നതിനാൽ, നിരന്തര നിരീക്ഷണം ആവശ്യമുണ്ടെന്ന് ഗവേഷകർ പറയുന്നു.

ഇതുവരെ വിപണിയിൽ ലഭ്യമായ മരുന്നുകൾ ഉപയോഗിച്ച് ഈ വൈറസിനെ ചെറുക്കാൻ കഴിയില്ല. പന്നിപ്പനിയുടെ വൈറസ് പോലെ വ്യാപനമുണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കുക എന്നതാണ് മുൻകരുതലായി ചെയ്യേണ്ടത്. യു കെ യിലെ നോട്ടിങാം സർവകലാശാലയിലെ പ്രൊഫസർ കിൻ-ചൗ ചാങിന്റെ നേതൃത്വത്തിലായിരുന്നു വൈറസ് സംബന്ധിച്ച പഠനം നടന്നത്. കോവിഡ് വൈറസു പോലെ വ്യാപകമാകാൻ സാധ്യതയുള്ള വൈറസ് ആയതിനാൽ ഇത് മനുഷ്യരിലേക്ക് പടരാതിരിക്കാനായി കനത്ത ജാഗ്രത പുലർത്തുകയാണ് ശാസ്ത്രസമൂഹം

Spread the love
Read Also  ലോകം മുഴുവൻ മരണതാണ്ഡവമാടിയ പകർച്ചവ്യാധികളുടെ ചരിത്രം നൂറ്റാണ്ടുകളിലൂടെ