Wednesday, January 19

ധിക്കാരിയുടെ കാതലിന് ഇന്ന് നൂറാം വാര്‍ഷിക വളയം

നവോത്ഥാന മലയാളചിന്തയ്ക്ക് ധിക്കാരത്തിന്‍റെ കരുത്ത് പകര്‍ന്ന സി ജെ തോമസിന്‍റെ നൂറാം ജന്മദിനമാണിന്ന്. വിപ്ലവകാരി, അധ്യാപകന്‍, നാടകകൃത്ത്, വിമര്‍ശകന്‍, ചിന്തകന്‍ മുതലായ നിലകളില്‍ നവോത്ഥാനന്തര കേരളത്തെ ഏറെ മുന്നോട്ട് നയിച്ചിരുന്ന വ്യക്തിയാണ് സി ജെ തോമസ്. മലയാളിയുടെ ബുദ്ധിജീവിതത്തിന് കാതലായ മാറ്റം വരുത്താന്‍ കഴിഞ്ഞ വ്യക്തിത്വമായിരുന്നു സി ജെയുടേത്.

1918 നവംബര്‍ 14ന് കൂത്താട്ടുകളത്ത് ചൊള്ളമ്പേല്‍ യോഹന്നാന്‍ കോര്‍ എപ്പിസ്കോപ്പയുടെയും അന്നമ്മയുടെയും മകനായാണ് സി ജെ തോമസ് ജനിച്ചത്. 1934ല്‍ സ്കൂള്‍ ഫൈനല്‍ പാസായ ശേഷം പിതാവിന്‍റെ ആഗ്രഹപ്രകാരം സെമിനാരിയില്‍ ചേര്‍ന്നെങ്കിലും താല്പര്യമില്ലായ്മമൂലം സി ജെ ആ കുപ്പായമൂരുകയായിരുന്നു. ആലുവ യു സി കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി വടകര സ്കൂളില്‍ അധ്യാപകനായി ചേര്‍ന്നു. സ്വാതന്ത്ര്യസമരത്തില്‍ ബ്രീട്ടീഷുകാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് സ്കൂളിലെ ജോലി നഷ്ടമായ സി ജെ തുടര്‍ന്ന് തിരുവനന്തപുരം ലോ കേളേജില്‍ നിയമപഠനത്തിന് ചേര്‍ന്നു. നിയമപഠനകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു സി ജെ. 1944 ല്‍ നിയമപഠനശേഷം അഭിഭാഷകനായ അദ്ദേഹം താമസിയാതെ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാവുകയുണ്ടായി.

1950ല്‍ കോട്ടയത്ത് എം പി പോളിന്‍റെ പോള്‍സ് കോളേജില്‍ അധ്യാപകനായി. 1951ല്‍ എം.പി പോളിന്‍റെ മകള്‍ റോസിയെ വിവാഹം കഴിച്ചു. 1954ല്‍ പ്രസിദ്ധീകരിച്ച 1128ല്‍ ക്രൈം 27 എന്ന നാടകം ബ്രെഹ്തിനും മുമ്പേ അസംബന്ധനാടകത്തെ മലയാളികള്‍ക്ക് പരിചിതപ്പെടുത്തിയ നാടകമാണ്. തുടര്‍ന്നു ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പശ്ചാത്തലത്തില്‍ ആ മനുഷ്യന്‍ നീ തന്നെ, അവന്‍ വീണ്ടും വരുന്നു, ശലോമി മുതലായ ബൈബിള്‍ നാടകങ്ങള്‍ രചിക്കുകയുണ്ടായി.

സോഷ്യലിസം, മതവും കമ്മ്യൂണിസവും മുതലായ കൃതികള്‍ അദ്ദേഹത്തിന്‍റെ ആദ്യകാല രാഷ്ട്രീയത്തിന്‍റെ ചിന്താപുസ്തകങ്ങളായിരുന്നെങ്കില്‍ ധിക്കാരിയുടെ കാതല്‍ മലയാളിയുടെ ബുദ്ധിജീവിചിന്തയുടെ ആദ്യ പ്രതിഫലനമായിരുന്നു.

ഇതിനൊക്കെ പുറമെ നല്ലൊരു ചിത്രകാരനുമായിരുന്നു സി ജെ തോമസ്. എന്‍ ബി എസ് മുഖമുദ്രയായ അക്ഷരങ്ങളുടെ താറാവ് രൂപം സി ജെയുടെ സൃഷ്ടിയാണ്. എന്‍ ബി എസ് പുറത്തിറക്കിയ നിരവധി പുസ്തകങ്ങളുടെ കവര്‍ തയ്യാറാക്കിയിട്ടുള്ളതും സി ജെയായിരുന്നു.

1960 ജൂലൈ പതിനാലിന് 42ാം വയസ്സില്‍ അകാലത്തില്‍ അദ്ദേഹം അന്തരിച്ചു. സി ജെ യെ പറ്റി പത്നി റോസി തോമസ് എഴുതിയ ‘ഇവനെന്‍റെ പ്രിയ സി ജെ’ എന്ന പുസ്തകവും മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരം തന്നെയായി മാറിയിട്ടുണ്ട്.

 

Spread the love
Read Also  സി.ജെ.തോമസ് ഇരുട്ടുകീറുന്ന വജ്രസൂചി

Leave a Reply