നിരന്തരം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി റിലയൻസിനെയും കോർപ്പറേറ്റുകളെയും വിമർശിക്കുമ്പോഴും രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് 10ൽ താഴെ വരുന്ന കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് പറയുമ്പോഴും കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഈ സ്ഥിതിയ്ക്ക് മാറ്റം ഉണ്ടാവുമോ എന്ന് ശങ്കിച്ചിരുന്നവർക്ക് മറുപടിയുമായി ഛത്തീഗഢിലെ കോൺഗ്രസ് സർക്കാർ. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഛത്തീഗഢ് ജനതയ്ക്ക് നൽകിയ വാഗ്ദാനം കൂടിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

ബസ്തറിലെ ലോഹന്ദിഗുദയില്‍ 2005ല്‍ ആദിവാസികളിൽ നിന്നും ടാറ്റ സ്റ്റിലിന് വേണ്ടി ഏറ്റെടുത്ത ഭൂമി തിരികെ നൽകാനുള്ള നടപടികൾ ഛത്തീസ്ഗഢ് കോൺഗ്രസ് സർക്കാർ സ്വീകരിച്ചു. നവംബര്‍ 10ന് ജഗ്ദാല്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ഭൂമി തിരിച്ചുകൊടുക്കുമെന്ന് രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത കൃഷിഭൂമിയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പണി തുടങ്ങിയില്ലെങ്കില്‍ ഭൂമി കര്‍ഷകര്‍ക്ക് തിരികെ നൽകുമെന്ന കോൺഗ്രസ് വാഗ്ദാനം കൂടെയാണ് ഇപ്പോൾ നിറവേറ്റുന്നത്.

മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 10 ഗ്രാമങ്ങളിൽ നിന്നായി 1707 കർഷകരിൽ നിന്നായി 1764 ഹെക്ടർ ഭൂമിയാണ് സർക്കാർ തിരികെ നൽകുക. കോൺഗ്രസ് അധികാരത്തിൽ കയറുന്ന സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചതിന് ശേഷമുള്ള അടുത്ത നടപടിയാണിത്.

നന്ദിഗ്രാമിലോ സിംഗൂരിലോ രാജ്യത്തിന്റെ മറ്റെവിടേയുമോ ഇത്തരത്തിൽ ഭൂമി തിരികെ നൽകുന്ന ഒരു സംഭവം ഉണ്ടായിട്ടില്ല. ഇത് ചരിത്രമാണെന്നും ഛത്തീഗഢിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി സ്ക്രോൾ ഡോട്ട് ഇൻ റിപ്പോർട്ട് ചെയ്യുന്നു.

19,500 കോടിരൂപയുടെ സ്റ്റീല്‍പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി ബസ്തറില്‍ 2005ല്‍ ബി.ജെ.പി സര്‍ക്കാരാണ് ടാറ്റയുമായി കരാറൊപ്പിട്ടത്. ഇതിനായി 2044 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. എന്നാൽ 2016ല്‍ പദ്ധതി ടാറ്റ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ തിരികെ ഭൂമി കർഷകർക്ക് നൽകാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേരത്തെ തന്നെ കർഷകർക്ക് ഭൂമി തിരിച്ചു നൽകണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അന്നത്തെ ബിജെപി സർക്കാർ ഛത്തീസ്ഗഢ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഭൂമി ഏറ്റെടുത്തെന്നും കർഷകർക്ക് ഭൂമി തിരികെ നൽകാനാവില്ലെന്നും നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ കോൺഗ്രസ് സർക്കാർ യാഥാർഥ്യമാക്കി കർഷകർക്ക് തിരികെ നൽകുന്നത്.

Read Also  തൊഴിലില്ലായ്മ രൂക്ഷമെന്ന കണക്കുകൾ സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here