മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായിരുന്ന പ്രജ്ഞാ സിങ് താക്കൂറിനെ തീവ്രവാദി എന്നു വിശേഷിപ്പിച്ചതിനു തനിക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ബി.ജെ.പിയുടെ ആവശ്യത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നു.

നിങ്ങള്‍ക്ക് എന്താണു ചെയ്യാന്‍ കഴിയുന്നത്, അതു ചെയ്‌തോളൂ എന്നായിരുന്നു മറുപടിയായി രാഹുല്‍ ബി ജെ പിയോട് പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘എന്താണോ പ്രജ്ഞാ സിങ് താക്കൂര്‍ വിശ്വസിക്കുന്നത്, അതാണ് അവര്‍ പറഞ്ഞത്. ഞാന്‍ അവരുമായി യോജിക്കുന്നില്ല. പക്ഷേ അവരതില്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതു നിങ്ങള്‍ ചെയ്‌തോളൂ. ഞാനെന്റെ ഭാഗം വ്യക്തമാക്കിയതാണ്.’- രാഹുല്‍ പറഞ്ഞു.

ഇന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രജ്ഞയെ തീവ്രവാദി എന്നുവിളിച്ചതിന് അദ്ദേഹം മാപ്പ് ചോദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം പ്രജ്ഞയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ ബി ജെ പി പ്രതിഷേധിച്ചിരുന്നു. തീവ്രവാദിയായ പ്രജ്ഞ തീവ്രവാദിയായ ഗോഡ്സെയെ ദേശഭക്തന്‍ എന്നു വിളിച്ചെന്നായിരുന്നു രാഹുല്‍ ഇന്നലെ ട്വീറ്റ് ചെയ്തത്. ഗാന്ധി ഘാതകനായ ഗോഡ്‌സെയെ ദേശഭക്തന്‍ എന്നു പ്രജ്ഞ വിളിച്ച സംഭവത്തിന്റെ പിന്നാലെയായിരുന്നു രാഹുലിന്റെ പ്രസ്താവന. സംഭവം വിവാദമായതോടെ പ്രജ്ഞ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ഗാന്ധിജിയെ ഒരിക്കലും താന്‍ ഇകഴ്ത്തിപ്പറഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രജ്ഞ പറഞ്ഞത്

പ്രജ്ഞ പറഞ്ഞു. ‘എന്റെ പ്രസ്താവന ചിലര്‍ വളച്ചൊടിച്ചു. എന്നെ തീവ്രവാദിയായി ചിത്രീകരിച്ചു. അതില്‍ അതിയായ വേദനയുണ്ട്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റുകയായിരുന്നു. രാഷ്ട്രത്തിന് വേണ്ടി ഗാന്ധിജി നല്‍കിയ സംഭാവനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു.’

പ്രജ്ഞയെ തീവ്രവാദിയെന്ന് പരാമര്‍ശിച്ചതിന്റെ പേരില്‍ രാഹുലിനെതിരെയും പ്രജ്ഞ രംഗത്തെത്തി. തനിക്കെതിരെ ഒരു കേസ് പോലും സുപ്രീം കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പിന്നെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നുമായിരുന്നു പ്രജ്ഞ സിങ് ചോദിച്ചത്.

 

Read Also  നരേന്ദ്രമോദി, നീരവ് മോദി, ലളിത് മോദി; കള്ളന്മാർക്കെല്ലാം മോദി എന്ന പേര് വന്നതെങ്ങനെയാണ് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here