Sunday, November 29

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള സമരത്തിനു സി പി എം വിലക്കോ?

കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി സിപിഎമ്മിൻറെ മുംബൈയിലെ ഒരു  നേതാവ് പുറപ്പെടുവിച്ച വിലക്ക് ഫാസിസ്റ്റ് സംഘടനകളെപ്പോലും ലജ്ജിപ്പിക്കും. പാർട്ടിയുടെ കേന്ദ്ര നേതൃത്വവും പാർട്ടിയുടെ യുവജന വിദ്യാർത്ഥി സംഘടനകളും (SFI & DYFI) നേരിട്ട് നടത്തുന്ന ആഗോള  സമരത്തിൽ പങ്കെടുക്കരുതെന്ന്  ജില്ലാ കമ്മിറ്റി അംഗം ആയ ശ്രീ. കെ.കെ. പ്രകാശൻ പാർട്ടി മെമ്പർമാർക്ക് ആജ്ഞ കൊടുത്തിരിക്കുകയാണ്. ഈ വിലക്ക് ലംഘിച്ച് ഇന്നലെ വാഷിയിൽ സമരത്തിന് എത്തിച്ചേർന്ന അനേകം പാർട്ടി അണികളുണ്ട്. അവരോട് ഉത്തരം പറയാനുള്ള ബാധ്യത സിപിഎം മഹാരാഷ്ട്രാ സംസ്ഥാന കമ്മിറ്റിക്കും ശ്രീ പ്രകാശൻ അംഗമായ പാർട്ടി ഘടകത്തിനുമുണ്ട്. എക്കാലവും നിങ്ങൾക്ക് പാർട്ടി അണികളെ വഞ്ചിക്കാനാകില്ല.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന പരിസ്ഥിതി വാദികളെ എതിര്‍ത്തു തോല്‍പിക്കുന്നതിന് എക്കാലവും ക്യാപിറ്റലിസ്റ്റ് ശക്തികളാണ് മുന്നില്‍ നിന്നിട്ടുള്ളത്. പ്രകൃതിക്കിണങ്ങുന്ന വികസനം എന്ന വീക്ഷണം സിപിഎം മുന്നോട്ടു വെയ്ക്കുമ്പോള്‍ അതിനെ തോല്‍പിക്കാന്‍ നില്‍ക്കുന്നവരുടെ അജണ്ടകള്‍ക്ക് ഇന്‍ഡസ്ട്രി ലോബിയുടെ പണക്കരുത്തുണ്ടായിരുന്നു എന്നും. ഇതുകൊണ്ട് അവര്‍ കരുത്തുറ്റ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പോലും നുഴഞ്ഞു കയറി ആശയങ്ങളില്‍ അട്ടിമറികള്‍ തീര്‍ത്തിട്ടുണ്ട്. ഇതാണ് മുംബൈയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന പതിനാറുകാരി പെണ്‍കുട്ടി ഭാവി തലമുറയ്ക്കു വേണ്ടി മുന്നോട്ടു വെയ്ക്കുന്ന ആശയത്തിന് അനുകൂലമായി കഴിഞ്ഞ ഒരാഴ്ചയായി ലോകമെമ്പാടും പ്രകടനങ്ങളും ഐക്യദാര്‍ഢ്യങ്ങളും നടന്നിരുന്നു. ഇന്ത്യയില്‍ ക്യാംപസുകളില്‍ ഇതിന് നേതൃത്വം നല്‍കിയത് എസ്.എഫ്.ഐ ആണ്. ചെറുപ്പക്കാര്‍ക്കിടയില്‍ ഡി.വൈ.എഫ്.‌ഐ അടക്കമുള്ള സംഘടനകള്‍ അതിന് നേതൃത്വം നല്‍കി. ഇന്ത്യയിലെ സിപിഎം നേതൃത്വവും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും അങ്ങേയറ്റം അനുഭാവപൂര്‍ണമായ നയമാണ് ഈ പരിപാടിയോട് സ്വീകരിച്ചിട്ടുള്ളത്. മുതലാളിത്ത സര്‍ക്കാരുകളും ഇന്‍ഡസ്ട്രി ലോബിയും മാത്രമെതിര്‍ക്കുന്ന ഈ പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മംബൈയിൽ സെപ്റ്റംബർ 27 ന് റാലി നടന്നിരുന്നു.

