Wednesday, July 8

ചൈനയിൽ ഉയിഗുർ മുസ്ലിങ്ങൾക്ക് നിർബന്ധിതവന്ധ്യംകരണം ; ലംഘിക്കുന്നവരെ തടങ്കൽ പാളയങ്ങളിലേക്കു മാറ്റുന്നു

ചൈനയിൽ മുസ്ലീം ന്യൂനപക്ഷ വിഭാഗമായ ഉയ്ഗുര്‍ വംശജരെ ആസൂത്രിതമായി ഉന്മൂലനം ചെയ്യുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. അടുത്ത കാലത്തായി ഉയ്ഗുർ മുസ്ലിംകളെ വംശഹത്യ നടത്തുന്ന പ്രവണത വര്ധിക്കുകയാണെന്നു റിപ്പോർട്ടുകൾ പാശ്ചാത്യമാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തുകയാണ്. ഇതോടെ ചൈനയുടെ മനുഷ്യാവകാശലംഘനത്തിനെതിരെ ആക്ടിവിസ്റ്റുകൾ രംഗത്തിറങ്ങിക്കഴിഞ്ഞു. ചൈനീസ് ഭരണകൂടത്തിന്റെ ഉയിഗുർ പീഡനങ്ങൾക്ക് ദശകങ്ങളുടെ പഴക്കമുണ്ടെങ്കിലും മാധ്യമവിലക്കുകൾ കാരണം വാർത്തകൾ പുറംലോകത്തെത്തുന്നില്ലെന്നാണ് ആക്ഷേപം.

ഒരു വര്ഷം മുമ്പ് ചൈനീസ് ഭരണകൂടത്തിന്റെ ഉയിഗുർ പീഡനത്തിന് സാക്ഷ്യം വഹിക്കുന്ന ചില വീഡിയോകൾ പുറത്തുവന്നിരുന്നു. ഈയിടെയായി മുസ്ലിംകൾക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . സിന്‍ജിയാങ് പ്രദേശത്തെ 1.2 കോടിയോളം വരുന്ന ജനവിഭാഗമായ ഉയിഗുർ വംശജരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് അടക്കം വിധേയമാക്കി തികച്ചും ആസൂത്രിതമായ വംശഹത്യയാണ് ചൈന നടത്തുന്നത് എന്നാണ് ആരോപണം.

ഉയ്ഗുര്‍ മുസ്ലീംകള്‍ ചൈനയില്‍ കടുത്ത വിവേചനവും അടിച്ചമര്‍ത്തലുകളുമാണ് നേരിടുന്നതെന്ന് ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും ചൈനയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ നിലവിൽ ഉയ്ഗുര്‍ മുസ്ലീംകളുടെ ജനസംഖ്യ കുറയ്ക്കാനുളള ആസൂത്രിത നീക്കം നടത്തുന്നു എന്നാണ് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

നിലവിലുള്ള ഉയിഗുർ വിരുദ്ധപ്രവണതകൾ ഇങ്ങനെയാണ് : പുരുഷന്മാരെ നിര്‍ബന്ധിതമായി വന്ധ്യംകരിക്കുക, സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ സ്ഥിരമായി IUDS സ്ഥാപിക്കുന്നത്തിലൂടെ ഗര്‍ഭ നിരോധനം നിര്‍ബന്ധമാക്കുക, ഗര്‍ഭം അലസിപ്പിക്കുക തുടങ്ങിയ നടപടികളാണ് ചൈന സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഉയ്ഗുര്‍ മുസ്ലീംങ്ങള്‍ക്ക് രണ്ട് കുട്ടികളില്‍ കൂടുതല്‍ വേണ്ട എന്നതാണ് ചൈനയുടെ തീരുമാനം. അതേസമയം ഇതരവിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ നിലവിൽ നിയന്ത്രണങ്ങൾ നിലവിലില്ല

അതേസമയം ഇനി രണ്ടില്‍ അധികം കുട്ടികള്‍ ഉയ്ഗുര്‍ മുസ്ലീംമിന് പിറന്നാല്‍ വന്‍ തുകയാണ് പിഴയായി സര്‍ക്കാരിലേക്ക് അടക്കേണ്ടതായി വരിക. സര്‍ക്കാരിന്റെ ഈ കരിനിയമം ഭയന്ന് നിര്‍ബന്ധിതമായ വന്ധ്യംകരണത്തിനും മറ്റ് ഗര്‍ഭനിരോധന മാര്‍ഗങ്ങളും വഴങ്ങുകയാണ് ഉയ്ഗുര്‍ മുസ്ലീങ്ങൾ എന്നാണ് റിപ്പോര്‍ട്ട്.

ഭരണകൂടത്തിന്റെ ഗര്ഭനിരോധനനിർദ്ദേശങ്ങൾ അംഗീകരിക്കാത്തവരെ ഡിറ്റന്‍ഷന്‍ ക്യാംമ്പുകളിലേക്ക് കൊണ്ട് പോയി ക്രൂരമായ പീഡനമുറകള്‍ക്ക് ഇരയാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിക്ക് വേണ്ടി അഡ്രിയന്‍ സെന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. നിരവധി ഉയ്ഗുര്‍ വംശജര്‍ ചൈനയില്‍ ഡിറ്റെന്‍ഷന്‍ ക്യാംപുകളില്‍ കഴിയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍

അടുത്ത കാലത്തായി ഈ വിഭാഗത്തിന്റെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 2015 മുതല്‍ 2018 വരെയുളള കാലയളവിൽ ഉയ്ഗുര്‍ മുസ്ലീംങ്ങള്‍ക്കിടയിലെ ജനന നിരക്ക് 60 ശതമാനമായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം അത് 24 ശതമാനമായി കുത്തനെ താഴ്ന്നു. ഭ്രൂണഹത്യയും വന്ധ്യംകരണവും ഉയ്ഗുര്‍ വംശജര്‍ക്കിടയില്‍ പതിവായിരിക്കുകയാണ്.

ഉയ്ഗുര്‍ മുസ്ലീംകള്‍ക്കെതിരെ വലിയ വികാരം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അവര്‍ ഭീകരവാദികളാണ് എന്നാണ് ചൈനയുടെ പൊതുവേയുളള നിലപാട്. അതുകൊണ്ട് തന്നെ ചൈനയില്‍ അവര്‍ക്ക് വേണ്ടി ഉയരുന്ന ശബ്ദങ്ങളും കുറവാണ്. ഈ വംശഹത്യയില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണം എന്നാണ് ഇപ്പോൾ ആവശ്യമുയരുന്നത്. അതേസമയം ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനം ഇല്ലാത്തത് ആണെന്നാണ് ചൈന മറുപടി നല്‍കുന്നത്..

Spread the love
Read Also  'കോവിഡ്' ലോകരാഷ്ട്രങ്ങൾ കൊടുംപട്ടിണിയിലേക്ക് ; ഒരു തരി അരിപോലും പാഴാക്കരുതെന്ന് യു എൻ മുന്നറിയിപ്പ്