Wednesday, January 19

സി. എൻ കരുണാകരൻ കൃഷ്ണഭക്തനായ കമ്മ്യൂണിസ്റ്റ് ; സി.ടി.തങ്കച്ചൻ

ഡിസംബർ എനിക്ക് നഷ്ടങ്ങളുടെ മാസമാണ്. ആണ്ടറുതിയിലെ ഈ അവസാനമാസത്തിലാണ് എന്റെ അമ്മ എന്നെ വിട്ടുപോയത് . എന്റെ ജീവിതത്തിന്റെ താങ്ങായിരുന്ന വല്യമ്മച്ചിയും ഒരു ഡിസംബറിലാണ് പടിയിറങ്ങിപ്പോയത്. എന്റെ ആത്മമിത്രമായിരുന്ന ചിത്രകാരൻ സി.എൻ.കരുണാകരനും യാത്രയായത് ഡിസംബറിലാണ്.

ഒരു ഡിസംബർ 14 ന്.

ഭാരതീയചിത്രകലയിൽ ഇന്നും സജീവമായി നിലനിൽക്കുന്ന യൂറോപ്യൻ സ്വാധീനത്തെ പാടെ നിരാകരിച്ചു കൊണ്ട് ചിത്രമെഴുത്തിൽ സ്വന്തം വഴിയും സ്വത്വവും കണ്ടെത്തിയ ചിത്രകാരനായിരുന്നു കരുണാകരൻ.

ചിത്രമെഴുത്തിൽ എന്നതുപോലെ മ്യൂറൽ രചിക്കുമ്പോഴും കരുണാകരന്റെ രേഖകളും നിറങ്ങളും സ്വന്തം വ്യക്തിത്വം നില നിർത്തിയിരുന്നു.
പൗരാണികമായ ഗോത്രസ്മൃതികളുണർത്തുന്ന മനുഷ്യരാണ് കരുണാകരന്റെ കാൻവാസിലുള്ളത്. സ്ത്രീയെ അമ്മദൈവമായും ദേവതയായും ദർശിക്കുന്ന പ്രാക്തനമായ ഒരനുഷ്ടാനമായി മാറുന്ന രചനകളാണ് അധികവും.

ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്ത് ചിറ്റാടനായ്ക്കത്ത് മീനാക്ഷിയമ്മയുടെയും, ടി.പി.ചന്ദ്രശേഖർ മേനോന്റെയും പുത്രനായി ജനിച്ച സി.എൻ കരുണാകരൻ നന്നേ ചെറുപ്പത്തിലെ ചിത്രങ്ങൾ വരച്ചു തുടങ്ങി. ഒൻപതു വയസുള്ളപ്പോൾ വീടിനടുത്തുള്ള കുളത്തിൽ വിരിഞ്ഞു നിന്നിരുന്ന ഒരു താമരയുടെ ചിത്രം അരയ്‌ക്കൊപ്പം വെള്ളത്തിൽ ഇറങ്ങി നിന്നുകൊണ്ട് തന്റെ കൈവശമുണ്ടായിരുന്ന കടലാസിലേക്ക് പകർത്തി. ഈ ചിത്രം ചന്ദിക ആഴ്ച്ചപ്പതിപ്പിന്റെ മുഖചിത്രമായി അച്ചടിച്ചുവന്നതോടെയാണ് കരുണാകരന്റെ കലാജീവിതം ആരംഭിക്കുന്നത് ‘

