Thursday, January 20

ശബരിമല വിഷയത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് രണ്ട് തട്ടിൽ; സുധാകരനെതിരെ പടയൊരുക്കം

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയെ എതിർക്കുന്ന നിലപാടുകൾ സ്വീകരിച്ച് മുന്നോട്ട് പോകുന്നത് കേരളത്തിലെ കോൺഗ്രസിന്റെ മരണമണി മുഴക്കാനായിരിക്കും എന്ന സൂചന നൽകി ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടാണ് ഇക്കാര്യത്തിൽ ശരിയായ തീരുമാനം എന്നും മൃദു ഹിന്ദുത്വ നിലപാടുകളുമായി മുന്നോട്ട് പോകുന്നത് പാർട്ടിക്ക് ദോഷത്തിനാണെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ പരാജയമാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

കെ. സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ സുധാകരന്റെയും ഒരു വിഭാഗത്തിന്റെയും മാത്രം തീരുമാനങ്ങളുടെ പുറത്ത് നടപ്പിലായതാണെന്നും പാർട്ടിയിൽ ഇക്കാര്യങ്ങൾ കൂടിയാലോചിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വിമത പക്ഷം ആരോപിക്കുന്നു. മതേതര പ്രസ്ഥാനമായ കോൺഗ്രസ് വിശ്വാസ സംരക്ഷണ ജാഥ എന്ന പേരിൽ സംഘപരിവാർ ജാഥയ്ക്ക് തുല്യമായ ജാഥയാണ് നടപ്പിലാക്കുന്നതെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തുന്നു. നേരത്തെ വി. ഡി. സതീശൻ എംഎൽഎ കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥയും ബിജെപിയുടെ നാമജപ യാത്രയും ഒന്നാണെന്ന് ആളുകൾ ധരിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്ന്‌ പറഞ്ഞിരുന്നു.

അജയ് തറയിൽ, കെ. സുധാകരൻ, കെ. മുരളീധരൻ തുടങ്ങിയവരുടെ പരസ്യ നിലപാടുകൾ കോൺഗ്രസ് ഹിന്ദുത്വ പാർട്ടിയാണെന്ന തോന്നൽ ഉണ്ടാക്കുമെന്നും പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കേണ്ടതിന് പകരം വിവേചന നിലപാടുകൾ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. അതേസമയം സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളിലെ സ്ത്രീകളുമായി പോലും കോൺഗ്രസ് നേതൃത്വം ചർച്ച നടത്താതെയാണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. മുല്ലപ്പള്ളി രാമചന്ദ്രൻ രമേശ് ചെന്നിത്തല സുധാകരൻ എന്നിവർ ചേർന്ന് ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുകയാണെന്നും ഇത്തരത്തിൽ മുന്നോട്ട് പോകാനാവില്ലെന്നും ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് തങ്ങളുടെ തീരുമാനം എന്നുമാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

Spread the love
Read Also  മധ്യപ്രദേശിൽ 15 വർഷങ്ങൾക്ക് ശേഷം മുസ്ളീം സമുദായത്തിൽ നിന്നും മന്ത്രി

Leave a Reply