Thursday, January 20

മായാവതിയെയോ മമതയെയോ കോണ്‍ഗ്രസ് പിന്തുണച്ചേക്കും: പക്ഷെ പാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്താന്‍ രാഹുലിനാവുമോ?

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര്‍എസ്എസ് പിന്തുണയ്ക്കാത്ത ആര്‍ക്കും പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം കിട്ടുന്നപക്ഷം ബഹുജന്‍ സമാജ് പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയെയോ തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെയോ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിന് വൈമുഖ്യമുണ്ടാവില്ലെന്ന് പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയുകയാണ് മുഖ്യമെന്ന് പാര്‍ട്ടി കരുതന്നതായി സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിന് മാത്രമല്ല നേതൃത്വം പൊതുസമ്മതിയുള്ള ഒരാള്‍ക്ക് കൈമാറുന്നതിലും കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്നാണ് മുതിര്‍ന്ന നേതാവ് പറയുന്നത്. എന്നാല്‍ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനിടയില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമാണിത്. പ്രധാനമന്ത്രിയാവാന്‍ സന്നദ്ധനാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വന്നാല്‍ തയ്യാറാണ് എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ബിജെപിക്കെതിരായ മുഖമായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രാദേശിക കക്ഷികള്‍ക്ക് താല്‍പര്യമില്ലെന്ന സൂചനയുമുണ്ട്.

വ്യക്തിഗത താല്‍പര്യങ്ങളാണ് പ്രതിപക്ഷ ഐക്യത്തിന് വിഘാതമാകുന്ന ഏറ്റവും വലിയ ഘടകം. മായാവതിക്കും മമതയ്ക്കും പ്രധാനമന്ത്രി പദത്തില്‍ കണ്ണുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറാന്‍ ഇരുനേതാക്കളും ശ്രമിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്ത ജനുവരിയില്‍ കൊല്‍ക്കത്തിയില്‍ നടത്താന്‍ പദ്ധതിയിടുന്ന ഫെഡറല്‍ ഫ്രണ്ട് റാലിയില്‍ പങ്കെടുക്കുന്നതിന് മറ്റ് പ്രതിപക്ഷ കക്ഷിനേതാക്കളെ ക്ഷണിക്കാന്‍ മമത ബാനര്‍ജി അടുത്തയാഴ്ച ഡല്‍ഹി സന്ദര്‍ശിക്കുന്നുണ്ട്.

സഖ്യ കക്ഷികള്‍ക്ക് പ്രധാനമന്ത്രി സ്ഥാനം നല്‍കാന്‍ തയ്യാറാണെന്ന് ചൊവ്വാഴ്ച കോണ്‍ഗ്രസ് വെളിപ്പെടുത്തിയതോടെ പ്രാദേശിക കക്ഷികള്‍ക്ക് പുതിയ ഊര്‍ജ്ജം കൈവരും. വിശാല സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കഴിഞ്ഞ ആഴ്ച രാഹുലിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ പ്രക്രിയ എളുപ്പത്തിലാക്കാന്‍ കോണ്‍ഗ്രസിന്റെ തുറന്ന സമീപനം സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ കരുതുന്നത്. പാര്‍ട്ടിയുടെ വിലയിരുത്തല്‍ പ്രകാരം ബിഹാറിലെയും ഉത്തരപ്രദേശിലെയും സഖ്യങ്ങള്‍ 2019ല്‍ ബിജെപി മുന്നേറ്റം തടയുന്നതില്‍ നിര്‍ണായകമാകും. 2014ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 72 സീറ്റുകളിലും ബിഹാറില്‍ 28 സീറ്റുകളിലും ബിജെപി ജയിച്ചിരുന്നു.

കഴഞ്ഞ പൊതുതിരഞ്ഞെടുപ്പിലും തുടര്‍ന്നു വന്ന നിയമസഭ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടികള്‍ നേരിട്ടതിനെ തുടര്‍ന്ന് ശത്രുതകള്‍ മറന്ന് എസ് പിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒന്നിച്ച് നീങ്ങാന്‍ തീരുമാനിച്ചതിന്റെ ഗുണഫലങ്ങള്‍ യുപി ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. ഈ സഖ്യത്തിന് അനുകൂലമായ നിലപാടാവും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ബിജെപിയുമായി തെറ്റി നില്‍ക്കുന്ന ശിവ സേനയുടെ നിലപാടും പാര്‍ട്ടി പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ രണ്ട് സുപ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറ്റിമറിക്കാന്‍ ശിവ സേനയ്ക്ക് സാധിക്കും. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടി നേരിടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്നും മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. എന്നാല്‍ ഇത് ആവര്‍ത്തിക്കാനുള്ള ഒരു സാധ്യതയും നിലവിലില്ല.

Read Also  'വണക്കം പുതുച്ചേരി' നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും രാഹുൽ ഗാന്ധി

എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രധാനമന്ത്രിപദം നല്‍കുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്ന വാദവും ഉയരുന്നുണ്ട്. രാഹുല്‍ ഗാന്ധി ഐക്യപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വരണമെന്നാണ് കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗവും ആഗ്രഹിക്കുന്നത്. മറ്റ് പ്രതിപക്ഷ കക്ഷികളെ ഒപ്പം നിറുത്തുന്നതിനൊപ്പം ബിജെപിയാണ് പ്രധാന ശത്രുവെന്ന് പാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്തുക എന്ന വലിയ ദൗത്യമാണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ളത്.

Spread the love

Leave a Reply