Wednesday, January 19

മുസ്ലീം വിധവകള്‍ക്ക്‌ ജീവനാംശം വിധിക്കാന്‍ സിവില്‍ കോടതികള്‍ക്ക് അധികാരമുണ്ട്: മുംബെ ഹൈക്കോടതി

1939ലെ മുസ്ലീം വിവാഹമോചന ചട്ടപ്രകാരം വിധവയായ സ്ത്രീക്ക് ജീവനാംശവും മെഹറും വൈവാഹിക സ്വത്തിന്റെ ഭാഗവും അനുവദിക്കാന്‍ സിവില്‍ കോടതികള്‍ക്ക് അനുവാദമുണ്ടെന്ന് മുംബെ ഹൈക്കോടതി വിധിച്ചു. ഒരു സിവില്‍ കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് ജസ്റ്റിസ് ശാലിനി ഫന്‍സാല്‍ക്കര്‍-ജോഷിയാണ് സിവില്‍ കോടതികള്‍ക്ക് വിധവകള്‍ക്ക് ആശ്വാസം നല്‍കാനുള്ള അധികാരമുണ്ടെന്ന ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച പരാമര്‍ശം മുസ്ലീം വിവാഹമോചന ചട്ടത്തില്‍ ഇല്ല എന്നതുകൊണ്ടു മാത്രം കോടതികള്‍ക്ക് അത്തരം അധികാരങ്ങളില്ലെന്ന് വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നും വിധിയില്‍ പറയുന്നു.

പ്രാമാണിക നീതിയാണ് ലഭ്യമാക്കാനാണ് നീതിന്യായ കോടതികള്‍ ശ്രമിക്കേണ്ടതെന്നും അല്ലാതെ സാങ്കേതികത്വങ്ങളില്‍ കുരുങ്ങി്ക്കിടക്കുയല്ല ചെയ്യേണ്ടതെന്നും വിധിയില്‍ ജസ്റ്റിസ് ശാലിനി ചൂണ്ടിക്കാട്ടി. എല്ലാ തര്‍ക്കങ്ങളും ഒരു വേദിയില്‍ പരിഹരിക്കപ്പെടണമെന്നാണ് നിയമം അനുശാസിക്കുന്നത്. പ്രക്രിയകളുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനാണിത്. വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും അനന്തരഫലങ്ങളാണ് ജീവനാംശത്തിലുള്ള അവകാശവും വൈവാഹിക സ്വത്തിലുള്ള അവകാശവും. വിവാഹമോചനത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ് ഇത്തരം ആശ്വാസങ്ങളെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ചില കേസുകളില്‍ ജീവനാംശം ആവശ്യപ്പെട്ടില്ലെങ്കില്‍ പോലും ഇതേ നടപടിക്രമങ്ങള്‍ തന്നെ പിന്തുടരേണ്ടതുണ്ടെന്നും വിധിന്യായത്തില്‍ ജസ്റ്റിസ് ശാലിനി ചൂണ്ടിക്കാണിക്കുന്നു.

2011ല്‍ വിവാഹമോചനത്തിനായി 1939ലെ നിയമപ്രകാരം സ്ത്രീ സമര്‍പ്പിച്ച പരാതിയില്‍ ജീവനാംശമായി രണ്ട് മക്കള്‍ക്ക് പ്രതിമാസം 15,000 രൂപയും ദമ്പതികളുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിന്റെ അമ്പത് ശതമാനം വിലയും നല്‍കാന്‍ ഭര്‍ത്താവിനോട് താനെ സീനിയര്‍ ഡിവിഷന്‍ സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജില്ല കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിപ്പോയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. 1939ലെ നിയമപ്രകാരം ജീവനാംശവും മെഹറും വൈവാഹിക സ്വത്തിലെ വിഹിതം നഷ്ടപരിഹാരമായി വിധിക്കാന്‍ സിവില്‍ കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.

Spread the love
Read Also  ബിനോയ് കോടിയേരി നാളെത്തന്നെ ഡി എൻ എ പരിശോധനയ്ക്ക് ഹാജരാകണമെന്ന് ബോംബെ ഹൈക്കോടതി