Monday, January 25

‘കോൺഗ്രസ് നേതാവ് വന്നു കണ്ടു’ ; എറണാകുളത്ത് മത്സരിച്ചേക്കുമെന്നു ജസ്റ്റീസ് കെമാൽ പാഷ

തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നു സൂചന നൽകി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷ. യുഡിഎഫ് പ്രതിനിധികൾ തന്നെ സമീപിച്ചെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയാണ് ഇക്കാര്യം .

തനിക്ക് ഇതേവരെ കക്ഷിരാഷ്ട്രീയമായി ബന്ധമില്ല. കഴിഞ്ഞ രണ്ടുമാസമായാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിരുന്നില്ല. നിരവധി ആളുകൾ പുനലൂരിൽ ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ സമീപിച്ചിരുന്നു. എന്നാൽ പുനലൂരിൽ മത്സരിക്കാൻ ഒരുപാട് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ആ അവസരം ഞാൻ സ്നേഹപൂർവം നിരസിച്ചു. ഞാൻ താമസിക്കുന്നത് എറണാകുളത്താണ്. അതുകൊണ്ട് തന്നെ ഇവിടെ ഒരു സീറ്റ് ലഭിച്ചാൽ ആലോചിക്കാമെന്നും തന്നെ വന്നു കണ്ട കോൺഗ്രസ് നേതാക്കളെ അറിയിച്ചു.

മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ് നേതാവ് വന്നു കണ്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നു കെമാൽ പാഷ അറിയിച്ചു. ‘രാഷ്ട്രീയത്തിന് അതീതമായി എല്ലാ നേതാക്കളോടും എനിക്ക് ബന്ധമുണ്ട്, സിപിഎം ഒഴികെ. അതുകൊണ്ടാണ് അവർ എന്നെ ചീത്ത വിളിക്കുന്നത്. ഇത്രയും അഴിമതി പൊങ്ങിവന്നപ്പോൾ ഇതൊന്ന് അവസാനിപ്പിക്കണം എന്ന് കരുതിതന്നെയാണ് രാഷ്ട്രീയ പ്രവേശനത്തിൽ ഒരു തീരുമാനമെടുക്കുന്നത്. ഞാൻ ഒറ്റപ്പെട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലല്ലോ.?

‘ആഗ്രഹം പറഞ്ഞപ്പോൾ യു ഡി എഫ് എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടത് പുനലൂരാണ്. എനിക്ക് അവിടെ നല്ല സ്വാധീനമുണ്ട് എന്നുള്ളത് വസ്തുതയാണ്. എന്നാൽ 1995–ൽ അവിടെ നിന്നു താമസം മാറിയതാണ്. എംഎൽഎ ആയാൽ എറണാകുളത്ത് നിന്നുകൊണ്ട് പുനലൂരിൽ പ്രവർത്തനം നടത്തുന്നത് സാധ്യമല്ല. അവിടുത്തെ ജനങ്ങൾക്ക് എന്നെ ഇഷ്ടമാണ്. എന്നാൽ ദേശാടനപക്ഷിപോലെ പോകുന്നത് ശരിയല്ല. അതുകൊണ്ട് എറണാകുളത്ത് തന്നെ ഏതെങ്കിലും സീറ്റാണ് ഞാൻ ആവശ്യപ്പെട്ടത്. ഞാൻ താമസിക്കുന്നത് തൃക്കാക്കരയാണ്. തൊട്ടടുത്ത് കളമശ്ശേരിയും ഉണ്ട്. അങ്ങനെയുള്ളപ്പോൾ ഞാൻ ഇവിടെ നിന്ന് താമസം മാറേണ്ട ആവശ്യവുമില്ല. തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത് എന്റെ ആവശ്യമായല്ല. ജനങ്ങളുടെ ആവശ്യമാണ്. അവർക്ക് വേണമെങ്കിൽ ഞാൻ അവരെ സേവിക്കും. എനിക്ക് സർക്കാർ ഖജനാവിൽ നിന്ന് ഒരു ചില്ലിക്കാശ് വേണ്ട. ജീവിക്കാൻ പെൻഷൻ ഉണ്ട്.

കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണ്. എന്നാൽ കോൺഗ്രസുകാർ എല്ലാം സംശുദ്ധരാണെന്ന് ഞാൻ പറയുന്നില്ല. അവരുടെ ഭാഗത്ത് നിന്നും ഇതിനുമുൻപ് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞാൻ ഇടപെട്ടിട്ടുണ്ട്. എന്നാൽ ഈ സർക്കാരിന്റെ കാലത്തെ സ്വർണക്കടത്ത് പോലെ ഇത്രത്തോളം വലിയ അഴിമതി കേരളം കാണുന്നത് ആദ്യമാണ്. അതിനൊരു ചെക്ക് വയ്ക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നെ സംബന്ധിച്ച് ജനങ്ങളിലേക്ക് അടുക്കാൻ പറ്റിയ വഴി കോൺഗ്രസിലൂടെയാണ്. നിലവിൽ സിപിഎം അഴിമതി നടത്തിക്കൊണ്ടിരിക്കുന്നു. ഇത്രയ്ക്ക് അഴിമതി നിറഞ്ഞ പ്രസ്ഥാനവുമായി എനിക്ക് ഒരുകാലത്തും യോജിച്ച് പോകാനാവില്ല– കെമാൽ പാഷ കൂട്ടിച്ചേർത്തു.

Spread the love
Read Also  രാജസ്ഥാനും തെലങ്കാനയും നാളെ പോളിംഗ് ബൂത്തിലേയ്ക്ക് ; വൈകിട്ട് 6. 30 നു എക്സിറ്റ് പോള്‍ ഫലം പുറത്തുവരും