ചാണകത്തിന് എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാനാവും എന്നതിനാല്‍ ചാണകം ഉടനെ തന്നെ ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട സാധനമാകും. ഉടന്‍ തന്നെ ഈ കാലിപരസ്യം ഇന്ത്യയില്‍ പ്രത്യക്ഷപ്പെടാനാണ് സാധ്യത. ഭിത്തികള്‍ നിര്‍മ്മിക്കാന്‍ ചാണകം ഏറെ ഫലപ്രദമാണെന്നതിനാല്‍ ഇനി സിമന്റ് കമ്പനികള്‍ക്ക് തങ്ങളിലല്ല, ചാണകത്തോടാവും മത്സരിക്കേണ്ടി വരിക എന്നാണ് ആര് എസ് എസ് മേധാവിയുടെ വെളിപ്പെടുത്തല്‍.
ഇത് തമാശയാണെന്ന് കരുതരുത്. അടുത്ത കാലത്ത് ഡല്‍ഹി ഐ ഐ ടി പഞ്ചഗവ്യത്തിന്റെ (ചാണകം, ഗോമൂത്രം, പാല്, നെയ്യ്, തൈര് ഇവയുടെ മിശ്രിതം) ഉപയോഗങ്ങള്‍ കണ്ടെത്താനായി രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും അമ്പതോളം ആലോചനാ വിഷയങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു.
അതിനാല്‍ ഇനി ചാണകത്തിന് വളരെയേറെ ഉപയോഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. ആര് എസ് എസ് നേതാക്കള്‍ വിശദമാക്കുന്ന ചാണകത്തിന്റെ സവിശേഷതകള്‍ പരിശോധിക്കാം.
ബങ്കറുകള്‍ നിര്‍മ്മിക്കാം
ചാണകം കൊണ്ട് ബങ്കറുകള്‍ നിര്‍മ്മിക്കാമെന്ന് ആര് എസ് എസിന്റെ മുസ്ലീം വിഭാഗമായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ നേതാവ് ഇന്ദ്രേഷ് കുമാര്‍ കഴിഞ്ഞ ബുധനാഴ്ച പ്രസ്താവിക്കുകയുണ്ടായി. ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെടാതെ ജനങ്ങളെ രക്ഷിക്കുന്ന ഇടങ്ങളാണ് ബങ്കറുകള്‍.
ഇന്ദ്രേഷ് കുമാറിന്റെ അഭിപ്രായത്തില്‍ പശുവിറച്ചി വിഷമാണ്. ചാണകം അങ്ങേയറ്റം ഉപയോഗപ്രദമാണ്. കെട്ടിടങ്ങളുടെ ഭിത്തിയില്‍ സിമന്റിന് പകരം ഉപയോഗിക്കാമെന്നതിനാല്‍ ചാണകം ബങ്കറുകള്‍ നിര്‍മ്മിക്കാനും നല്ലതാണ്. പട്ടാളം ഇത് പരിഗണിക്കുമോ എന്നറിയില്ല.
സ്വാഭാവിക സൗന്ദര്യത്തിന്
പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് വര്‍ഷം മുമ്പ് ഭാരതീയ ഗോ ക്രാന്തി മഞ്ച് ഭോപ്പാലില്‍ സംഘടിപ്പിച്ച റാലിയില്‍ ഒരു പ്രഭാഷകന്‍ പറഞ്ഞത് ചാണകത്തിന്റെ സൗന്ദര്യപാലനം ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. 120 വയസ്സായപ്പോഴും ശ്രീകൃഷ്ണന് 12 വയസ്സുകാരനെപ്പോലെയാണ് കാണപ്പെട്ടത്. അതിന് കാരണം കൃഷ്ണന്റെ സോപ്പ് ചാണകമായിരുന്നുവെന്നതാണ്.
മുബെ ആസ്ഥാനമായുള്ള ഒരു കമ്പനി പറയുന്നത് ചാണകവും ഗോമൂത്രവും കൊണ്ട് സോപ്പ്, ടൂത്ത് പേസ്റ്റ്, ഫ്ലോര്‍ ക്ലീനര്‍, ഹെയര്‍ ഓയില്‍, സുഗന്ധതിരികള്, ഷേവിംങ് ക്രീം, ഫേസ് വാഷ് മുതലായവ നിര്‍മ്മിക്കാമെന്നാണ്.