പന്ത്രണ്ടാംവയസ്സിൽ സ്ക്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് തൃശൂരിൽ നിന്ന് വണ്ടി കയറി ചിത്രകലയെ കൂടുതൽ അറിയാനും അതിൽ മുഴുകാനുമാണ് മദിരാശിയിൽ വണ്ടിയിറങ്ങിയത്. കെ.സി.എസ്.പണിക്കരും റോയ് ചൗധരിയുമൊക്കെ പഠിപ്പിച്ചിരുന്ന മദിരാശി സ്കൂൾ ഓഫ് ആർട്സിലാണ് ചിത്രകലയഭ്യസിക്കാൻ കരുണാകരൻ ചേർന്നത്. ഒന്നാം ക്ലാസ്സിൽ ഒന്നാം റാങ്കോടെ സ്വർണ്ണ മെഡൽ നേടിക്കൊണ്ടാണ് കരുണാകരൻ ചിത്രകലാ പരിശീലനം പൂർത്തിയാക്കിയത്. പിന്നീട് ഇരുപത് വർഷക്കാലം മദിരാശിയിലായിരുന്നു. മദിരാശിയിലെ ആദ്യകാലജീവിതം ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. തമിഴ് സിനിമയിലെ കലാസംവിധായകന്റെ സഹായിയായും പിന്നെ മറീന ബീച്ചിൽ ശംഖിൽ പെയ്ന്റ് ചെയ്തും ജീവിച്ച അത്രയൊന്നും പ്രകാശമാനമല്ലാത്ത ഒരു ഭൂതകാലം മരിക്കുന്നതുവരെ കരുണാകരൻ മറന്നിട്ടില്ല. കേരളത്തിൽ ചിത്രം വരച്ചും ജീവിക്കാമെന്ന് സ്വന്തം ജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തിയ ആദ്യ ചിത്രകാരനാണ് സി.എൻ കരുണാകരൻ. ‘സതീർത്ഥ്യരായ പലരും വിദേശത്തേക്ക് ചേക്കേറിയപ്പോഴും അദ്ധ്യാപനവും ഗൃഹ നിർമ്മാണവും തൊഴിലായി സ്വീകരിച്ചപ്പോഴും ചിത്രം വരച്ച് മാത്രം ജീവിച്ച ചിത്രകാരനായിരുന്നു കരുണാകരൻ.

1992 ൽ പലറ്റ് പ്യൂപ്പിൾ സംഘടിപ്പിച്ച ചിത്രപ്രദർശനം ചരിത്രമായി.
ഈ പ്രദർശനത്തോടെയാണ് കരുണാകരൻ ഏറെ ശ്രദ്ധേയനായത്. പതിനെട്ടോളം ചിത്രങ്ങൾ വിറ്റുപോയ ഈ പ്രദർശനമാണ് ചിത്ര വിൽപ്പനയ്ക്കുള്ള വലിയ സാധ്യത കേരളത്തിൽ തുറന്നിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു കരുണാകരന്റെ ഈ പ്രദർശനം എറണാകുളത്ത് നടന്നത്. കേരളത്തിന്റെ ചിത്രകലാചരിത്രത്തിൽ സവിശേഷതയോടെ അടയാളപ്പെട്ട ഒരു പ്രദർശനമായിരുന്നു അത്. പാലറ്റ് പൂപ്പിൾ കരുണാകരന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നെങ്കിലും ഉദ്ഘാടകനെ തീരുമാനിച്ചിരുന്നില്ല. പ്രശസ്ത ചിത്രകാരനായ എ.രാമചന്ദ്രൻ കേരള ലളിതകലാ അക്കാദമി ചെയർമാനായി നിയമിതനായ കാലമായിരുന്നു അത്. എറണാകുളം ദർബാർ ഹാളിലെ ഓഫീസിലെത്തിയാണ് രാമചന്ദ്രൻ ചുമതലയേൽക്കുന്നത് എന്ന് അറിഞ്ഞിരുന്നു. ഭാരതത്തിനകത്തും പുറത്തും പ്രശസ്തനായ രാമചന്ദ്രനെ കൊണ്ട് പ്രദർശനം ഉദ്ഘാടനം ചെയ്യിക്കണമെന്ന് കരുണാകരന് ഒരു മോഹമുദിച്ചു. ചെയർമാൻ കൊച്ചിയിലെത്തി ചുമതലയേൽക്കുന്ന ദിവസം രാവിലെ ഞാനും സി.എൻ കരുണാകരനുംകൂടി ദർബാർ ഹാളിലെ ആർട്ട് സെന്റ്റിലെത്തി. കുറച്ച് കഴിഞ്ഞ് ഒരു കാറിൽ രാമചന്ദ്രനെത്തി. അദ്ദേഹത്തെക്കാണാൻ ഇടനാഴിയിൽ കാത്തുനിന്ന ഞങ്ങളെ അവഗണിച്ച് രാമചന്ദ്രൻ മുകളിലേക്ക് കയറിപ്പോയി.

