Tuesday, May 26

കോർപ്പറേറ്റ് രാഷ്ട്രീയം, പരിസ്ഥിതി : വെള്ളത്തൂവൽ സ്റ്റീഫൻ പ്രതിപക്ഷത്തോട് സംസാരിക്കുന്നു

വെള്ളത്തൂവൽ സ്റ്റീഫൻ പ്രതിപക്ഷത്തോട് സംസാരിക്കുന്നു

സുനിൽ വെള്ളത്തൂവൽ സ്റ്റീഫനുമായി നടത്തിയ അഭിമുഖം

ഭാഗം രണ്ട്

മോദിയും അമേരിക്കയും

ഗുജറാത്തിൽ 3500 ഇസ്ലാമുകളെ രാ-പകൽ കൊല ചെയ്യുകയും സ്ത്രീകളെ പിച്ചിച്ചീന്തുകയും ചെയ്ത കിരാത പ്രവർത്തിയെ കൈയ്യും കെട്ടി നോക്കി നിന്നവരാണ് മോദിയും അമിത് ഷായും. ഒരു അമ്പലത്തിന്റെ പേരിൽ അവർ ആളുകളെ കുത്തി ഇളക്കി. മനുഷ്യന്റെ മാനസികവികാസത്തിന്റെ ദൗർബല്യത്തെ ചൂഷണം ചെയ്തു. അതിന്റെ പേരിൽ അമേരിക്ക വിസ നിഷേധിച്ചിരുന്നവരാണ് ഇരുവരും.

മോദി അധികാരത്തിലെത്തിയപ്പോൾ, ഒരു കില്ലിംഗ് ലീഡർ എന്നറിഞ്ഞപ്പോൾ, കൊലയാളി നേതാവ് നിഗ്രഹതാല്പര്യക്കാരൻ ആണെന്നുള്ളതുകൊണ്ടും, അമേരിക്കൻ മൂലധനത്തിന് ഒത്താശ ചെയ്യുന്ന ആളാണെന്നതുകൊണ്ടും, അമേരിക്ക വിസ നിഷേധിച്ചിരുന്ന മോദിക്ക് ഡൽഹി മുതൽ വൈറ്റ്ഹൗസ് വരെ പരവതാനി വിരിച്ചു. ഇറാനിൽ നിന്നുള്ള ഇന്ധനക്കുഴൽ അമേരിക്കൻ താല്പര്യത്താൽ മോദി വേണ്ടെന്ന് വെച്ചു. കടലിന്നടിയിൽ വലിയ ടാങ്കറുകൾ സ്ഥാപിച്ച് ഗൾഫിലെ എണ്ണ കൊള്ളയടിച്ച് കൊണ്ടുപോയി ശേഖരിച്ച് വെക്കുകയാണ് അമേരിക്ക ചെയ്യുന്നത്. അത് മൂന്നിരട്ടി വിലയ്ക്കാണ് അമേരിക്ക ഇന്ത്യയ്ക്ക് നല്കുന്നത്.

കാർഷികമേഖലയും യുദ്ധോപകരണങ്ങളും

കൃഷിക്കാരന്റെ സ്ഥിതി അമ്പേ ദയനീയമാണ്. 3000 രൂപപോലും വരുമാനം ഇല്ലാത്തവരാണ് ഇവിടുത്തെ ഇടത്തരക്കാരായ കൃഷിക്കാർ. കൊക്കോ കൃഷി ഇല്ല, കുരുമുളക് എല്ലാം തകർന്നു. റബ്ബറിന്റെ സ്ഥിതി അറിയാമല്ലോ. വളരെ വേദനപ്പെട്ട് ആളുകൾ ആത്മഹത്യയിലേക്ക് പോകാത്തത് റേഷൻ സൗജന്യം ഉള്ളതുകൊണ്ടാണ്. ചെറിയ ചെറിയ തടസ്സങ്ങളൊക്കെയായി ബാങ്ക് ജപ്തിയും വരുന്നില്ല.

