Tuesday, July 14

ഓർമ്മപോൽ പിഴിഞ്ഞേറെ പിഞ്ഞിയ പ്രണയം – കെ.രാജഗോപാലിന്റെ കവിതകളെക്കുറിച്ച് കെ രാജേഷ് കുമാർ കോളം കവണി

 

ആധുനികതയുടെ പ്രളയം കഴിഞ്ഞ് വെയിൽ പരന്നതോടെ കവിതയെക്കുറിച്ചുള്ള വിചാരങ്ങളിൽ ഏറ്റവും അധികം ആവർത്തിക്കപ്പെട്ട ഒരു വാക്ക് ബഹുസ്വരത എന്നതാണ്. ഉത്തരാധുനികത = ബഹുസ്വരത എന്ന് പറയാനാകും വിധമാണ് നിരൂപണങ്ങൾ പൊലിച്ചത്. ഒരു കവി തന്നെ വ്യത്യസ്ത രൂപഭാവങ്ങളിൽ കവിത എഴുതുന്നു, ഓരോ കവിയും അങ്ങേയറ്റം ഇതര കവികളിൽ നിന്ന് കവിതയിൽ വിഭിന്നനാകുന്നു ,അക്കാലം വരെ കവിതാ ബാഹ്യമായി കരുതിയിരുന്ന പലതും കവിതയിലേക്ക് കടത്തിക്കൊണ്ടു വരുന്നു തുടങ്ങി വൈവിദ്ധ്യ പൂർണ്ണമായി കവിതാ ശാഖ.
കെ.രാജഗോപാൽ എന്ന കവി ബഹളങ്ങളിൽ ഒന്നും പെടാതെ ലാളിത്യം തുളുമ്പുന്ന, സൗന്ദര്യമാർന്ന കവിതകൾ എഴുതിക്കൊണ്ടേയിരിക്കുന്നു. ‘മുദ്ര’ എന്ന ആദ്യ കവിതാ സമാഹാരത്തിലെ കവിതകൾ മുതൽ ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ‘ മറുകര ‘ എന്ന കവിത വരെ സൂക്ഷ്മതയോടെ വായിക്കേണ്ട കവിതകളാണ്. ഒറ്റവാക്കുപോൽ ആഴം പുതയ്ക്കും പായൽ പച്ച എന്ന് ഒരു കവിതയിൽ കവി എഴുതുന്നുണ്ട്. രാജഗോപാലിന്റെ കവിതകൾക്ക് ഏറ്റവും ഉതകുന്ന ഒരു വിശേഷണമാണിത്.