Read Also  കാലത്തിൻ മുൻപേ നടന്നവൻ ഗോവിന്ദൻ; സി ടി തങ്കച്ചന്‍

“ഇനി അക്കാദമിയുടെ മീറ്റിങ്ങ് കഴിയാൻ സമയമെടുക്കും” നമുക്ക് പോയാലോ സി.എൻ അസ്വസ്ഥനായി.

“ഏതായാലും വന്നതല്ലേ കണ്ടിട്ടു മടങ്ങാം”
ഞാൻ പറഞ്ഞു.
പെട്ടെന്ന് മുകളിൽ നിന്ന് രാമചന്ദ്രൻ ധൃതിയിൽ ഇറങ്ങി വരുന്നു. ആ വരവുകണ്ടപ്പോൾ അദ്ദേഹം ഞങ്ങളെ മൈന്റ് ചെയ്യുമെന്ന് എനിക്കു തോന്നിയില്ല. അതു കൊണ്ട് ഞാൻ അദ്ദേഹത്തിന്റെ വഴിയിൽ ഒരു വഴിമുടക്കിയെപ്പോലെ കയറിനിന്നു. അദ്ദേഹത്തോടു പറഞ്ഞു.

“സർ ഒരു മിനിറ്റ് “
രാമചന്ദ്രൻ എന്നെ അടിമുടിയൊന്നു നോക്കി. എന്താ എന്ന് ആഗ്യം കാട്ടി? ഞാൻ പറഞ്ഞു.

” ഇത് സി.എൻ.കരുണാകരൻ ഇദ്ദേഹത്തിന്റെ ഒരു പ്രദർശനം ഉദ്ഘാടനം ചെയ്യാൻ കഴിയുമോ എന്നറിയാൻ സാറിനെ കാത്തു നിന്നതാണ്.”

അദ്ദേഹം ഒരു നിമിഷം സി.എൻ.കരുണാകരന്റെ മുഖത്തേക്കു നോക്കിപ്പറഞ്ഞു

“ക്ഷമിക്കണം എനിക്കൊട്ടും സമയമുണ്ടാകില്ല. ഇതിപ്പോ ചെയർമാനായി ചുമതലയേൽക്കാൻ ഞാൻ ഡൽഹിയിൽ നിന്ന് ഫ്ലൈറ്റിൽ എത്തിയതാണ്, എനിക്ക് ഇന്നു തന്നെ ഡൽഹിയിൽ തിരിച്ചെത്തണം.”

