Saturday, January 29

നജ്മല്‍ ബാബുവിന്‍റെ സംസ്കാരവും വിവാദമായി ; പോരാട്ടം പ്രവർത്തകരുടെ പ്രതിഷേധം, ഒടുവില്‍ വീട്ടുവളപ്പില്‍ സംസ്കാരം

വിവാദത്തിനൊടുവില്‍ നജ്മല്‍ ബാബുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു  

കേരളത്തിൽ നക്സൽപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച നജ്മൽ ബാബു ( ടി എൻ ജോയ് )വിന്റെ മൃതദേഹം സംസ്കരിക്കേണ്ട സ്ഥലം സംബന്ധിച്ചു രാവിലെ മുതല്‍ക്കുതന്നെ സമൂഹമാധ്യമങ്ങളിൽ വിവാദം കത്തിപ്പടർന്നു. തന്റെ മൃതദേഹം ചേരമാൻ മസ്ജിദിൽ അടക്കണമെന്ന് നജ്മൽ ബാബുവിന്റെ ഒസ്യത്തുണ്ടായിരുന്നുവെന്നും അതിനു വിരുദ്ധമായി ഹൈന്ദവാചാരപ്രകാരം സംസ്കരിക്കാൻ നീക്കം നടത്തുന്നു എന്നും വാദിച്ചുകൊണ്ടുള്ള പ്രചാരണവുമായി ഉച്ച കഴിഞ്ഞു ഫെയ്‌സ് ബുക്കിലും വാട്സ് ആപ്പിലും എഴുതിയ കുറിപ്പുകൾ വൈറലായി. ആര്‍ ഡി ഒ യ്ക്ക് പരാതിയും പോയി 

വിവാദമായതോടെ മൃതദേഹം എവിടെ സംസ്കരിക്കണമെന്നത് സംബന്ധിച്ച് ഉച്ച കഴിഞ്ഞു കുറച്ചു നേരം അനിശ്ചിതത്വം തുടർന്നു. നജ്മൽ ബാബു നേരത്തെ ഇതുസംബന്ധിച്ചു ചേരമാൻ പള്ളി മഹല്ല് കമ്മിറ്റി സെക്രട്ടറിക്ക് എഴുതിയ കത്തും പ്രചരിച്ചുകൊണ്ടിരുന്നു.

ടി എൻ ജോയിയുടെ ബന്ധുക്കൾക്ക് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കണമെന്നായിരുന്നു ആഗ്രഹം. അവർ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതോടെയാണ് വിവാദം ആരംഭിച്ചത്. എന്നാൽ ബന്ധുക്കളുടെ സമ്മതമില്ലാതെ തങ്ങൾ നജ്മൽ ബാബുവിന്റെ ഖബറടക്കം നടത്തില്ലെന്ന് ചേരമാൻ മസ്ജിദ് ഭാരവാഹികൾ നിലപാടെടുത്തു. വിവാദത്തിലൂടെ ഒരു ഖബറടക്കം നടത്താൻ സെക്കുലർ നിലപാടുകൾ തുടർന്നുവരുന്ന മസ്ജിദ് അധികൃതർ തയ്യാറല്ലായിരുന്നു. ടി എൻ ജോയിയുടെ സഹോദരനും മറ്റും ബന്ധുക്കൾക്കു മതപരമായ ചടങ്ങുകളിലൂടെ ജോയിയെ സംസ്കരിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്രയുംകാലം തങ്ങളുടെ കുടുംബത്തിൽ മതപരമായ ഒരു ചടങ്ങും നടത്തിയിട്ടില്ലെന്നും ഇനിയും അതിനു താല്പര്യമില്ലെന്നുമായിരുന്നു മതേതരനിലപാടുള്ള ബന്ധുക്കൾ പറഞ്ഞത്. ഒന്നുകിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാം അല്ലെങ്കിൽ അദ്ദേഹം പ്രവർത്തിച്ചിരുന്ന ഹെൽത്ത് കെയർ ഇൻസ്റ്റിറ്റിയൂട്ടിൽ നടത്തണം. അതായിരുന്നു ബന്ധുക്കളുടെ നിലപാട്. വേണമെങ്കിൽ തങ്ങളുടെ സമ്മതമില്ലാതെ ചേരമാൻ മസ്ജിദിൽ മൃതദേഹം അടക്കം ചെയ്യാമെന്നും ബന്ധുക്കൾ പള്ളി അധികൃതരോട് പറഞ്ഞു.

പക്ഷെ നൂറ്റാണ്ടുകളായി തികച്ചും സെക്കുലർ നിലപാടുകൾ തുടരുന്ന ചേരമാൻ മസ്ജിദു അധികൃതർ അതിനു തയ്യാറല്ലെന്നു പറഞ്ഞു. പള്ളിയിൽ അടക്കം ചെയ്യണമെങ്കിൽ ബന്ധുക്കളുടെ കത്ത് വേണമെന്നതായിരുന്നു അവരുടെ നിലപാട്. എന്നാൽ തങ്ങൾ അതിനോട് യോജിക്കുന്നില്ലെന്നു ബന്ധുക്കളും പറഞ്ഞതോടെ അതംഗീകരിച്ചുകൊണ്ടു മസ്ജിദ് അധികൃതർ പിന്മാറി.