ഏകാന്തതയും പ്രണയവും ഓർമ്മയും നാട്ടിൻ പുറ ചിത്രങ്ങളും നിറയുന്ന കവിതകളാണ് രാജഗോപാൽ പകർന്നു തരുന്നത്. രൂപശില്പത്തി ലോ ഭാവശില്പത്തിലോ പരീക്ഷണങ്ങളോ അട്ടിമറികളോ നടത്താൻ ഈ കവിക്ക് വ്യഗ്രത ഏതുമില്ല. ഒറ്റയ്ക്കിരുപ്പാണ് രാജഗോപാലിന്റെ കവിതകളുടെ മുദ്ര. ബഹുസ്വരതകൾക്കിടയിലെ ഈ ഏകസ്വരതയാണ് രാജഗോപാൽ കവിതകളുടെ സവിശേഷത.
‘ഒറ്റയ്ക്കിരിക്കുമ്പോഴാണ് നിന്നെക്കുറി –
ച്ചോർക്കുവാനെപ്പോഴും ഇഷ്ടം
കുട്ടനാടൻ പകൽ തേകി വറ്റിച്ചു ഞാൻ കെട്ടുവള്ളത്തിലിരിക്കെ ‘
മറുകര എന്ന കവിതയുടെ തുടക്കത്തിൽ തന്നെ ഒറ്റയ്ക്കിരുപ്പും ,ഇഷ്ടവും ഓർമ്മയും. ഓർമ്മ പോൽ പിഴിഞ്ഞേറെ പിഞ്ഞിയ പ്രണയവും എന്ന് മറ്റൊരു കവിതയിൽ .ബാല്യകാല ഓർമ്മകളിൽ കുട്ടനാടൻ ഗ്രാമ പ്രകൃതിയുടെ ശാലീനതയും നിഷ്കളങ്കതയും തെളിഞ്ഞ വെള്ളം ഓളം വെട്ടുന്നതു പോലെ. അക്കരെയിക്കരെ നമ്മുടെ മോഹനൂലോടും കൊതുമ്പുവള്ളത്തിൽ എന്നൊക്കെ എഴുതി കവി നഷ്ടപ്പെട്ടു പോയ ഒരു പ്രണയ സംസ്കൃതിയെ ഓർത്തെടുക്കുന്നു. വാസ്തവത്തിൽ ഇത്തരം ഓർമ്മകളും പിഞ്ഞിയ പ്രണയവും ആയിരക്കണക്കിനു കവിതകളിലൂടെ മലയാളത്തിൽ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഈ കവിത അവിടെ നിന്ന് വെട്ടിമാറി ഒഴുകുന്നത് ‘ കഷ്ടിച്ചു നിന്റെ വാട്സാപ്പിലൊളിച്ചു ഞാൻ ,ചത്തിരുന്നിട്ടുണ്ടൊരിക്കൽ ‘ എന്ന അപ്രതീക്ഷിത ഈരടിയിലൂടെയാണ്. പ്രതിഭയുടെ തിളക്കവും കാവ്യാനുശീലനത്തിന്റെ തഴക്കവും ഇല്ലാത്ത ഒരു കവിയുടെ കൈയിൽ ആകെ വിരസമായി താറുമാറായി പോകാവുന്ന ഒരു കാവ്യസന്ദർഭത്തെ വെട്ടിത്തിളങ്ങുന്നതാക്കി കെ.രാജഗോപാൽ മാറ്റി.
പ്രളയകാലത്ത് പള്ളിമേട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് പഴയ പ്രണയികൾ കണ്ടുമുട്ടുന്നുണ്ട്. പ്രളയത്തെ ആവിഷ്കരിക്കുന്നിടത്തുമുണ്ട് കാവ്യകല്പനകളുടെ നിറവ്. തുരുത്ത് തട്ടിമറിഞ്ഞതായ് തോന്നിയെന്നും അറ്റമില്ലാക്കഴുക്കുത്തിൽ ഒഴുക്കിന്റെ പത്തിവിടർന്നതായി തോന്നിയെന്നുമൊക്കെ വായിക്കുമ്പോൾ സഹൃദയൻ കവിതയിൽ മുങ്ങുകയാണ്. വിറന്മീണ്ട നായനാർ എന്ന ശൈവ ദ്രാവിഡ കവിയുടെ തിണയിലിരുന്നാണ് ഈ കവിയിൽ നിന്ന് കവിത ഒഴുകിപ്പരക്കുന്നത്.
പ്രളയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീട് കറ്റമെതിക്കളം പോലെ.കറ്റയും പുഞ്ചയും പാടവും ഒക്കെ വന്ന് ബോറടിപ്പിക്കാൻ പോകയാണോ എന്ന് നിരുപിക്കുമ്പോഴേക്കും അസാധാരണമായ മറ്റൊരു തിരിച്ചിൽ. ഫുട്ബാൾ കളിയുമായി ബന്ധപ്പെട്ട രൂപകങ്ങൾ . ഇരു തൂണുകൾക്കുത്തരമില്ലാത്ത വീട്, കത്രികപ്പാസ്, കടക്കൺ കോർണർ, ഗോൾവല – പ്രണയ ഓർമ്മകളും സ്ഥലരാശിയും കാൽപ്പന്തുകളിയും ഉരുണ്ടു മറിയുന്നു. വീണ്ടും വരമ്പിന്റെ ചിത്രം. അവിടെ പാമ്പിന്റെ ഇമേജ് വീണ്ടും. ( നേരത്തെ ഒഴുക്കിന്റെ പത്തിവിടരലിൽ പാമ്പിനെ കണ്ടതാണ്. ) ആയുസ്സിഴഞ്ഞു പോകുമ്പോൾ പൊഴിച്ചിട്ട തോലുറ പോലെ വരമ്പും.
കുട്ടനാടൻ ദൃശ്യങ്ങളിൽ അബോധരൂപത്തിൽ പാമ്പ് പിണഞ്ഞിഴഞ്ഞുകിടപ്പുണ്ട്. പമ്പാനദി എന്ന പദത്തിൽ പാമ്പൊളിഞ്ഞിരിപ്പുണ്ട്.
രാജഗോപാലിന്റെ കവിതകൾ വായിച്ചാൽ മനസ്സിന് ഒരു ശാന്തത നമുക്കനുഭവപ്പെടും. ഈ കവിയും അർഹിക്കുന്ന രീതിയിൽ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലയോ?

Spread the love
Read Also  എഴുത്തോ നിൻ്റെ കഴുത്തോ? ഏറെ കൂറേതിനോട്?

Leave a Reply