Wednesday, September 23

‘മാർച്ച് 31 നു തീരുമോ ?’ നിഷ്കളങ്കമായ ചോദ്യത്തിന് ആര് ഉത്തരം നൽകും

കേരളം ഇന്ത്യയിലെ മികച്ച സംസ്ഥാനം എന്ന് കേട്ട് അസൂയപ്പെടുന്ന ഒരു വിഭാഗം ജനത നമ്മുടെ രാജ്യത്തുതന്നെ ഉണ്ടെന്നുള്ള യാഥാർഥ്യം ഈയിടെയാണ് നമുക്ക് ബോധ്യമായത്. അത് നാം തിരിച്ചറിഞ്ഞത് സമൂഹമാധ്യമങ്ങളിൽ ഹിന്ദിയിൽ പ്രത്യക്ഷപ്പെട്ട കമന്റുകളും സ്റ്റാറ്റസുകളും വഴിയായിരുന്നു. ഒരു പ്രദേശമെങ്കിലും മെച്ചപ്പെട്ടല്ലോ എന്ന് ചിന്തിക്കുന്നതിനു പകരം അവർ മാത്രം അങ്ങനെ സുഖിക്കേണ്ട എന്ന് സ്വപ്നം കാണുന്ന ദോഷൈകദൃക്കുകൾ ആണ് നമ്മുടെ നാടിന്റെ ദുര്യോഗം.

ഈ ചിന്തയുടെ ഉത്ഭവം 2018 ലുണ്ടായ അതിഭീകരപ്രളയത്തിന്റെ വേളയിലായിരുന്നു. ആ പ്രളയത്തെ നാം ‘മഹാപ്രളയം’ എന്ന് വിളിച്ചു മഹത്വവൽക്കരിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരോ എഴുതിയത് ഓർക്കുന്നു. പ്രളയത്തെ മഹത്തായ സംഭവമായി ചിത്രീകരിക്കുന്നതിനു തുല്യമാണ് അത്തരം വിശേഷണം എന്നായിരുന്നു അന്നത്തെ പരാതി. സമാനമായ പദവിശേഷണം തന്നെയാണ് കോവിഡ് 19 വന്നപ്പോഴും മലയാളത്തിനുമേൽ ചാർത്തിയിരിക്കുന്നതു. മഹാമാരി എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ‘ബഹുമതി’. pandemic എന്ന വാക്കിനു നൽകിയ പരിഭാഷയാണ് മഹാമാരി എന്ന് മാധ്യമങ്ങൾ മൊഴിമാറ്റിയിരിക്കുന്നതു. മഹാമാരി എന്നാൽ മഹത്തായ പകർച്ചവ്യാധി എന്ന് വ്യാഖ്യാനം. അപ്പോൾ ഇത്രയും വലിയൊരു സർവ്വനാശകാരിയായ ആപത്തിനെ മഹത്തായതു എന്ന അർഥം വരുന്ന പദമുപയോഗിച്ചു വിശേഷിപ്പിക്കാമോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു. പകരം ഭീകരപകർച്ചവ്യാധി എന്നുപയോഗിച്ചുകൂടെ എന്നാണു ചോദ്യം.

ആദ്യമായി കേരളത്തിൽ രോഗം പ്രത്യക്ഷപ്പെട്ടപ്പോൾ വടക്കേ ഇന്ത്യയിലെ ഏതോ ചില കുബുദ്ധികൾ അതും ആഘോഷമാക്കുന്നതുകണ്ടു. കമ്യൂണിസം ഉള്ള ദേശത്തുമാത്രം പ്രത്യക്ഷപ്പെടുന്ന ഒരു പകർച്ചവ്യാധി – ഇത് ദൈവം അറിഞ്ഞുകൊടുത്ത ശിക്ഷയാണ് എന്ന രീതിയിൽ ഇത് പുരോഗമിച്ചു. ആ പരിഹാസം നീണ്ടുനിൽക്കുന്നതിനു മുമ്പുതന്നെ രാജ്യത്തെയാകെ ആശങ്കപ്പെടുത്തിക്കൊണ്ടു രോഗം മിക്ക പ്രദേശങ്ങളിളേക്കും പടർന്നു.