ഇത്രയും പറഞ്ഞ് ആ തിരക്കുള്ള ചിത്രകാരൻ വന്ന കാറിൽത്തന്നെ കൊച്ചി എയർപോർട്ടിലേക്ക് മടങ്ങി. ആ കാറ് പൊടിപറത്തിപ്പോയ വഴിയിലൂടെ ഞാനും സി എൻ കരുണാകരനും തിരിച്ചു നടന്നു. ദർബാർ മൈതാനത്തിനു മുന്നിൽ അന്നൊരു ബ്രാണ്ടിക്കടയുണ്ട്. ബ്രാണ്ടിക്കടയുടെ സൈഡിൽ കടയോട് ചേർന്ന് ഒരു മുറിയും. പരസ്പരം ഉരിയാടാതെ ഞങ്ങളാ കടയിൽ നിന്ന് ഒരു പൈന്റുവാങ്ങി രണ്ടു ഗ്ലാസ്സുകളിലായി ഒഴിച്ചു.
ഇനിയെന്ത് എന്ന ചിന്തയായിരുന്നു രണ്ടാൾക്കും.
പെട്ടെന്നാണ് എനിക്കൊരാശയം തോന്നിയത്. ഞാൻ
സീഎന്നോട് പറഞ്ഞു.
“രാമചന്ദ്രന് തെരക്കാന്നെങ്കിൽ നമുക്കൊരു ശങ്കരനെ വിളിക്കാം”
“ശങ്കരനോ “
കരുണാകരന് ജിജ്ഞാസയായി. ഞാൻ പറഞ്ഞു.
“ശങ്കരൻ. സാക്ഷാൽ ഇലങ്കുളത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്. “
“ഇ എം.എസ്സോ ” കരുണാകരൻ അത്ഭുതത്തോടെ ചോദിച്ചു. ഞാൻ അറിഞ്ഞൊരു കാര്യം സി.എന്നോട് പറഞ്ഞു. ചിന്തയിലെ ചന്ദ്രേട്ടൻ ഒരിക്കൽ ഞാനും ചിന്ത രവിയും ടി.വി.ചന്ദ്രനു മൊക്കെയുള്ള ഒരു സൗഹൃദ സദസ്സിൽ വെച്ച് ഇ എം.എസിനെക്കുറിച്ചും കരുണാകരനെക്കുറിച്ചും സംസാരിച്ചിരുന്നു. ചിന്ത വാർഷികപ്പതിപ്പിൽ മാപ്പിള ലഹള പശ്ചാത്തലമാക്കി സി.എൻ കരുണാകരൻ വരച്ച ചിത്രത്തെക്കുറിച്ച് ഇ എം.എസ് ചന്ദ്രേട്ടനോട് സംസാരിച്ചിരുന്നു. ഒരിക്കൽ സി.എൻ.കരുണാകരനെ പരിചയപ്പെടണമെന്നും ഇ.എം പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇ എം.എസിനെക്കൊണ്ട് പ്രദർശനം ഉദ്ഘാടനം ചെയ്യിക്കാം എന്ന് ഞാൻ പറഞ്ഞത്. പിന്നെ വൈകിയില്ല. ഞാനും കരുണാകരനും ചേർന്ന് അടുത്ത ബസ്സിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അന്ന് മാഞ്ഞാലിക്കുളം റോഡിലാണ് ദേശാഭിമാനി .അവിടെ ഇ എം.എസിന്റെ മകൾ രാധയുണ്ട്. രാധയും സി. എന്നും തമ്മിൽ തല്ല അടുപ്പമുണ്ട്. സി.എൻ കരുണാകരൻ എറണാകുളത്ത് ആരംഭിച്ച ചിത്രകൂടം എന്ന ആർട്ട് ഗാലറിയാൽ കുറച്ചു നാൾ രാധയുണ്ടായിരുന്നു. അന്നു തുടങ്ങിയ അടുപ്പമാണ്. ഞങ്ങൾ ദേശാഭിമാനിയിൽ എത്തി രാധയെ കണ്ടു.

