കർണ്ണാടകയിലെ കോൺഗ്രസ് ജനതാദൾ സഖ്യ സർക്കാർ കൂടി വീണതോടെ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരുകൾ രാജ്യത്ത് അഞ്ചിടങ്ങളിൽ മാത്രമായി ചുരുങ്ങി. പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ മാത്രമാണ് ഒരു കാലത്ത് രാജ്യം മുഴുവൻ ഒറ്റയ്ക്ക് ഭരിച്ചിരുന്ന പാർട്ടിയ്ക്ക് അധികാരമുള്ളത്.

ദക്ഷിണേന്ത്യയിൽ ഒരൊറ്റ സംസ്ഥാനത്ത് പോലും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഭരിക്കുന്നില്ല. ആകെയുള്ളത് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ മാത്രമാണ് കോൺഗ്രസ് ഭരണം ഉള്ളത്. 2016 മെയിലാണ് പുതുച്ചേരിയിൽ വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തിയത്. പുതുച്ചേരിയിയിൽ ആകെയുള്ള 33 അംഗ സഭയിൽ 14 പേരാണ് കോൺഗ്രസിനുള്ളത്. ഡിഎംകെയുടെയും മറ്റ് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെയാണ് കോൺഗ്രസ് പുതുച്ചേരിയിൽ ഭരണം തുടരുന്നത്. എന്നാൽ ഇവിടെ ലഫ്റ്റനന്‍റ് ഗവർണറുമായി വി നാരായണസ്വാമി സർക്കാർ അത്ര നല്ല ബന്ധത്തിലല്ല. ബിജെപിയുടെ മൂന്ന് നോമിനേറ്റഡ് അംഗങ്ങളും (കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്യുന്ന) പുതുച്ചേരി സഭയിലുണ്ട്.

2004ൽ എസ്.എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കർണാടകയിൽ അധികാരത്തിൽനിന്ന് ഇറങ്ങിയതിനുശേഷം 2013ലാണ് മറ്റൊരു കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ സിദ്ദരാമയ്യയുടെ ആ സർക്കാരിന് തുടർഭരണം ലഭിച്ചില്ല. 2018ൽ ബിജെപിയെ അകറ്റിനിർത്താനുള്ള ശ്രമമാണ് ജെഡിഎസിനൊപ്പം ഒരു സഖ്യകക്ഷി സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് കർണാടകയിൽ അവസരൊരുക്കിയത്. എന്നാൽ 14 മാസങ്ങൾക്കിപ്പുറം ആ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ദക്ഷിണേന്ത്യയിൽ ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയത്.

2014ൽ സ്ഥാനമൊഴിഞ്ഞ കിരൺ കുമാർ റെഡ്ഡിയായിരുന്നു ആന്ധ്രാപ്രദേശിലെ അവസാന കോൺഗ്രസ് മുഖ്യമന്ത്രി. കോൺഗ്രസ് വിട്ടുപോയി വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി രൂപീകരിച്ച ജഗൻമോഹൻ റെഡിയാണ് ഇപ്പോൾ ആന്ധ്രയിലെ മുഖ്യമന്ത്രി.

1963-67 കാലഘട്ടത്തിലെ ഭക്തവൽസലം ആയിരുന്നു തമിഴ് നാട്ടിലെ കോൺഗ്രസിന്‍റെ അവസാന മുഖ്യമന്ത്രി. അതിനുശേഷം ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി അധികാരത്തിൽ വരുന്നതാണ് കണ്ടത്.

2016 മെയിലാണ് കേരളത്തിലെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് ഇടതുമുന്നണി അധികാരത്തിലെത്തിയത്. കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫും ഇടതുപക്ഷപാർട്ടികളുടെ എൽഡിഎഫും മാറിമാറി ഭരണത്തിൽ വരുന്നതാണ് ഇതുവരെയുള്ള രീതി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'നിങ്ങൾ ദളിതരാണ്; രാഷ്ട്രീയം ഞങ്ങൾ സവർണ്ണർക്കുള്ളതാണ്': ബിജെപി സഖ്യകക്ഷിയുടെ നിലപാടാണ്

LEAVE A REPLY

Please enter your comment!
Please enter your name here