Thursday, February 25

പശുവിനെ കശാപ്പ് ചെയ്താൽ ഭൂകമ്പമെന്ന് കേന്ദ്ര സർക്കാർ ; പശുപ്പരീക്ഷ റദ്ദ് ചെയ്യുന്നു

കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശപ്രകാരം യു ജി സി യുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന പശുപ്പരീക്ഷ മാറ്റിവച്ചു. കാമധേനു പരീക്ഷ നടത്തണമെന്ന് രാജ്യത്തെ എല്ലാ സർവ്വകലാശാലകൾക്കും യു ജീ സി നിർദ്ദേശം നൽകിയിരുന്നു.  .25-ന് നടത്താനിരുന്ന പരീക്ഷയും 21-ന് നിശ്ചയിച്ച മാതൃകാ പരീക്ഷയും മാറ്റിവെച്ചതായാണ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്.

കേന്ദ്രത്തിൻ്റെ പശുപ്പരീക്ഷയ്ക്കെതിരെ വ്യാപകമായ ആക്ഷേപങ്ങളുയർന്നിരുന്നു. മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗാണ് നാടൻ പശുയിനങ്ങളുടെ ഗുണങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കാൻ പരീക്ഷ നടത്തുന്നത് എന്നാണ് യു ജി സി അറിയിച്ചത്.

‘കാമധേനു ഗായ് വിജ്ഞാൻ പ്രചാർ പ്രസാർ എക്സാം’ എന്ന പരീക്ഷയെഴുതാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന യു.ജി.സി. സെക്രട്ടറിയുടെ നിർദേശം വിവാദമായിരുന്നു. ഓൺലൈനായി നടത്തുന്ന പരീക്ഷയ്ക്ക് രജിസ്ട്രേഷൻ സൗകര്യവും അനുവദിച്ചിരുന്നു. മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണുൾപ്പെടെ ഈ നിർദ്ദേശത്തിനെതിരെ ശക്തമായി രംഗത്തുവന്നിനിരുന്നു.

പശുപ്പരീക്ഷ സഹായിയായി മലയാളം ഉൾപ്പെടെ ഒമ്പത് ഭാഷയിൽ റഫറൻസ് രേഖ തയ്യാറാക്കിയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ എന്നിവയാണ് മറ്റുഭാഷകൾ.

ഇതിൽ ഏറ്റവും കൗതുകമായ ‘കണ്ടെത്തൽ’ നാടൻ പശുക്കളെ സംബന്ധിക്കുന്നതായിരുന്നു. നമ്മുടെ നാടൻ പശുക്കളുടെ വാൽ ഉയർന്ന ആധ്യാത്മിക മണ്ഡലത്തിലേക്ക് പോകാനുള്ള ചവിട്ടുപടിയായാണ് ഭാരതീയർ കാണുന്നതെന്നാണ് റഫറൻസ് രേഖ പറയുന്നത്. പശുക്കളെ കൊന്നാൽ ഭൂകമ്പമുണ്ടാകുമെന്ന് ഗോവധവും ഭൂമികുലുക്കവുമെന്ന തലക്കെട്ടിനുതാഴെ പറയുന്നു.

ഇന്ത്യയിലെ ഊർജശാസ്ത്രജ്ഞൻമാരായ എം.എം. ബജാജു, ഇബ്രാഹീം, വിജയരാജ് സിങ് എന്നിവർ ഇതിന് തെളിവുകൾ കണ്ടെത്തിയതായും വ്യക്തമാക്കുന്നു. അനിയന്ത്രിത കശാപ്പും ഭൂമികുലുക്കവും തമ്മിൽബന്ധമുണ്ട്. പശുക്കൾ കൊല്ലപ്പെടുന്ന സമയത്ത് ശരീരത്തിൽനിന്ന് പ്രവഹിക്കുന്ന നെഗറ്റീവ് ഊർജതരംഗങ്ങൾ ഭൗമാന്തരീക്ഷത്തിന് മാറ്റം വരുത്തി ഭൂമികുലുക്കത്തിലേക്ക് നയിക്കുന്നുവെന്നാണ് രേഖയിൽ വിവരിക്കുന്നത്.

ഗോമൂത്രം കുഷ്ഠരോഗത്തിന് പരിഹാരമാണെന്നും ചാണകം താഴെ വീഴും മുമ്പുതന്നെ കിട്ടിയാൽ അതിന്റെ ഊർജം വളരെ വലുതായിരിക്കുമെന്നും റഫറൻസ് രേഖയിൽ വിശദീകരിക്കുന്നു.

Spread the love
Read Also  മഞ്ഞുകാലം വരവായി, അയോധ്യയിലെ പശുക്കൾക്ക് ഇനി സ്വെറ്ററുകളും വരുന്നു