അച്ഛനെക്കൊണ്ട് പ്രദർശനം ഉദ്ഘാടനം ചെയ്യിക്കുന്ന കാര്യം രാധയേറ്റു. അന്ന് വഴുതക്കാടുള്ള ഒരു വാടകവീട്ടിലാണ് ഇ എം.എസ് താമസിക്കുന്നത്. രാധയുമൊത്ത് വീട്ടിലെത്തി ഇ എം.എസിനെ കണ്ടു. അന്ന് ഇ എം.എസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. അവിടെവെച്ച് ഇ എം. എസിന്റെ സൗകര്യം നോക്കി ഒരു ദിവസം ഉദ്ഘാടനം നിശ്ചയിച്ചു. ഇ എം.എസ്.പുലർച്ചെ വേണാടിന് എത്തുമെന്നു പറഞ്ഞു. ഞങ്ങൾ ഒരു സാമ്രാജ്യം പിടിച്ചടക്കിയ സന്തോഷത്തോടെ എറണാകുളത്തേക്ക് തിരിച്ചു. ആ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ ഇ.എം.എസ് എറണാകുളത്തെത്തുമ്പോൾ കേരളത്തിലെ എഴുത്തുകാരും കവികളും ചലച്ചിത്രകാരൻമാരും ആ ചിത്രപ്രദർശനത്തിൽ ഓഡിയൻസായി എത്തി. എഴുത്തുകാരായ കാക്കനാടൻ, സേതു.
സി.രാധാകൃഷ്ണൻ, കെ.എൽ മോഹനവർമ്മ.ചലച്ചിത്രകാരൻമാരായ കെ.ആർ മോഹൻ, ടി.വി ചന്ദ്രൻ ശശികുമാർ (ഏഷ്യാനെറ്റ്  മുൻ ചെയർമാൻ), പി..ടി. കുഞ്ഞുമുഹമ്മദ് ചലച്ചിത്ര നടൻ വി.കെ.ശ്രീരാമൻ തുടങ്ങിയവരെല്ലാം സദസ്സിലെ മുൻ നിരയിലെത്തി. അങ്ങനെ ആ ചിത്രപ്രദർശനം ചരിത്രമായി.

Read Also  ജോർജ്ജ് ജോൺ ഒരു ഓർമ്മക്കുറിപ്പ്

ഇതിനുശേഷം കേരളത്തിനകത്തും പുറത്തും വിദേശത്തും കരുണാകരൻ നിരവധി പ്രദർശനങ്ങൾ നടത്തി. രാജാ രവിവർമ്മ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ കരുണാകരനെ തേടിയെത്തി. ഒടുവിൽ കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനുമായി.

1982ൽ കലാപീഠത്തിലെ ഒരു സാഹിത്യ സന്ധ്യയിൽവെച്ചാണ് കരുണാകരനെ പരിചയപ്പെടുന്നത്. അതൊരു വല്ലാത്ത ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. പിന്നീട് പത്തിരുപത് കൊല്ലം ഞങ്ങളൊരുമിച്ചായിരുന്നു. നിരവധി യാത്രകൾ. ചിത്രരചനാ ക്യാമ്പുകൾ. സംവാദങ്ങൾ.
പാനോൽസവങ്ങൾ. നർമ്മകഥകൾ
അതിനെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതാനുണ്ട്.

 