വനത്തിൽ ആന, കുരങ്ങ്, പന്നി ഇവ വളരെ പെരുകി. ഇവ വനമേഖലയിലെ കൃഷിക്ക് ഏറെ നാശമുണ്ടാക്കുന്നു. സർക്കാർ സഹായം കൊടുത്ത് വനത്തിന് ഉപോൽബലകമായ കൃഷികൾ ചെയ്യാൻ കൃഷിക്കാരനെ സഹായിക്കുകയാണ് പരിഹാരം. അതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഫണ്ടില്ല. 6,30,000 ലക്ഷം കോടി രൂപയോളം കോർപ്പറേറ്റുകൾക്ക് അനുകൂലമായി എഴുതി തള്ളി. വെറും രണ്ടര ലക്ഷം കോടി രൂപയാണ് കോടിക്കണക്കിന് സാധാരണക്കാരായ ഇന്ത്യൻ ജനങ്ങൾക്ക് ക്ഷേമത്തിന് വെച്ചിരിക്കുന്നത്.

നാല്പത് ശതമാനം ഫണ്ട് പ്രതിരോധത്തിനാണ്. അത് രാജ്യത്ത് കഞ്ഞി വെച്ചു കൊടുക്കാനോ പുട്ടും കടലേം ഉണ്ടാക്കി കൊടുക്കാനോ അല്ല. പോഷകാഹാരക്കുറവിനാൽ മരിച്ചുകൊണ്ടിരിക്കുന്ന വലിയ ശതമാനം കുഞ്ഞുങ്ങളെ രക്ഷിക്കാനല്ല. ആ പൈസ അമേരിക്ക, ഇസ്രായേൽ പോലുള്ള രാജ്യങ്ങൾക്ക് കൊടുത്ത് യുദ്ധോപകരണങ്ങൾ വാങ്ങി ശേഖരിക്കുകയാണ്. സ്വകാര്യമേഖലയിൽ പോലും ആയുധങ്ങൾ നിർമ്മിക്കുന്ന അമേരിക്കയ്ക്ക് പണം കൊണ്ടു കൊടുക്കുകയാണ്.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകണം എന്നത് ഇന്ത്യക്കാരന്റെയൊ പാകിസ്ഥാൻകാരന്റെയൊ താല്പര്യമല്ല; അമേരിക്കൻ താല്പര്യമാണ്. അമേരിക്കൻ താല്പര്യം സംരക്ഷിക്കണമെന്നത് ദോസ്ത് ആയതിനാൽ മോദിയുടെയും ട്രമ്പിന്റെയും താല്പര്യമാണ്. പരിഷ്കൃതരാജ്യങ്ങൾ ആണവ റിയാക്ടറുകളെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. റഷ്യയിൽ കാലഹരണപ്പെട്ട പന്ത്രണ്ട് റിയാക്ടറുകളെ ഇന്ത്യയിലേക്ക് ഇറക്കുകയാണ് മോദി.

മനുഷ്യർ പിടഞ്ഞ് മരിച്ചിട്ടും ഭോപ്പാലിലെ ദുരന്തത്തിൽനിന്നും ക്വത്റോച്ചി എന്ന ഡയറക്ടറെ യാതൊരു വ്യവസ്ഥയുമില്ലാതെ രക്ഷപെടാൻ കഴിഞ്ഞ ഗവണ്മെന്റ് സഹായിച്ചു. മൻമോഹൻ സിംഗിനെ എനിക്ക് മതിപ്പില്ല. ഐ എം എഫിന്റെ അൾത്താരയിലെ വലിയ ശുശ്രൂഷകനായിരുന്നു അദ്ദേഹം. അദ്ദേഹമാണ് ഐ
എം എഫിന് ഇവിടേക്കുള്ള വഴി പതിയെ വെട്ടിക്കൊടുത്തത്. കോർപ്പറേറ്റ് മലിനീകരണം ലോകം മുഴുവൻ ഗുരുതരമായ കാലാവസ്ഥാ പ്രതിസന്ധി  നേരിടുകയാണ്.