ഓരോ പ്രതിസന്ധിയെയും നാം മറികടക്കുമ്പോൾ ശുഭാപ്തിവിശ്വാസം നമുക്കുണ്ടായിരുന്നു. അത് മനുഷ്യന്റെ സ്വാഭാവികമായ മാനസികഭാവമായിരുന്നു. പ്രളയശേഷം അങ്ങനെയൊരു ലക്ഷ്യത്തിലേക്കു നാം പിച്ചവെച്ചുതുടങ്ങുമ്പോൾ തന്നെ വീണ്ടും ഈ ഭീകരപകർച്ചവ്യാധി കടന്നുവരികയായിരുന്നു. ഇവിടെ ഉയരുന്ന ചോദ്യം നാളെ നമ്മുടെ സമ്പദ്‌വ്യവസ്ഥ എങ്ങോട്ടു നീങ്ങും എന്ന ഉത്ക്കണ്ഠയാണ്. നമ്മുടെ മാത്രമല്ല ആഗോളതലത്തിൽ തന്നെ പ്രകടമായിത്തുടങ്ങിയ സാമ്പത്തിക പ്രതിസന്ധിയുടെ സൂചന നമുക്കുമീതെ ആ ഭീകര ഭരണാധികാരിയുടെ വാളായി തൂങ്ങുകയാണ്. അത് തട്ടിനീക്കുക എന്നത് ആഗോളപൗരന്റെ ധർമമാണ്.

‘ബുദ്ധിയുള്ള’ ചില ദേശീയവാദികൾ മറ്റുള്ളവരുടെ (അയൽവാസിയുടെ ) പണം തട്ടിയെടുക്കുന്നതിനു വേണ്ടിയുള്ള പദ്ധതികൾ വേഗത്തിൽ കണ്ടെത്തുമായിരിക്കും. ഇക്കാര്യത്തിൽ എന്നും പ്രതിലോമകരമായ ആശയങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ പൗരന്മാർ അത്രത്തോളം വളർന്നിട്ടില്ല എന്നതുകൊണ്ട് ഇപ്പോഴും ഇരകളായിത്തന്നെ തുടരും. അത് മറികടക്കണം. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കണം. അതിനു എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചുനിൽക്കണം. അതിനുവേണ്ടത് ഐക്യമാണ്. അതിനിടയിൽ മനുഷ്യനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന് ഒരു പ്രസക്തിയുമില്ല. വികസനത്തിന് തടയിടുന്ന ആ പിന്തിരിപ്പൻ രാഷ്ട്രീയം എല്ലാക്കാലത്തും അധിനിവേശശക്തികൾ പയറ്റുന്ന തന്ത്രമാണ് എന്ന് ചരിത്രം നമുക്ക് ബോധ്യപ്പെടുത്തിത്തന്നതാണ്.

Read Also  ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയ യുവാവിനെ കണ്ടെത്തി

പള്ളിക്കൂടം അടച്ചുകഴിഞ്ഞ ഒന്നാം ക്ലാസുകാരന്റെ ആ ചോദ്യമാണ് അവശേഷിക്കുന്നത്. ” അച്ഛാ മാർച്ച് 31 കഴിയുമ്പോ ഇത് തീരുമോ? ഇതാണ് കോവിഡ് ബാധിച്ചു നിയന്ത്രണങ്ങൾ തുടരുന്ന പ്രദേശവാസിയായ അവന്റെ നിഷ്കളങ്കമായ ചോദ്യം. അത് കഴിഞ്ഞാലേ അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം അവനു കളിക്കാൻ അനുവാദമുള്ളൂ. അതിനു മറുപടി പറയാൻ നമുക്കാർക്കും ഇപ്പോൾ കഴിയില്ല. അതുപോലെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ നമുക്ക് കഴിയണം. അതിനു ഈ രോഗത്തിന് ഔഷധം കണ്ടെത്തണം

യു എസ്, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലായിടത്തും കനത്ത ജാഗ്രത ഒരു അതിഭീകരവിപത്തിനെതിരെ നാം ഒരു ലോകയുദ്ധം തന്നെ ആസൂത്രണം ചെയ്യണം. അത് ഏകലോകത്തിലേക്കുള്ള ഒരു വാതിലായി അടയാളപ്പെടുത്തണം. അതിർത്തികൾ പൊളിഞ്ഞുവീഴുന്ന ഒരു കാലത്തെക്കുറിച്ചാണ് പുതിയ തലമുറ സ്വപ്നം കാണുന്നത്, അതുകൊണ്ടുതന്നെ ഈ ഭീകരരോഗത്തിനു ഔഷധ നിർമ്മാണത്തിനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്ന മാർഗ്ഗങ്ങൾ ആർക്കെങ്കിലും നിർദ്ദേശിക്കാൻ കഴിയുമാറാകട്ടെ.

ഹാർവാഡ് സർവ്വകലാശായിലെ പകർച്ചവ്യാധി വിദഗ്ധനായ മാർക്ക് ലിപ്സിച്ചിന്റെ മുന്നറിയിപ്പ് വലിയ ഭീഷണിയായി നമുക്ക് മുന്നിലുണ്ട്. ഈ പകർച്ച വ്യാധി കരുതലോടെ നിയന്ത്രിച്ചില്ലെങ്കിൽ ലോകത്തിലെ 70 ശതമാനം ജനങ്ങളിലേക്ക് ഇത് പകരുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ആ പ്രവചനം യാഥാർഥ്യമാകാതിരിക്കട്ടെ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply