Friday, September 17

മോട്ടോർ വാഹനവകുപ്പിൽ നിന്ന് അനധികൃത ചെക്ക്പോസ്റ്റ് നിയമനം; വകുപ്പിൽ ആളില്ലാത്തത് കാരണം നട്ടം തിരിഞ്ഞു പൊതുജനം

മോട്ടോർ വാഹനവകുപ്പിൽ നിന്ന് ചെക്ക് പോസ്റ്റുകളിലേയ്ക്ക് ചട്ടം ലംഘിച്ച് നിയമനം. പുതിയതായി വകുപ്പിൽ ജോയിൻ ചെയ്യുന്നവരുൾപ്പടെ ചെക്ക്പോസ്റ്റ് നിയമനത്തിന് വേണ്ടി അനധികൃതമായി സ്വാധീനം ചെലുത്തിയും മറ്റും ചെക്ക് പോസ്റ്റുകളിൽ നിയമനം നടത്തുന്നുവെന്ന് പ്രതിപക്ഷം ന്യൂസ് അന്വേഷണത്തിൽ വ്യക്തമാവുന്നു.

രാഷ്ട്രീയ സ്വാധീനവും ഉന്നതങ്ങളുമായി വഴിവിട്ട ബന്ധവും ഉണ്ടെങ്കിൽ ആർക്കും ട്രാൻസ്‌പോർട്ട് വകുപ്പിൽനിന്നും ചെക്ക് പോസ്റ്റ് പരിശോധനകളിലേയ്ക്ക് മാനദണ്ഡങ്ങളൊന്നുമില്ലാതെ മാറ്റം ലഭിക്കും. ഇതിനായി ഉദ്യോഗസ്ഥർ പതിനായിരങ്ങൾ ചിലവഴിക്കാനും മടിക്കുന്നില്ല. ചെക്ക് പോസ്റ്റുകളിൽ ലഭിക്കുന്ന ‘കിമ്പള’മാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ ശുഷ്‌ക്കാന്തിക്ക് കാരണം. മാസപ്പടിയായും വീതമായും ലഭിക്കുന്ന ഒരുമാസത്തെ തുക കൊണ്ട് അനധികൃത നിയമനത്തിന് ചിലവാക്കുന്ന മുഴുവൻ തുകയും തിരിച്ചു പിടിക്കാമെന്നതും പിന്നീട് ലഭിക്കുന്ന തുക കീശയിൽ വീഴുമെന്നതുമാണ് ഇതിലെ ലാഭം.

വർഷങ്ങളുടെ സീനിയോറിറ്റിയുള്ള ഉദ്യോഗസ്ഥരെവരെ മറികടന്നുകൊണ്ടാണ് ഒരു വർഷമോ രണ്ട് വർഷമോ മാത്രം എക്സ്പീരിയൻസ് ഉള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പോലും ചെക്ക് പോസ്റ്റുകളിൽ നിയമനം തരപ്പെടുത്തിയെടുക്കുന്നത്. വാളയാർ പോലുള്ള ചെക്ക് പോസ്റ്റുകളിലാണ് ഇത്തരത്തിൽ അനധികൃത നിയമനത്തിനായി ഏറ്റവും കൂടുതൽ ഉന്തും തള്ളും അനുഭവപ്പെടുന്നതെന്ന് ഒരു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പ്രതിപക്ഷം ന്യൂസ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. അഞ്ച് ലക്ഷം രൂപ വരെ ഇത്തരത്തിൽ അനധികൃത നിയമനത്തിന് നൽകുന്നുണ്ടെന്നും അത്രയും വലിയ നൽകിയാൽ പോലും ഒരു നഷ്ടവുമില്ലെന്നും കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഈ തുക തിരികെ പോക്കറ്റിൽ വീഴുമെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ഉദ്യോഗസ്ഥരുടെ ചെക്ക് പോസ്റ്റ് ജോലി പ്രിയം കാരണം മോട്ടോർ വാഹനവകുപ്പിൽ നിലവിൽ ജോലി ചെയ്യാൻ ആളില്ലെന്ന പരാതിയും വർധിക്കുകയാണ്. തൃശൂർ ജില്ലയിലെ വിവിധ ആർ ടി ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ അഭാവം കാരണം സമയബന്ധിതമായി ലഭിക്കേണ്ട പല കാര്യങ്ങൾക്കും താമസം നേരിടുന്നതായും പരാതികൾ ഉയരുന്നുണ്ട്.

