Saturday, January 29

ശബരിമല വിഷയത്തിൽ കോൺഗ്രസിന്റേത് രാഷ്ട്രീയ നാടകം; തീരുമാനം എടുത്തത് വനിതാ അംഗങ്ങളോട് ആലോചിക്കാതെ

ശബരിമലയിൽ ഉണ്ടായിരുന്ന സ്ത്രീ വിവേചനം എടുത്തുകളഞ്ഞ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ഉപവാസ സമരവും പ്രത്യക്ഷ സമര പരിപാടികളും നടത്തുന്ന കോൺഗ്രസ് പാർട്ടിയുടെ നിലപാട് ഏകപക്ഷീയമെന്ന് വനിതാ അംഗങ്ങൾ. പാർട്ടി സമരപരിപാടികൾ ആസൂത്രണം ചെയ്തതും ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിലപാട് എടുത്തപ്പോൾ പാർട്ടിക്കുള്ളിലെ വനിതകളോട് പോലും ആലോചിച്ചില്ലെന്നും മുതിർന്ന വനിതാ അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

ശബരിമലയിലേത് സ്ത്രീ വിവേചനവുമായി ബന്ധപ്പെട്ട വിഷയമാണ്. ആ വിവേചനം തുടരണമെന്ന് പറയുന്നത് പാർട്ടിക്കുള്ളിലെ പുരുഷന്മാർ മാത്രമാണ്. പക്ഷെ കോൺഗ്രസ് പാർട്ടി സമരം ചെയ്യുമ്പോൾ അത് ആ പാർട്ടിക്കുള്ളിലെ സ്ത്രീകളുടെ ഉൾപ്പടെയുള്ള തീരുമാനത്തിന്റെ ഫലമാണെന്ന് പലരും തെറ്റിദ്ധരിക്കും. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുമ്പോൾ അതിൽ നേതാക്കളിൽ ഒരൊറ്റ സ്ത്രീ സാന്നിധ്യം പോലുമില്ലാത്തത് ഇതിന്റെ സൂചനയാണെന്നുമാണ് വിമർശനങ്ങൾ.

കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടിൽ തനിക്ക് വ്യക്തിപരമായി എതിർപ്പുണ്ടെന്നും എന്നാൽ പാർട്ടി ഇതൊരു രാഷ്ട്രീയ തീരുമാനം ആയി എടുത്തത് കൊണ്ട് അതിന്റൊപ്പം നിൽക്കുന്നുവെന്നും വനിതകളോട് കൂടിയാലോചിക്കാതെയാണ് ഇത്തരമൊരു നിലപാട് പാർട്ടി സ്വീകരിച്ചതെന്നും മുതിർന്ന വനിതാ അംഗം പ്രതിപക്ഷം ന്യൂസിനോട് പ്രതികരിച്ചു.

നേരത്തേ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ്, ബിന്ദു കൃഷണ തുടങ്ങിയ നേതാക്കൾ രംഗത്ത് വന്നിരുന്നു. എന്നാൽ പാർട്ടി പിന്നീട് വനിതാ നേതാക്കളുമായി പോലും കൂടിയാലോചിക്കാതെ ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരായ രാഷ്ട്രീയ തീരുമാനം സ്വതന്ത്രമായി എടുക്കുകയായിരുന്നു.

സ്ത്രീകൾക്ക് നേരെ നടക്കുന്ന അനാചാരത്തിനെതിരെയുള്ള സുപ്രീം കോടതി വിധിയെ പാർട്ടി ദേശീയ നേതൃത്വം സ്വാഗതം ചെയ്തിട്ടും രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള കേരള നേതാക്കൾ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നതിൽ പാർട്ടിക്കുള്ളിലെ ശക്തമായ എതിർപ്പാണ് നിലനിൽക്കുന്നത്. വി ടി ബൽറാം ഉൾപ്പടെയുള്ള നേതാക്കൾ സുപ്രീം കോടതി വിധിയെ നേരത്തേ സ്വാഗതം ചെയ്തിരുന്നു.

Spread the love
Read Also  കക്കൂസിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതിലെന്താണ് പ്രശ്നം?: കോൺഗ്രസ് മന്ത്രിയുടെ പരാമർശം വിവാദത്തിൽ

Leave a Reply