ചൈനയിലും മറ്റു വിദേശരാജ്യങ്ങളിലും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പുതുതായി 197 പേരുള്‍പ്പെടെ കേരളത്തില്‍ ആകെ 633 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. അതില്‍ ഏഴ്‌ പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതുവരെ 16 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ഒമ്പത്‌ പേരെ ഡിസ്ചാര്‍ജ് ചെയ്തു. 10 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആറു പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. നാല്‌ പേരുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സംശയം തോന്നിയ ആറുപേരുടെ സാമ്പിളുകള്‍ ചൊവ്വാഴ്ച അയച്ചിട്ടുണ്ട്.

മെഡിക്കൽ പരിശോധനയ്ക്കു എല്ലാ സജ്ജീകരണങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറായിട്ടുണ്ട്. ഐസിഎംആര്‍ന്റെ ഗൈഡ്‌ലൈന്‍ അനുസരിച്ചു സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചുകൊണ്ടിരിക്കുകയാണ് . കൊറോണ വൈറസ് പ്രതിരോധത്തിന് ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഒരു കൊറോണ രോഗബാധയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ഒരാള്‍ക്കെങ്കിലും കൊറോണ ബാധിച്ചാല്‍ അതിനെ നേരിടാനുള്ള സംവിധാനമാണ് ആരോഗ്യ വകുപ്പ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ നിരീക്ഷണ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. രോഗം പടർന്നുപിടിക്കുന്ന ചൈനയിലെ വുഹാനില്‍ നിന്നും വന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന് തയ്യാറാകണം. ലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ തന്നെ പാര്‍പ്പിച്ചാണ് നിരീക്ഷിക്കുന്നത്. അപൂര്‍വം ചിലര്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകാറുണ്ട്. അത് വലിയ ആപത്താണ്. അതിനാല്‍ ചൈനയില്‍ പോയി വന്നവരുണ്ടെങ്കില്‍ അടിയന്തരമായി അറിയിക്കേണ്ടതാണ്. രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങി വന്നവര്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

എല്ലാവരും നന്നായി ശ്രദ്ധിക്കേണ്ടതാണ്. നിലവില്‍ ആരും പേടിക്കേണ്ട യാതൊരു സാഹചര്യവുമില്ല. ചൈനയില്‍ പോയി വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സ്വയം നിരീക്ഷിക്കപ്പെടുവാന്‍ തയ്യാറാകുകയും സമാന രീതിയില്‍ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും വേണം..

പ്രതിരോധപ്രവർത്തങ്ങൾക്കായി സംസ്ഥാനം പൂര്ണസജ്ജമാണ്. നിരീക്ഷണത്തിലുള്ളവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലാക്കി വിഭജിച്ചാണ് നിരീക്ഷണം ക്രമീകരിച്ചിട്ടുള്ളത്. 28 ദിവസംവരെ ഇവരെ നിരീക്ഷിക്കേണ്ടതുണ്ട്. ലോകത്ത് നിന്നും കൊറോണ രോഗബാധ പൂര്‍ണമായും ഇല്ലാതായെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നതുവരെ ഈ നിരീക്ഷണം തുടരേണ്ടതുണ്ട്.

 ചൈനയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. കേരളം സന്ദര്‍ശിച്ച കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. നോര്‍ക്ക വഴിയും ഇടപെടല്‍ നടക്കുന്നു വരുന്നു. അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയിട്ടുണ്ട്. കേന്ദ്രം അനുമതി നല്‍കി അവരെ തിരികെ കൊണ്ടുവന്നാല്‍ അവരുടെ ചികിത്സ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also  മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് കൊണ്ടുവരാൻ പദ്ധതി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here