ഡൽഹി പുകഞ്ഞ് പുകഞ്ഞ് നില്കുകയാണ്. ഓക്സിജൻ കിട്ടാതെ ആളുകൾ പിടഞ്ഞ് മരിക്കുമെന്ന അവസ്ഥയാണുള്ളത്. വനം തെളിക്കുന്നത് മാത്രമല്ല ഇതിന് കാരണം. വാഹനങ്ങളുടെ പെരുക്കവും കാർബൺ ആധിക്യവുമാണ്. ഇതിന്റെ പരിഹാരത്തിനായി ലോകതലത്തിൽ കൂടിയ സമ്മേളനത്തിൽ അമേരിക്കയും ഇന്ത്യയും ചൈനയും ഒപ്പു വെച്ചില്ല. ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ ആണെന്നതാണ് കാര്യം. മാത്രമല്ല ഇന്ത്യ ഭരിക്കുന്നത് മോദിയോ അമിത് ഷായോ അല്ല. കോർപ്പറേറ്റുകളായ ഇത്തരം വൻകിട വാഹന ഉല്പാദകരും കൂടിയായ ലോബിയാണ്. പ്രകൃതിയിൽ ദുരന്തങ്ങളുണ്ടാക്കുന്നതിൽ മുമ്പിൽ കോർപ്പറേറ്റുകളും വൻകിടരാജ്യങ്ങളുമാണ്.

സിംഗൂറും നന്ദിഗ്രാമും

ബംഗാളിൽ സംഭവിച്ചത് : ബംഗാളിൽ പ്രാദേശിക മാർക്സിസ്റ്റുകളിൽ ഒരു മാർക്സിസവുമില്ലാത്ത പ്രാദേശികരാഷ്ട്രീയം കൊടുമ്പിരികൊണ്ടു. അവർ ഏറ്റവുമധികം ദ്രോഹിച്ചത് ഇന്റലക്ച്വലുകളെയാണ്. കോൺഗ്രസ് ഗവണ്മെന്റുകളെക്കാളധികം അവർ ബുദ്ധിജീവികളെയും നക്സലുകളെയും ദ്രോഹിച്ചു. സിംഗൂരിലെയും നന്ദിഗ്രാമിലെയും സ്ഥിതി പരിശോധിച്ചാൽ വളരെ ദയനീയമായിരുന്നു.

Read Also  'ഡൽഹി ഇപ്പോഴും മലിനം' വീണ്ടും സ്കൂളുകൾക്ക് രണ്ട് ദിവസം അവധി

ഇസ്ലാം രാജ്യങ്ങളിൽ ഏറ്റവുമധികം കമ്മ്യൂണിസ്റ്റുകാരുണ്ടായിരുന്ന രാജ്യമായിരുന്നു ഇന്തോനേഷ്യ. അവിടെ 30 ലക്ഷം കമ്മ്യൂണിസ്റ്റുകളെ കോൺസെൻട്രേഷൻ ക്യാമ്പ് പോലെ ഒരു ദീപിലേക്ക് കൊണ്ടുപോയി കൂട്ടക്കൊല ചെയ്ത ഇന്തോനേഷ്യൻ പ്രസിഡന്റ് സുകാർണോയുടെ പെങ്ങളുടെ മകനാണ് സലിം. ലോകത്തെ വലിയ കെമിക്കൽ ഫാക്ടറി വ്യാപാരിയായ സലിമിന് കെമിക്കൽ ഫാക്ടറി തുടങ്ങാനാണ് അവിടെ സ്ഥലമെടുത്തത്. ലോകം കീഴടക്കാവുന്ന കമ്മ്യൂണിസ്റ്റുകളെ കൂട്ടക്കുരുതി ചെയ്തവന്റെ കുടുംബാംഗത്തെയാണ് കമ്മ്യൂണിസ്റ്റുകൾക്ക് ഇഷ്ടം. കോണ്ഗ്രസുകാർക്ക് ഇത്തരം കാര്യങ്ങളിൽ നാട്ടുഭാഷയിൽ പറഞ്ഞാൽ അല്പം ഉളുപ്പുണ്ട്. ഞങ്ങളാണ് പാർട്ടി, ഞങ്ങളാണ് അധികാരം എന്നതാണ് കമ്മ്യൂണിസ്റ്റ് നിലപാട്.

