Thursday, January 20

ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി മൂലം രാജ്യത്തെ ചെറുകിട സംരംഭങ്ങള്‍ പൂട്ടുന്നു, തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നു

കളിപ്പാട്ടങ്ങളും തുണിത്തരങ്ങളും മുതല്‍ മരുന്നുകളും സൈക്കിളുകളും വരെയുള്ള ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി മൂലം ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായശാലകള്‍ അടച്ചുപൂട്ടുന്നതായി പാര്‍ലമെന്റ് കമ്മിറ്റി കണ്ടെത്തി. ഇറക്കുമതി വര്‍ദ്ധിക്കുന്നത് മൂലം രാജ്യത്ത് വലിയ അളവിലുള്ള തൊഴില്‍ നഷ്ടം സംഭവിക്കുന്നതായും ഇന്നലെ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച് വാണിജ്യകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടെന്ന് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചൈനീസ് ഉല്‍പന്നങ്ങളുടെ കുറഞ്ഞ വില, നിയമം നടപ്പാക്കുന്ന ഏജന്‍സികളുടെ അനാസ്ഥ, കരയിലും കടലിലുമായി തുറന്നുകിടക്കുന്ന അതിര്‍ത്തികള്‍ എന്നീ ഘടകങ്ങള്‍ മൂലം ചൈനീസ് ഉല്‍പന്നങ്ങള്‍ കൊണ്ടുവന്ന് തള്ളാവുന്ന സ്ഥലമായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. തങ്ങളുടെ ആഭ്യന്തര വ്യവസായങ്ങളുടെ ശോഷണത്തിനും തൊഴില്‍ നഷ്ടങ്ങള്‍ക്കുമെതിരെ യുഎസും യൂറോപ്യന്‍ യൂണിയനും കര്‍ക്കശ നടപടികളാണ് സ്വീകരിക്കുന്നത്. ഇന്ത്യയിലെ വ്യവസായ സംരക്ഷണ നടപടികളുടെ കാര്യത്തിലും സര്‍ക്കാര്‍ അത്തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.

ചൈനീസ് സൗരോജ്ജ പാനലുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് മൂലം മാത്രം രാജ്യത്ത് രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ പരിശോധനകള്‍ കര്‍ശനമാക്കാത്തതിന്റെ പേരില്‍ കണക്കില്‍പെടാത്ത ധാരാളം സൈക്കിളുകള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യയുടെ ആഭ്യന്തര വ്യവസായശാലകള്‍ അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ അവരുടെ ഉല്‍പാദനം കുറയ്ക്കുകയോ ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന രീതിയിലുള്ള ഭീഷണിയാണ് ചൈനീസ് ഉല്‍പ്പന്ന്ങ്ങളുടെ ഇറക്കുമതി രാജ്യത്ത് സൃഷ്ടിക്കുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈനയുമായുള്ള വ്യാപരകമ്മി വര്‍ദ്ധിക്കുന്നത് സര്‍ക്കാരിനും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിന് ചൈനീസ് കമ്പോളം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് കൂടുതലായി തുറന്നുകൊടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടുവരികയാണ്. അരി, മാംസം, ഫാര്‍മസി ഉല്‍പന്നങ്ങള്‍, ഐടി മേഖല എന്നീ ഉല്‍പന്നങ്ങളിലും സേവനങ്ങളിലുമാണ് ഇന്ത്യന്‍ സംരംഭകര്‍ക്ക് ചൈനീസ് കമ്പോളത്തില്‍ കൂടുതലായി ഇടപെടാന്‍ കഴിയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

Spread the love

Leave a Reply