ഒടുവിൽ സി.എൻ.രോഗബാധിതനായ ഒരു ദിവസം
ഞാനും സുഹൃത്ത് ബുക്കർമാൻ പബ്ലിക്കേഷന്റെ ഷാജേന്ദ്രനും ചേർന്ന് കരുണാകരനെ കണ്ടു. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയുടെ പുതിയ പതിപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷാജേന്ദ്രൻ. കരുണാകരനെ കൊണ്ട് കവറും ടൈറ്റിലും ചെയ്യിക്കാമെന്ന നിർദ്ദേശം എന്റെതായിരുന്നു.
ആവശ്യം അറിയിച്ചപ്പോൾ സിയെന്റെ ഭാര്യ ഈശ്വരാ ചേച്ചി പറഞ്ഞു.
” ഇപ്പോൾ ഏട്ടൻ ഒന്നും വരക്കാറില്ല. തങ്കച്ചൻ പറഞ്ഞാൽ ഏട്ടൻ തള്ളിക്കളയില്ല”
വല്ലാതെ ക്ഷീണിതനായാണ് അദ്ദേഹത്തെകണ്ടത്. കൃഷ്ണഗാഥയെക്കുറിച്ചു പറഞ്ഞപ്പോൾ വരച്ചുതരാമെന്ന് പറഞ്ഞു.
അപ്പോഴും അസുഖത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് ഈശ്വരി ചേച്ചി വിളിച്ചു. കവറും ടൈറ്റിലും വരച്ചിട്ടുണ്ട് എന്നറിയിച്ചു.
പിറ്റേന്ന് ഞാനും ഷാജേന്ദ്രനും മാമംഗലത്തെ കരുണാകരന്റെ വീട്ടിലെത്തി..
പോകുന്ന വഴി ഷാജേന്ദ്രൻ ചോദിച്ചു. “എന്താ കൊടുക്കുക “
ഞാൻ പറഞ്ഞു.
” ഒന്നും വാങ്ങാൻ ഇടയില്ല ഞാൻ ആദ്യമായി
ആവശ്യപ്പെട്ട ഒരു കാര്യമല്ലേ. എന്നാലും ഒരു ബ്ലാങ്ക് ചെക്ക് കരുതിക്കോളു”
ഷാജേന്ദ്രൻ അതു കരുതിയിരുന്നു.
കരുണാകരൻ എത്തി ചിത്രവും ടൈറ്റിലും എന്റെ കൈയ്യിൽ തന്നു. കരുണാകരന്റെ അക്ഷരചിത്രമാണ് ടൈറ്റിൽ പിന്നെ മുട്ടിലിഴയുന്ന ഉണ്ണിക്കണ്ണന്റെ ചിത്രവും.
ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന ചെക്ക് കരുണാകരനു നേരെ നീട്ടി.
“എന്താ ഇത്, അത് കൈയ്യിൽ തന്നെ ഇരിക്കട്ടെ, നമ്മൾ തമ്മിൽ ഇതിന്റെ ആവശ്യമില്ല.” ഇതു പറഞ്ഞ് കരുണാകരൻ ഒരുവടിയുടെ സഹായത്തോടെ എഴുന്നേറ്റു. തീർത്തും അവശനായിരുന്നു അന്ന് എന്റെ ചങ്ങാതി.
പിന്നെ ഞങ്ങളും എഴുന്നേറ്റു. അതായിരുന്നു അവസാന കുടിക്കാഴ്ച്ച. അഞ്ചു ദിവസങ്ങൾ കഴിഞ്ഞ് സി എന്റെ വേർപാട് അറിയിച്ചുകൊണ്ട് എനിക്കൊരു ഫോൺ സന്ദേശമെത്തി.
ഒരു താമരയുടെ ചിത്രം വരച്ചുകൊണ്ട് ആരംഭിച്ച കരുണാകരന്റെ ചിത്ര കലാജീവിതം ഒരു ഉണ്ണിക്കണ്ണന്റെ ചിത്രം വരച്ചുകൊണ്ടാണ് പൂർണ്ണമായത്. അതിന് നിമിത്തമാകാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യം.

ഇടയ്ക്ക് ഞങ്ങളുടെ സമ്മേളനങ്ങളുടെ രാത്രികൾക്ക് നീളമേറുമ്പോൾ സി എൻ പറയും:
” ഞാനൊരു കൃഷ്ണഭക്തനായ കമ്മ്യുണിസ്റ്റാണ് തങ്കച്ചാ. കൃഷ്ണ ഗുരുവായൂരപ്പാ. “

കൃഷ്ണഭക്തനായിരുന്ന കമ്മ്യൂണിസ്റ്റ്
ആ പ്രയോഗം അന്നും ഇന്നും എനിക്ക് കൗതുകമാണ്.
പ്രിയപ്പെട്ട കരുണാകരന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം

സി എൻ ചിത്രങ്ങൾ

 

 

Spread the love

Leave a Reply