ഡാമുകളും പരിസ്ഥിതിയും

ഡാം എന്ന പദം തന്നെ ഡെയ്ഞ്ചർ ആണ്. ഡാമുകൾ കെട്ടി നാം നദികളെ കൊല്ലുകയാണ്. ഡാമുകൾ മൂലം പ്രകൃതിയുടെ അനുപാതം നഷ്ടപ്പെടുന്നു. കണ്ടൽക്കാടുകൾ, ജലജന്യജീവികൾ, വേരുകളുടെ പാസിംങ് സിസ്റ്റം എല്ലാം നശിക്കുന്നു. ഡാമുകൾ കെട്ടി നദികളെ തടയുകമൂലം നദി ഒഴുകിയിരുന്ന മേഖലയാകെ മരിക്കുന്നു. അമ്പതോ എഴുപത്തഞ്ചോ വർഷം കഴിഞ്ഞാൽ കാലഹരണപ്പെടുന്നതാണ് കോൺക്രീറ്റ് ഘടന. വികസനത്തിന്റെ പേരിൽ നാം ഡാമുകൾ കെട്ടി ജലബോംബുകളായി സംരക്ഷിക്കുകയാണ്. ജലലഭ്യത കുറയ്ക്കുക വഴി ഗുരുതരമായ പ്രശ്നങ്ങളാണ് ഡാമുകൾ അടുത്ത തലമുറയ്ക്ക് നല്കുന്നത്.

ഇടുക്കിയുടെ കാര്യം നോക്കൂ. ഇടുക്കി, ചെറുതോണി, കുളമാവ് എന്നിങ്ങനെ മൂന്ന് ഡാമുകൾ കെട്ടി മലമുകളിൽ അറുപത്തിനാലോളം കിലോമീറ്റർ ചുറ്റളവിൽ റിസോർവയർ നിർത്തിയിരിക്കുകയാണ്. ഒത്തിരി വനം മുങ്ങിപ്പോയി. വനങ്ങൾ നശിക്കുകയും ഉറവകൾ ഇല്ലാതാവുകയും ചെയ്യുമ്പോൾ ഡാമുകൾ വറ്റുകതന്നെ ചെയ്യും. മാലിയുടെ പാഠം മനസ്സിലാക്കേണ്ടതാണ്. ലോകത്ത് പ്രകൃതി ഏറ്റവുമധികം മഴ നല്കുന്ന വനങ്ങളുള്ള പ്രദേശമായിരുന്നു മാലി. മനോഹരമായ നദികളുണ്ടായിരുന്നു. അവിടെ ഡാം കെട്ടി. വനം നശിപ്പിച്ചു. ഉറവകൾ നശിച്ചു. ഡാം വറ്റി. മരുഭൂമിയായി. ഇവിടെ ഇടുക്കിയിൽ നിന്നും ഭൂതത്താൻകെട്ട് വരെ പെരിയാറില്ല. ഇങ്ങനെ കുറെക്കൂടി കഴിഞ്ഞാല് മിക്കവാറും തമിഴ്നാടിന്റെ ഉൗഷരത ഇവിടെയും സംഭവിക്കും. അത് പ്രകൃതിയിലുണ്ടാക്കുന്ന ദുരന്തം ഭീകരമായിരിക്കും.

ഡാമിന്റെ രാഷ്ട്രീയം

ഡാമുണ്ടാക്കുന്ന സ്ഥലങ്ങളിൽ ആളുകളെ ഒഴിപ്പിക്കുന്നത് വേണ്ടത്ര നഷ്ടപരിഹാരം നല്കാതെയാണ്. കൊടുക്കുമെന്ന് പറയുകയും ചെയ്യും. മേധാ പട്കർ സരോവർ നദിയിൽ ജലസ്നാനം നടത്തിയതിന്റെ ചരിത്രം പരിശോധിച്ചാൽ, അവിടെ നഷ്ടപരിഹാരം കൊടുക്കാതെ പകരം വീട് കൊടുക്കാതെ വെള്ളം കയറ്റിയതായി കാണാം. കിലോമീറ്ററുകളോളമുള്ള ബ്രഹ്മപുത്രയുടെ പോഷകനദികളിലെല്ലാം കൂടി 3500ഒാളം ഡാമുകളുണ്ട്.

