Thursday, January 20

കന്യാസ്ത്രീ സമരത്തെ തള്ളി സിപിഐഎം; സമരത്തിന് പിന്നിൽ ദുരുദ്ദേശ്യമെന്ന് കോടിയേരി

കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസിൽ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായാണ് സമരം നടത്തുന്നത് എന്നും സിപിഐഎമ്മിനെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ചിലരാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികള്‍ തടസ്സപ്പെടുത്തരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. തെളിവുകള്‍ ശേഖരിക്കുന്ന നടപടികളെ തടസ്സപ്പെടുത്തുന്നത് ശരിയല്ലന്നും തെളിവുണ്ടെങ്കില്‍ പാതിരിയായാലും മുക്രിയായാലും രക്ഷപെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളില്‍ ഇരയ്ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇന്നലെയും ഇന്നുമായി 14 മണിക്കൂറുകളോളം അന്വേഷണ സംഘം ഫ്രാങ്കോയെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയക്കുകയായിരുന്നു. അറസ്റ്റ് വൈകുന്നത് സംബന്ധിച്ച് രാഷ്ട്രീയമായ ഇടപെടൽ ഉണ്ടെന്ന അഭ്യൂഹങ്ങൾ ഉയരുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. സർക്കാരിനെതിരെയും പൊലീസിനെതിരെയും വൻ ജനരോഷം ഉയർന്ന വന്നിട്ടും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്. കേരളം മുഴുവനും കന്യാസ്ത്രീകളുടെ സമരത്തിനൊപ്പം അണിനിരക്കുമ്പോഴും പാർട്ടിയും സർക്കാരും കന്യാസ്ത്രീകളുടെ സമരത്തിന് എതിരാണെന്ന വ്യക്തമായ സൂചനയാണ് ഇതോടെ കോടിയേരി നൽകിയത്. 

Spread the love
Read Also  ജനാധിപത്യത്തിൽ ഒരു പൗരന്റെ ജാഗ്രതയാണ് ആ "പക്ഷേ" എന്നത്: വിടി ബൽറാം മുഖ്യമന്ത്രിയോട് ചോദിക്കുന്നു

Leave a Reply