Monday, January 17

പൗരത്വ രജിസ്റ്ററിൽനിന്ന് പുറത്തായവർക്കെതിരെ നടപടിയരുതെന്ന് സുപ്രീം കോടതി

 

അസമിലെ 40 ലക്ഷം ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് ദേശീയ പൗരത്വരജിസ്റ്ററിന്റെ കരട് രൂപം മാത്രമാണ് പ്രസിദ്ധീകരിച്ചതെന്നും അതുകൊണ്ട് ഇവർക്കെതിരെ അനന്തരനടപടികൾ സ്വീകരിക്കരുതെന്നും സുപ്രീം കോടതി. പൗരത്വ രജിസ്റ്ററിന്റെ കരട് രൂപത്തിൽനിന്നും ഒഴിവാക്കപ്പെട്ടവരുടെ എല്ലാ അവകാശങ്ങളും ആവശ്യങ്ങളും പരിഗണിക്കണം. പ്രശ്‌നപരിഹാരത്തിന് എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അടുത്ത വിചാരണ നടക്കുന്ന ഓഗസ്റ് 16 നു റിപ്പോർട്ട് നൽകണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നാല് ദശകങ്ങളിലേറെയായി ഇന്ത്യയിൽ കഴിയുന്ന വലിയൊരു ജനസമൂഹത്തെ പൗരത്വത്തിനു പുറത്താക്കാൻ നടത്തുന്ന നീക്കം ആസാമിനെയും പശ്ചിമ ബംഗാളിനെയും സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലെത്തിച്ചിരിക്കുകയാണ്. 3 . 29 കോടി അപേക്ഷകരിൽ 2 . 89 കോടി പേർക്ക് മാത്രമാണ് പൗരത്വത്തിനുള്ള അംഗീകാരം കിട്ടിയത്. പുറത്താക്കപ്പെട്ട 40 ലക്ഷം പേരുടെ വിഷയം ഗുരുതരമായ പ്രത്യാഖ്യാതങ്ങളുണ്ടാക്കും.

പരാതികളും തിരുത്തലുകൾക്കുള്ള അപേക്ഷയും നൽകാൻ ഓഗസ്റ് 30 മുതൽ ഒരു മാസം അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് അറിയിച്ചു. വേണ്ടിവന്നാൽ ഒക്ടോബർ 30 വരെ ഇത് നീട്ടും. ഇത് സംബന്ധിച്ച ഭയാശങ്കകളുടെ ആവശ്യമില്ലെന്നും പൗരത്വ രജിസ്റ്റർ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് പരിശോധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അന്തിമ പട്ടിക ഡിസംബറോടെ പ്രസിദ്ധീകരിക്കും

Spread the love
Read Also  ഇന്ദിര ജയ്‌സിംഗിന്റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്