എപ്പോഴും ഡാം വരണമെന്ന് വാദിക്കുന്നത് വകുപ്പ് മന്ത്രിയും എഞ്ചിനീയർമാരുമാണ്. ജോലിയിൽ കയറുമ്പോളും പിരിയുമ്പോഴുമുള്ള സമ്പത്ത് കണക്കാക്കിയാൽ എഞ്ചിനീയർമാർക്ക് കിട്ടുന്ന വരുമാനം നമുക്ക് മനസ്സിലാക്കാവുന്നതാണ്. സർക്കാർ ഇവർക്ക് അടിമയാണ്. പല വകുപ്പ് മന്ത്രിമാർക്കും വകുപ്പ് വക്താക്കൾ കൊണ്ടുവരുന്ന നിർദ്ദേശങ്ങളെ സ്വീകാര്യമാകൂ. വലിയ പ്രസംഗമൊക്കെ ചെയ്യുമെങ്കിലും മന്ത്രിക്ക് കാര്യത്തെക്കുറിച്ച് ജ്ഞാനമുണ്ടാകില്ല. പരിഷകൃതരാഷ്ട്രങ്ങൾ വൈദ്യുതി ഉല്പാദനത്തിന് സൗരോർജ്ജം, കാറ്റ്, തിരമാല എന്നിവയെ ആശ്രയിക്കുകയാണ്. വെദ്യുതി ഉപയോഗം ബാറ്ററികളിലേക്ക് മാറ്റുകയാണ്.

കൃപണത്വമുള്ള കോടതികൾ

കോടതികളെ പറ്റി നാം എന്തെങ്കിലും പറഞ്ഞാൽ കോർട്ട് അലക്ഷ്യമാകും. എങ്കിലും ഞാൻ പറയുകയാണ്. ലോകത്ത് ബ്രിട്ടീഷുകാർ ഉണ്ടാക്കിയിട്ടുള്ള ഏത് കരാറും 99 വർഷത്തേക്കാണ്. ആ തൊണ്ണൂറ്റൊമ്പതിനൊപ്പം ഒരു ഒമ്പത് കൂടി ചേർത്ത് മുല്ലപ്പെരിയാർ കാലാവധി 999 വർഷമായി. ഡാമിൽ പലെടത്തായി വെള്ളം വന്നപ്പോൾ പല ടെക്നികുകളിലൂടെ അത് തടഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് നിർമ്മാണകാലത്ത് തന്നെ ഡാം രണ്ട് തവണ തകർന്നിട്ടുണ്ട്.

അമ്പത് കൊല്ലം കഴിഞ്ഞാൽ കാലഹരണപ്പെടുന്ന കോൺക്രീറ്റ് ഇപ്പോൾ നൂറ്റി മുപ്പത് വർഷമായിട്ടും ബലവത്താണ്, കുഴപ്പമില്ല എന്ന് കോടതി പറഞ്ഞാൽ അതിനെയാണ് കൃപണത്വമുള്ള വിധി എന്ന് പറയുന്നത്. അതിനെ വിമർശിക്കുമ്പോൾ കോർട്ടലക്ഷ്യം വന്നാലും അത് പിടിപ്പുകെട്ട വിധിയാണെന്ന് നാം പറയണം. അയോദ്ധ്യാ വിധിയും ഇതിന് സമാനമായി കണക്കാക്കാം. രാമജന്മഭൂമിയിൽ അമ്പലവും പള്ളിയും പണിത് അതൊരു നാഷണൽ മ്യൂസിയമാക്കാവുന്ന വിധി കോടതിക്ക് നടപ്പാക്കാവുന്നതായിരുന്നു.

Read Also  യാര്‍ നീ?