വൈദ്യുത,കാന്തികവികിരണത്തില് നിന്നും രക്ഷ
ആര് എസ് എസിന്റെ അഖില ഭാരതീയ ഗോ സേവാ പ്രമുഖന് 76കാരനായ ഷങ്കര്‍ ലാല്‍ ഇക്കാര്യം തെളിയിച്ചു കഴിഞ്ഞു എന്നാണ് അവകാശപ്പെടുന്നത്. അദ്ദേഹവും മറ്റ് ചില ആര് എസ് എസുകാരും ഫോണിന്റെ പിറകുവശത്ത് ചാണകം പൊതിഞ്ഞ് വികിരണത്തില്‍ നിന്നും രക്ഷ പെട്ടുവത്രെ. പക്ഷെ ഒരു കാര്യം. അത് ഇന്ത്യയിലെ തനത് പശുക്കളുടെ ചാണകം കൊണ്ടേ സാധ്യമാവുകയുള്ളൂ. പാശ്ചാത്യ ഇനങ്ങളായ ജഴ്സി, ഹോള്ഷ്യന് മുതലായ ഇനങ്ങളുടെ ചാണകത്തിന് ആ കഴിവില്ല.
ആറ്റം ബോംബിനെ നിര്‍വീര്യമാക്കാം
മുസ്ലീം രാഷ്ട്രീയ മഞ്ച് ഇറക്കിയ ലഘുപുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചാണകം മെഴുകിയ സ്ഥലങ്ങളില്‍ ആറ്റം ബോംബിന്റെ വികിരണം ഏല്‍ക്കില്ല, അല്ലെങ്കില്‍ ചെറിയ തോതിലേ സംഭവിക്കുകയുള്ളൂ. രാജസ്ഥാന് വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്നാനിയും ഇക്കാര്യം ഉറപ്പാക്കുന്നുണ്ട്.
കഫത്തില്‍ നിന്നും ജലദോഷത്തില്‍ നിന്നും രക്ഷ
രാജസ്ഥാന് വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്നാനിയുടെ അഭിപ്രായത്തില്‍ ഇതില്‍
അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബിയ്ക്ക് കഫത്തെയും ജലദോഷത്തെയും തടയാന്‍ കഴിയും. വിറ്റാമിന്‍ ബിയുടെ അഭാവമാണ് നാഡീവ്യൂഹത്തെ ക്ഷീണിപ്പിക്കുന്നത്. അതിന് ഏക പരിഹാരം ചാണകമാണ്.
സ്ത്രീകള്‍ക്ക് സ്വാഭാവികമായ സുഖപ്രസവത്തിന്
ഫോണ്‍ ചാണകത്തില്‍ പൊതിഞ്ഞ് വികിരണത്തില്‍ നിന്നും രക്ഷ നേടി എന്നവകാശപ്പെടുന്ന ആര് എസ് എസ് നേതാവിന്റേതാണ് ഈ വാദം. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മിശ്രിതം കഴിച്ചാല്‍ സ്ത്രീകള്‍ക്ക് ഓപ്പറേഷന് കൂടാതെ സുഖപ്രസവം സാധ്യമാകും എന്നാണ് അദ്ദേഹം പറയുന്നത്.
ശവസംസ്കാരത്തിന്
വിറകിന് പകരം ചാണകക്കട്ടകള്‍ കൊണ്ട് ശവസംസ്കാരം നടത്താവുന്നതാണ്. വിറകിനെ അപേക്ഷിച്ച് ചാണകക്കട്ട കത്തിക്കുമ്പോള്‍ മലിനീകരണം കുറവുമാണ്. വിറകില്‍ 20 ശതമാനം ജലാംശമുണ്ടെങ്കില്‍ ചാണകത്തില്‍ 5 ശതമാനം മാത്രമാണ് ജലാംശം എന്നതാണ് അതിന് കാരണം. ഇത് ഗവേഷണമൊന്നുമില്ലാതെ തന്നെ കാലങ്ങളായി ജനങ്ങള്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗമാണ്.
കേന്ദ്ര ശാസ്ത്ര സാങ്കേതികവിഭാഗം ചാണക ഗവേഷണത്തിനായി 19 അംഗങ്ങളുള്ള സമിതിയെ തെരഞ്ഞെടുത്തിട്ടുണ്ട്. മുന്‍ സി എസ് ഐ ആര് മേധാവി നയിക്കുന്ന സമിതിയിലെ അംഗങ്ങളെല്ലാം ആര് എസ് എസോ അതിന്റെ പോഷകസംഘടനകളില്‍ നിന്നുള്ളവരോ ആണ്.
ഗവേഷണം പുരോഗമിക്കുമ്പോള്‍ ഇന്ത്യയില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു എന്നത് വസ്തുതയാണ്. ഒടുവില്‍ പട്ടിണിയില്‍ നിന്നും രക്ഷ നേടാന്‍ ഇന്ത്യന്‍ ജനതയ്ക്ക് ചാണകം ഭക്ഷിക്കാവുന്നതാണെന്ന രാഷ്ട്രീയ അജണ്ട നടപ്പാക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല.