രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ ചിത്രം ബി ജെ പിയുടെ നാളെയെക്കുറിച്ചുള്ള സൂചനയാണ്. പശ്ചിമ ബംഗാളിൽ ഒരു വലിയ മൈതാനിയിൽ നടക്കുന്ന ബി ജെ പി യുടെ പൊതുയോഗത്തിന്റെ ചിത്രമാണ് രാഷ്ട്രീയസാമൂഹികലോകം ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. ഏഴു പേർ വേദിയിൽ സന്നിഹിതരാണ്. ഇതിൽ ഒരാൾ പ്രസംഗിക്കുന്നു, കാണികളെന്നോ ശ്രോതാവെന്നോ പറയാനായി ഒരാൾ മാത്രം. ഇതാണ് ഈ ചിത്രത്തിൽ നിന്നും വ്യക്തമാവുന്നത്
കഴിഞ്ഞ ദിവസം നടന്ന ഈ പൊതുയോഗത്തിന്റെ ചിത്രമാണ് ശശി തരൂർ, തൃണമൂൽ കോൺഗ്രസ് നേതൃത്വം തുടങ്ങി നിരവധി സമൂഹ മാധ്യമഅക്കൗണ്ടുകളിൽ നിന്ന് ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. പൗരത്വസമരത്തിനും കർഷക സമരത്തിനുംശേഷം ഇന്ത്യൻ ജനത ബി ജെ പിയെ കൈവിടുന്നതിന്റെ സൂചനയാണ് ഇത്തരം ചിത്രങ്ങളിൽ നിന്നും തെളിയുന്നത് എന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്
ബി ജെ പി യുടെ രണ്ടാം ഊഴത്തിനുശേഷം ഹിന്ദുത്വ അജണ്ട അതിന്റെ പൂർണമായ വ്യാപ്തിയിൽ നടപ്പാക്കുന്നതോടെ മതേതരവാദികൾ ബി ജെ പിയിൽ നിന്നും അകലുന്നു എന്നാണു സമകാലിക ഇന്ത്യയുടെ നേർചിത്രമായി ഇപ്പോൾ വിദേശരാജ്യങ്ങളുൾപ്പെടെ വിലയിരുത്തുന്നത്. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുന്ന ബി ജെ പി വിരുദ്ധ ചിന്താധാരയുടെ ഉത്ഭവം കർഷക സമരമാണ്. പൗരത്വസമരം ശക്തി പ്രാപിക്കുന്ന വേളയിലാണ് കോവിഡ് രാജ്യത്തെ ഗ്രസിച്ചത്. ഇതോടെ രാജ്യവ്യാപകമായി നടന്നുകൊണ്ടിരുന്ന സി എ എ വിരുദ്ധ സമരം താൽക്കാലികമായി അവസാനിപ്പിക്കേണ്ടിവന്നു. പക്ഷെ ഇതിനിടെ അന്താരാഷ്ട്രതലത്തിൽ ഈ സമരം ശ്രദ്ധ നേടി.
രാജ്യത്തിനു പുറത്തു ബി ജെ പിയുടെ ഫാസിസ്റ്റു മുഖം വെളിപ്പെട്ടതോടെയാണ് വിദേശത്തെ ആക്ടിവിസ്റ്റുകളും സാധാരണക്കാരും ഇന്ത്യൻ ഭരണകൂടത്തോട് എതിർപ്പുകളുമായി രംഗത്തെത്തിയത്. ആദ്യ ഊഴത്തിൽ അധികാരമേറ്റ നരേന്ദ മോദി ലോകം മുഴുവൻ ചുറ്റി സൗഹൃദവലയങ്ങൾ സൃഷ്ടിച്ചു. എന്നാൽ രണ്ടാമൂഴത്തിൽ പല രാജ്യത്തലവന്മാരും മോദി സർക്കാരിനെതിരെ വാളെടുത്തതോടെ നയതന്ത്രതലത്തിൽവരെ നേരിടേണ്ട ഗതികേടിലെത്തിയതും പ്രതിസന്ധി വർധിപ്പിച്ചു. പൗരന്മാരെ വംശീയമായി തരംതിരിച്ചതിനെതിരെ രാജ്യവ്യാപകമായി എതിർപ്പ് നേരിടേണ്ടിവന്നതിനു പിന്നാലെ കർഷകരെ ഉന്മൂലനം ചെയ്യുന്ന ബിൽ വലിയ ചർച്ചയായി. അത് ഗ്രെറ്റ തൻബർഗ് വരെ എത്തിയതോടെ കേന്ദ്രസർക്കാർ രാജ്യദ്രോഹത്തിന്റെ ശൂലം ഉയർത്തിത്തുടങ്ങി.
പക്ഷെ ഇതെല്ലാം ഘട്ടം ഘട്ടമായി വടക്കേ ഇന്ത്യയിലെ ഹിന്ദുവിഭാഗങ്ങളിലെ വിശ്വാസി സമൂഹത്തിലുണ്ടായിരുന്ന പിന്തുണ നഷ്ടപ്പെടുന്നതിനു കാരണമായി. സനാതന ധര്മത്തിന്റെ പിന്മുറക്കാരായ അവർ സംഘർഷത്തിന്റെ അന്തരീക്ഷത്തിൽ നിന്നും മാറി ചിന്തിക്കുന്ന ഒരു വിഭാഗമായിരുന്നതുകൊണ്ട് അവരും ഭാവിയിൽ ബി ജെ പി യെ കൈവിടുമെന്നാണ് സാമൂഹ്യശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ദാരിദ്ര്യത്തിൽ നിന്നും കര കയറുന്നതിനെക്കുറിച്ചു പ്രായോഗികമായി ചിന്തിക്കാനാണ് ബഹുഭൂരിപക്ഷത്തിനും താല്പര്യം. ഇതിനിടയിൽ ഹിന്ദുത്വഭീകരത അടിച്ചേൽപ്പിക്കുന്നതും അതിൽ രമിക്കുന്നതും ഒരു ന്യൂനപക്ഷം മാത്രമാണ്.
സമീപകാലസംഭവങ്ങളെല്ലാം തന്നെ ഭരണം നയിക്കുന്ന ഹിന്ദുത്വ സംഘടനയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന തരത്തിൽ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സമീപഭാവിയിൽ ബി ജെ പി ക്ക് അയിത്തം കൽപ്പിക്കുമെന്നു തന്നെയാണ് പുരോഗമന വിഭാഗം പ്രതീക്ഷയർപ്പിക്കുന്നത്.
രാമനും പശുക്കളും ശൂലങ്ങളും വടിവാളുകളും സൈബർ നുണകളും കറൻസി നോട്ടുകളും ഹിന്ദുത്വ ഗുണ്ടായിസത്തെ നയിക്കുമ്പോൾ സനാതന മൂല്യങ്ങളെ പോറ്റുന്ന വിശ്വാസികൾക്ക് എത്ര നാൾ ഇത് ഉൾക്കൊള്ളാനാവും. സമ്മേളനമൈതാനികളിലെ ഒഴിഞ്ഞ കസേരകളുടെ മുന്നേറ്റമായിരിക്കും ബി ജെ പിയുടെ വരാനിരിക്കുന്ന ദിനങ്ങളെ കാത്തിരിക്കുന്നത്