വളരെ വിസ്തൃതമായി കേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമാവേണ്ടിയിരുന്ന പുഴയെ അന്നവിടെ തടഞ്ഞ് നിർത്തി. ഇന്നത്തെ ചുറ്റുപാടിൽ അതിലെ വെള്ളം തമിഴ്നാടിന് കൊടുക്കില്ലെന്ന് പറയുന്നത് ന്യായമല്ല. പക്ഷെ അതിനൊരു പുതിയ ഡാമുണ്ടാക്കി പുതിയ കരാറിന്റെ അടിസ്ഥാനത്തിൽ വെള്ളം കൊടുക്കുക എന്നതാണ് യുക്തമായ കാര്യം. തമിഴ്നാടും കൂടി സഹകരിച്ച് അത് ചെയ്തില്ലെങ്കിൽ നിയമംകൊണ്ട് അത് ചെയ്യേണ്ടി വരും. അവർക്ക് വെള്ളം നിഷേധിക്കാൻ പാടില്ല. അവിടെ മൂന്നാലു ജില്ലകളിൽ ഈ വെള്ളംകൊണ്ട് കൃഷി നടക്കുന്നുണ്ട്. ആ വിളവ് വില കൊടുത്തിട്ടാണേലും നമ്മുടെ നാട്ടിലേക്ക് എത്തുന്നുണ്ട്. അപ്പോൾ തമിഴ്നാടിന് വെള്ളം കൊടുക്കണം.

റിസോർട്ടുകളുടെ ഇടുക്കി

ഇവിടുത്തെ പല റിസോർട്ടുകളും പാറപ്പുറത്താണ്. പത്ത് പന്ത്രണ്ട് നിലകളിൽ പല റിസോർട്ടുകളും ഉയർത്തിയിട്ടുള്ളത് പാറപ്പുറത്തെ റവന്യൂ ഭൂമികളിലാണ്. പല റിസോർട്ടുകാരും പാറ പൊട്ടിച്ച് വഴിയുണ്ടാക്കുകയും പാറ തുരന്ന് വെള്ളമെടുക്കുകയും ചെയ്യുന്നുണ്ട്. ഇടുക്കിയിൽ ദേവികുളം താലൂക്കിൽ മാത്രം 135 റിസോർട്ടുകൾ ഉണ്ട്. ദേവികുളത്ത് ഒരു സബ് കളക്ടറോ രജിസ്ട്രാറോ വന്നാൽ തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ റിസോർട്ട് ലോബി അയാളെ പെട്ടെന്ന് മാറ്റിക്കളയും.

വനവല്കരണവും കാട്ടുതീയും

മുൻ ഇടുക്കി എം പിയുടെ കൈവശം ഇരുനൂറോളം ഏക്കർ ആദിവാസി ഭൂമിയുണ്ട്. അതൊക്കെ കൂടി മൂന്നുനാല് കൃത്രിമ പട്ടയങ്ങളാക്കി എന്ന ചെറിയ പണിയേ അയാൾ ചെയ്തുള്ളൂ. കൃത്രിമ പട്ടയമുണ്ടാക്കിയ ഭൂമിയിൽ വളരെ കുറച്ചു മാത്രമേ ജൈവകൃഷി ഉള്ളൂ. ബാക്കി ഗ്രാന്റിസ് നട്ടിരിക്കുകയാണ്. സംരക്ഷിക്കപ്പെടേണ്ട സോണിൽ ഒരു എം പി ഇതാണ് ചെയ്യുന്നത്. കൃപണത്വമുള്ള മന്ത്രിമാർ ഇരിക്കുന്നിടത്ത് സാമൂഹ്യവനവല്കരണത്തിന്റെ പേരിൽ ഗ്രാന്റിസും സിൽവർ ഒാക്കും നട്ടു പിടിപ്പിക്കുകയാണ്. വനവല്കരണത്തിന്റെ പേരിൽ പത്ത് കോടി മരം നട്ടു എന്നൊക്കെയായിരിക്കും കണക്ക്. രണ്ട് ലക്ഷമൊക്കെയാവും വെച്ചിട്ടുണ്ടാവുക.

