Saturday, January 29

‘ജാതിയില്ലാ സർക്കാർ ഭരിക്കുന്ന കേരളത്തിൽ പുലച്ചിക്ക് പൊലീസ് പ്രൊട്ടക്ഷനോ?’: ചിത്രലേഖ

പൊലീസുകാർ എന്റെ വീട്ടിൽ നിന്നും ചായയോ വെള്ളമോ കുടിക്കാറില്ല, ചോദിച്ചാൽ വേണ്ടെന്ന് പറയും. എന്നിട്ട് അപ്പുറത്തെ വീട്ടിൽ പോയി കുടിക്കും. ഇവിടുത്തെ ടോയിലറ്റ് പോലും അവർ ഉപയോഗിക്കില്ല”

ഓട്ടോ ഓടിച്ചതിന്റെ പേരിൽ ജാതീയമായും ശാരീരികമായും സിപിഐഎം പ്രവർത്തകരാൽ നിരന്തരം ആക്രമിക്കപ്പെടുന്ന ചിത്രലേഖയുടെ സുരക്ഷയ്ക്കായി ഹൈക്കോടതി നിർദ്ദേശ പ്രകാരം ഏർപ്പെടുത്തിയ പൊലീസിൽ നിന്നും കടുത്ത ജാതി വിവേചനം നേരിടുന്നതായി ചിത്രലേഖ. കൂടാതെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ രണ്ട് പൊലീസുകാർ അവർക്ക് തോന്നുന്ന സമയത്താണ് വരികയെന്നും ചിത്രലേഖ പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു.

“പൊലീസുകാർ എന്റെ വീട്ടിൽ നിന്നും ചായയോ വെള്ളമോ കുടിക്കാറില്ല, ചോദിച്ചാൽ വേണ്ടെന്ന് പറയും. എന്നിട്ട് അപ്പുറത്തെ വീട്ടിൽ പോയി കുടിക്കും. ഇവിടുത്തെ ടോയിലറ്റ് പോലും അവർ ഉപയോഗിക്കില്ല” ചിത്ര ലേഖ.

കഴിഞ്ഞ ദിവസമാണ് താൻ പൊലീസിൽ നിന്ന് ജാതി വിവേചനം അനുഭവിക്കുന്നുവെന്ന് കാണിച്ച് ദളിത് സ്ത്രീ കൂടിയായ ചിത്ര ലേഖ പോസ്റ്റിട്ടത്. നിരന്തരം ഭീഷണികൾ നേരിടുന്ന ചിത്രലേഖയ്ക്ക് 24 മണിക്കൂറും സുരക്ഷയ്ക്കായി പൊലീസ് വേണമെന്ന നിർദ്ദേശം ഉള്ളപ്പോൾ രാവിലെ 10 മണിക്ക് ശേഷമാണ് പൊലീസ് എത്തുക. വൈകുന്നേരം 7 മണിക്കുള്ളിൽ പോവുമെന്നും ചിത്രലേഖ പറയുന്നു. ഫേസ്‌ബുക്കിൽ ജാതിവിവേചനം നേരിടുന്നുവെന്ന് പോസ്റ്റിട്ടതിനു ശേഷമുള്ള രണ്ട് ദിവസത്തേയ്ക്ക് പൊലീസ് വന്നില്ലെന്നും താൻ പുലയ സ്ത്രീ ആയത് കൊണ്ടാണ് ഇത്തരത്തിൽ ഹൈക്കോടതി ഉത്തരവിനെപോലും അവഗണിച്ച് പൊലീസുകാർ പെരുമാറുന്നതെന്നും ചിത്രലേഖ പറഞ്ഞു.

തന്റെ മകനെ അകാരണമായി കേസിൽ പ്രതിയാക്കി പൊലീസ് ജയിൽ അടച്ചിരിക്കുകയാണെന്നും എന്നോടുള്ള ദേഷ്യം ആണ് സിപിഐഎം ഇപ്പോൾ മകനോട് തീർക്കുന്നതെന്നും ചിത്ര ലേഖ പറഞ്ഞു. ‘എന്നെ കൊന്ന് കളഞ്ഞാൽ അവരുടെ പ്രശ്നം തീരുമെങ്കിൽ അവർ അത് ചെയ്യട്ടെ, എന്നിട്ട് എന്റെ മകനെ വെറുതെ വിടൂ, എന്നോടല്ലേ അവർക്ക് ദേഷ്യം അവർ ആ ദേഷ്യം എന്നോട് തീർത്താൽ പോരേ’യെന്നും ചിത്ര ലേഖ ചോദിക്കുന്നു.

നേരത്തെ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് ചിത്രലേഖയ്ക്ക് വീട് വെക്കാൻ അനുവദിച്ച ഭൂമിയും സാമ്പത്തിക സഹായവും ഈ സർക്കാരിന്റെ കാലത്ത് തിരിച്ചു പിടിച്ചിരുന്നു.

Spread the love
Read Also  ചാവുന്ന ദളിതനെ തിന്നുന്ന 'കാലയും' സ്വയംപ്രഖ്യാപിത ദളിത് ബുദ്ധിജീവികളും: ഇമയവരമ്പന്‍