Thursday, January 20

ലോകം മുഴുവന്‍ പ്രസംഗിക്കുന്ന മോദിയ്ക്ക് ഇന്ധനവിലയുടെ കാര്യത്തിൽ മൗനമെന്ന് രാഹുൽ

കേന്ദ്രസർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ. മോദി സര്‍ക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന രാജ്യത്തെ പതിനഞ്ചോ ഇരുപതോ മുതലാളിമാര്‍ക്കു മാത്രമാണ് നേട്ടമുള്ളതെന്നും സർക്കാരിനു കീഴില്‍ കര്‍ഷകരും സ്ത്രീ സമൂഹവും ഇരുട്ടിലായിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് രാജ്യവ്യാപക ബന്ദിന്റെ ഭാഗമായി ഡല്‍ഹി രാജ്ഘട്ടില്‍ നടന്ന ധര്‍ണയില്‍ സാസാരിക്കുകയായിരുന്നു രാഹുല്‍.

ലോകം മുഴുവന്‍ പ്രസംഗങ്ങള്‍ നടത്തുന്ന മോദി ഇന്ധനവില വര്‍ധനയെക്കുറിച്ചും കര്‍ഷകരും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മൗനം പാലിക്കുകയാണ്. മുന്‍പ്  പതിവായി അദ്ദേഹം ഇന്ധന വിലയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോള്‍ എന്തുകൊണ്ടാണ് മോദി നിശബ്ദത പാലിക്കുന്നതെന്നും രാഹുൽ ചോദിച്ചു.

കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയില്‍ രാജ്യത്തെ ജനങ്ങള്‍ ഇത്രയും ഭിന്നിപ്പിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടില്ല. കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയില്‍ രൂപയുടെ മൂല്യം ഇത്രയും ഇടിഞ്ഞ സ്ഥിതിയും ഇന്ധനവില ഇത്രയും വര്‍ധിച്ച സാഹചര്യവും ഉണ്ടായിട്ടില്ല. ഇതാണോ കോൺഗ്രസ് ഭരിച്ച എഴുപത് വര്ഷം കൊണ്ടുണ്ടാക്കാത്ത നേട്ടം ബിജെപി നാല് വര്ഷം കൊണ്ടുണ്ടാക്കി എന്ന് പറയുന്നതെന്നും രാഹുൽ ചോദിച്ചു.

സര്‍ക്കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും മോദി സർക്കാർ എല്ലാ അതിരുകളും ലംഘിച്ചെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കര്‍ഷകരെ പിന്തുണയ്ക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണ് മോദി സര്‍ക്കാര്‍. രാജ്യത്തിന്റെ ഐക്യവും സമാധാനവും സംരക്ഷിക്കാനാണ്  നാം ഒന്നിച്ചുചേര്‍ന്നിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ നാം അവഗണിക്കണം. പഴയ പ്രശ്‌നങ്ങള്‍ ഉപേക്ഷിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

 

Spread the love
Read Also  പശ്ചിമ ബംഗാളിലും കുതിരക്കച്ചവടം; 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നു മുകുള്‍ റോയ്