വനഭൂമിയിൽ തീർച്ചയായും തീ കയറണമെന്നത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ആഗ്രഹമാണ്. ഹൈറേഞ്ചിലെ കാട്ടുതീയുടെ ഉത്തരവാദികൾ മിക്കപ്പോഴും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റാണ്. കാട്ടുതീ വ്യാപിച്ചെന്ന പേരിൽ അവർക്ക് കുറെ മരം കടത്താം. ഫോറസ്റ്റ് ക്യാമ്പിന്റെ കോമ്പൗണ്ടിലെ ചന്ദനമരം വരെ മോഷണം പോകുന്നുണ്ട്. മോഷ്ടിക്കുന്നവരെ ഫോറസ്റ്റുകാർക്ക് അറിയാം. ഇത് വെട്ടി ഏത് വഴി പോകുന്നുവെന്നും അറിയാം. സ്ഥിരമായി ഇതിന്റെ വിഹിതം പറ്റുന്നവർ ഫോറസ്റ്റുകാരാണ്. മന്ത്രിമാർ വിഹിതം പറ്റുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.

സമകാലകേരളഭരണം കൊച്ചുകൊച്ചു സർക്കാരുകളുടെ ശുപാർശരാഷ്ട്രീയം

മാർക്സിസ്റ്റ് പാർട്ടിയുടെ ലോക്കൽ ലീഡേഴ്സ്, അവർ പ്രദേശത്തെ ധനസ്ഥിതിയിലും ഭേദപ്പെട്ടവരായിരിക്കും. അവരുടെ കൈയ്യിലാണ് ഇന്ന് പാർട്ടി നിലനില്കുന്നത്. പഴയ കങ്കാണി ജോലിക്കാരെ നിയമിക്കുന്നതു പോലെയാണ് പലേടത്തും അവരുടെ ബ്രാഞ്ചിൽ ആളെ ചേർക്കുന്നത്. ഇങ്ങനെയുള്ള നേതാക്കൾ തങ്ങൾക്കും ഒരു മൂന്ന് ബ്രാഞ്ച് ഉണ്ടാക്കിയിട്ടുണ്ടാവും. അതിനകത്ത് അയാൾ പറഞ്ഞാൽ കേൾക്കുന്ന തിരുമാലികളെയായിരിക്കും ഉൾപ്പെടുത്തുക. അവരെ നേതാക്കൾക്ക് ഉപയോഗിക്കാൻ കഴിയും.

പണ്ട് വലിയ പ്രമാണിയുടെ കീഴിലുണ്ടായിരുന്ന ആളുകളെപ്പോലെയാണ് പാർട്ടി പ്രവർത്തകരെ പലരും ഉപയോഗിക്കുന്നത്. പല ലോക്കൽ ലീഡേഴ്സും സർക്കാർ തണലിൽ കൊച്ചുകൊച്ചു സർക്കാരുകളാണ്. പ്രദേശത്തെ എല്ലാ കേസും അവരുടെ അടുക്കലേക്കാവും ചെല്ലുക. ചെറിയ കേസുകൾ പ്രാദേശികമായും വലിയ കേസുകളെ ശുപാർശ ചെയ്തും അവർ പരിഹരിക്കും.

രാവിലെ നേതാവ് വീട്ടിൽ നിന്ന് ഇറങ്ങി വരും. അപ്പോൾ തന്റെ പേരിൽ പോലീസോ അയല്ക്കാരോ ഉണ്ടാക്കിയ കേസിന്റെ ദൈന്യതയുമായി ഒരുവൻ നില്കുന്നുണ്ടാകും. ഉടനെ നേതാവ് അവനെ വിളിച്ച്, അവന്റെ മുഴുവൻ ചിലവിൽ കാറ് വിളിച്ച് തനിക്ക് പോകേണ്ടിടത്തും പോയി അവനേം കൊണ്ട് സ്റ്റേഷനിൽ പോകും. അവിടെ, ഇത് നമ്മുടെ ആളാ അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയും. ഇത്രേയുള്ളൂ കേസ്. എന്ത് തിരുമാലിത്തരം കാണിക്കുന്നവരെയും ഇന്ന് സംരക്ഷിച്ചുകൊണ്ടിരിക്കുകയാ. ഇത്തരം ശുപാർശ രാഷ്ട്രീയമാണ് കേരളത്തിൽ ഇപ്പോൾ പൊളിറ്റിക്കലായി നിലനില്കുന്നത്. ഇങ്ങനെ പോയാൽ ബംഗാളിൾ ഉണ്ടായ സ്ഥിതി കേരളത്തിലും ഉണ്ടാകും.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Leave a Reply

Your email address will not be published.