ഫാസിസത്തിനെതിരെ പ്രതിരോധം തീർക്കാനാണ് ടി എൻ ജോയ് നജ്മൽ ബാബുവായി മാറിയതെന്നും അദ്ദേഹം മതപരമായി ജീവിച്ച ആളല്ലെന്നുമാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാദം.

മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച മൈതാനത്തിനു മുന്നിൽനിന്നും വീട്ടിലേക്കു കൊണ്ടുപോകുമ്പോള്‍  പോരാട്ടം പ്രവർത്തകര്‍ പ്രതിഷേധസൂചകമായി മുദ്രാവാക്യം മുഴക്കി. പോലീസെത്തി അവരെ നീക്കം ചെയ്തു. മൃതദേഹം മുന്നോട്ടു നീക്കിയപ്പോള്‍ അത് തടഞ്ഞുകൊണ്ട്‌  പ്രതിഷേധക്കാര്‍ നിലത്തുകിടന്നു മുദ്രാവാക്യം മുഴക്കി. പോലീസ് അവരെ ബലം പ്രയോഗിച്ചു നീക്കി. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം  വീട്ടിലേക്കു കൊണ്ടുപോയി. അഞ്ചു മണിക്ക് സഹോദരന്‍റെ വീട്ടുവളപ്പില്‍ സുഹൃത്തുക്കളുടെയും രാഷ്ട്രീയപ്രവര്ത്തകരുടെയും അഭ്യൂദയകാംക്ഷികളുടെയും സാന്നിധ്യത്തില്‍ മൃതദേഹം സംസ്കരിച്ചു. 

Read Also  'പാകിസ്ഥാൻ നിറഞ്ഞെന്ന് തോന്നുന്നു, അതാണു ചന്ദ്രനിലേക്ക് പോകാൻ ആവശ്യപ്പെട്ടത്' ; ലജ്ജ തോന്നുന്നുവെന്ന് കമൽ

നജ്മല്‍ ബാബു ഇസ്ലാം മതം സ്വീകരിക്കുന്നതിനുമുമ്പേ ചേരമാന്‍ മസ്ജിദു സെക്രട്ടറിക്ക് എഴുതിയ കത്ത് ചുവടെ :

  പ്രിയപ്പെട്ട സുലൈമാൻ മൗലവിക്ക്,

വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യഭം​ഗിയിലാണ് ഒരുപക്ഷേ എന്റെ വിശ്വാസം. ജീവിതത്തിൽ ഉടനീളം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്നും മുസ്ലിങ്ങൾ ആയിരുന്നു-ഇപ്പോഴും! ഞാൻ മരിക്കുമ്പോൾ എന്നെ ചേരമാൻ പള്ളിയുടെ വളപ്പിൽ സംസ്കരിക്കുവാൻ കഴിയുമോ?
നോക്ക‌ൂ! മൗലവി, ജനനം ”തിരഞ്ഞെടുക്കുവാൻ” നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി. എന്റെ ഈ അത്യാ​ഗ്രഹത്തിന് മതപരമായ ന്യായങ്ങൾ കണ്ടെത്തുവാൻ പണ്ഡിതനായ നിങ്ങൾക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഇങ്ങനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?
ജനിച്ച ഈഴവജാതിയുടെ ജാതിബോധം തീണ്ടാതിരിക്കുവാനാണ് അച്ഛൻ എന്നെ മടിയിൽ കിടത്തി അന്ന് ‘ജോയ്’ എന്ന് പേരിട്ടത്. ബാബറി പള്ളി തകർക്കലിനും ​ഗുജറാത്ത് വംശഹത്യയ്ക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം ‘മാത്രം’ സഹിക്കുന്ന വിവേചനങ്ങളിൽ ഞാൻ അസ്വസ്ഥനാണ്. ഇതിനെതിരായ ”മുസ്ലിം സാഹോദര്യങ്ങളുടെ” പ്രതിഷേധത്തിൽ ഞാൻ അവരോടൊപ്പമാണ്. മുസ്ലിം സമുദായത്തിലെ അനേകരോടൊപ്പം എന്റെ ഭൗതികശരീരവും മറവ് ചെയ്യപ്പെടണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ പിന്നിൽ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുർബലന്റെ പിടച്ചിലിൽ മൗലവി എന്നോടൊപ്പം ഉണ്ടാകുമെന്ന് ഇപ്പോൾ എനിക്ക് ഏതാണ്ട് ഉറപ്പാണ്.
നിർത്തട്ടെ
സ്നേഹത്തോടെ,

സ്വന്തം കൈപ്പടയിൽ

ടിയെൻജോയ്
മുസിരിസ്-dec.13/2013
copy to സെക്രട്ടറി
ചേരമൻ മഹല്ല് കമ്മറ്റി

 

Spread the love

Leave a Reply