നാലഞ്ച് ലക്ഷം രൂപ മുടക്കി  മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർ അനധികൃതമായി ചെക്ക് പോസ്റ്റ് നിയമനം നേടുന്നു.  ഇവർക്ക് പിന്നീട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേയ്ക്ക് സ്ഥലമാറ്റം വരുമ്പോൾ പോകാൻ കൂട്ടാക്കാറില്ല. ഇതാണ് നിലവിൽ ആർ ടി ഓഫിസുകളിൽ ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണം. വീണ്ടും സ്വാധീനം ചെലുത്തി ഏതെങ്കിലും തരത്തിലുള്ള ന്യായങ്ങൾ പറഞ്ഞു ചെക്ക് പോസ്റ്റുകളിൽ തന്നെ കൂടുകയാണ് ഈ ഉദ്യോഗസ്ഥർ. ഇതാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന് തലവേദന ആയിരിക്കുന്നത്.

ട്രാൻസ്‌പോർട്ട് കമ്മീഷണർ എ പദ്മകുമാർ ഐ പി എസ് ഇത് സംബന്ധിച്ച് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. 24-01-2019 മുതൽ വിവിധ ചെക്ക് പോസ്റ്റുകളിലേയ്ക്ക് ട്രാൻസ്ഫർ ലഭിച്ച ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥർ വിലയിരുത്തേണ്ടതും പ്രസ്തുത ഉദ്യോഗസ്ഥരെ സംബന്ധിച്ച അഭിപ്രായം അടുത്ത ചെക്ക് പോസ്റ്റ് ഡ്യൂട്ടി നിശ്ചയിക്കുന്നതിന് മുൻപ് സമർപ്പിക്കേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു. കൂടാതെ ബന്ധപ്പെട്ട നിയന്ത്രണാധികാരികൾ ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കാര്യാലയത്തിലെ ജോലിയിൽനിന്നും നിർബന്ധമായും വിടുതൽ നൽകേണ്ടതാണ്. ചെക്ക് പോസ്റ്റ് നിയമനം മേഖലാ തലത്തിലായതിനാൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ അഭാവം ഓഫീസ് പ്രവർത്തനത്തെ ബാധിക്കരുതെന്ന് പ്രത്യേകം സർക്കുലറിൽ സൂചിപ്പിക്കുന്നുമുണ്ട്.

Read Also  അഴിമതിക്കാരെ വീട്ടിൽ കിടത്തി ഉറക്കില്ല, ഉദ്യോഗസ്ഥരല്ല നാട്ടുകാരാണു യജമാനന്മാരെന്നും മുഖ്യമന്ത്രി

സാധാരണരീതിയിൽ സമീപ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരെയാണ് ചെക്ക് പോസ്റ്റ് ഡ്യൂട്ടിയ്ക്ക് ഉൾപ്പടെ നിയമിച്ചിരുന്നത്. എന്നാൽ അനധികൃത നിയമനങ്ങൾ വകുപ്പിൽ സാധാരണ സംഭവമായതോടെ വാളയാറിൽ നിയമനം നേടിയെടുക്കുന്നത് മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നുമുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണു. വകുപ്പിനുള്ളിൽ തന്നെ ഒരു വിഭാഗം ഇതിനെതിരെ സംഘടനാ തലത്തിൽ പ്രതിഷേധം അറിയിക്കാനുള്ള നീക്കമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു.

ഇത് സംസ്ഥാനത്തെ ഒരു പ്രത്യേക വകുപ്പിന്റെ മാത്രം കാര്യമല്ലെന്നതാണ് സത്യം. മാറി വരുന്ന ഗവണ്മെന്റിന്റെ രാഷ്ട്രീയ നേതൃത്വത്തെ സ്വാധിനീച്ച് ഡെപ്യുട്ടേഷൻ നിയമനവും മന്ത്രി മന്ദിരങ്ങളിലെ താമസവും ഒക്കെ നമ്മുടെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെ സ്ഥിരം ശൈലി തന്നെയായി മാറിയിട്ടുണ്ട്. സർക്കാർ ഖജനാവിൽ നിന്നുമല്ലാതെ `കിമ്പള`മായി വലിയൊരു തുക ഈ ഉദ്യോഗസ്ഥന്മാരുടെ പോക്കറ്റിൽ വീഴാറുമുണ്ട്. ബ്യുറോക്രസിയിൽ ഈ ദുഷിച്ച ഇടപെടൽ തുടർന്നുകൊണ്ടേയിരിക്കും രാഷ്ട്രീയ നേതൃത്വങ്ങളുടെ തിരുത്തലിനുള്ള  ആജ്ഞാശക്തി ഇല്ലാത്തിടത്തോളം കാലം. 

 

Spread the love

Leave a Reply