എന്നാല്‍ മുംബൈയില്‍ മലയാളികള്‍ക്കിടയിലെ സിപിഎം നേതാവ് കെ.കെ. പ്രകാശൻ ഈ പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കുന്നതു വിലക്കിക്കൊണ്ട് അന്നേ ദിവസം രാവിലെ പാര്‍ട്ടി ഗ്രൂപ്പുകളില്‍ ഫത് വ പുറപ്പെടുവിച്ചു. പരിപാടി നടത്തുന്നവരെ ക്രിമിനലുകൾ എന്നു വിളിച്ചു കൊണ്ടുള്ള കുറിപ്പില്‍ ഈ പരിപാടിയോട് സഹകരിക്കരുത് എന്നു പാര്‍ട്ടി പ്രവര്‍ത്തകരോട് ഇദ്ദേഹം കർശനമായി നിർദ്ദേശിച്ചു

സിപിഎമ്മിൻററ പ്രഖ്യാപിത പ്രകൃതി അജണ്ടയ്ക്കു തികച്ചും അനുകൂലമായി നടന്ന ഈ പരിപാടിയില്‍ പങ്കെടുക്കരുതെന്നു അണികളെ വിലക്കിക്കൊണ്ട് പ്രാദേശിക നേതാവ് പ്രകാശൻ പുറപ്പെടുവിച്ച പ്രഖ്യാപനത്തിന്റെ പിന്നിലെന്തായിരിക്കും എന്നതറിയാന്‍, ഇടതു പ്രസ്ഥാനങ്ങള്‍ സ്വയം ഏറ്റെടുത്ത ഈ പരിപാടിക്കെതിരെ നില്‍ക്കാന്‍ മുംബൈയിലെ പാര്‍ട്ടിക്കാരോട് ആവശ്യപ്പെടുന്നതെന്തിനായിരിക്കാം എന്നറിയാന്‍, മുംബൈ സമൂഹത്തിന് അവകാശമുണ്ട്. ഇനി ഈ പരിപാടി സംഘടിപ്പിക്കുന്നവർ പ്രകാശന് അനഭിമതരാണെങ്കില്‍ തന്നെ സിപിഎം അജണ്ടയോട് ചേര്‍ന്നു നില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുകയല്ലേ വേണ്ടത്.. വ്യക്തികളല്ലല്ലോ മുദ്രാവാക്യമല്ലേ മുഖ്യം. ഇനി അഥവാ അനഭിമതരും ക്രിമിനലുകളുമായാല്‍ തന്നെ, മൂന്നു മാസം മുമ്പ് ഇതേ വ്യക്തികൾ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷകനായി ഇതേ നേതാവ് കെ.കെ. പ്രകാശൻ തന്നെ വന്ന് പ്രസംഗിച്ചതിനെ അദ്ദേഹം എങ്ങിനെ ന്യായീകരിക്കും… അതോ കഴിഞ്ഞ മൂന്നു മാസം കൊണ്ടാണോ ഇവർ ക്രിമിനല്‍ ആയത്.. ഉത്തരങ്ങള്‍ വേണം.

Read Also  പ്രീയപ്പെട്ട ഗ്രേറ്റ തുൻബർഗ് ഞങ്ങൾക്കിതേ ചെയ്യാൻ കഴിയൂ, ദയവായി നീ ഞങ്ങൾക്കുനേരെ നിറയൊഴിക്കൂ

സിപിഎം പൊളിറ്റ് ബ്യൂറോ തത്വത്തില്‍ അംഗീകരിച്ച ഒരു പരിപാടിക്കെതിരെ പ്രസ്താവന ഇറക്കാൻ അതിൻറെ ഒരു ജില്ലാ കമ്മിറ്റി അംഗത്തിന് എങ്ങനെ കഴിഞ്ഞു എന്നത് അണികള്‍ കൂലങ്കഷമായി ചിന്തിക്കേണ്ടതാണ്. കാലാവസ്ഥാ വ്യതിയാന സമരത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രി കോര്‍പറേറ്റ് ലോബി മുംബൈയിലെ സിപിഎമ്മിലും അത്രയേറെ പിടി മുറുക്കി കഴിഞ്ഞുവെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്… ഈ ക്രിമിനല്‍ വിളിയൊക്കെ ആ സ്വാധീനം മറയ്ക്കാനുള്ള പൊടിക്കൈകള്‍ അല്ലേ… ഓരോ അണിയും സ്വയം ചോദിക്കേണ്ടതുണ്ട്. മറ്റൊരു രാഷ്ട്രീയപ്പാർട്ടിയും പ്രത്യക്ഷമായി ഇങ്ങനെയൊരു വിലക്ക് പുറപ്പെടുവിക്കാതിരിക്കെ സി പി എമ്മിൻ്റെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവ് ഇങ്ങനെ പൊതുധാരയ്ക്കെതിരെ രംഗത്തുവന്നത് വ്യാപകമായ വിമർശനത്തിരയായിരിക്കുകയാണു.

ചോദ്യം ഒന്നേയുള്ളൂ. നിങ്ങള്‍ ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന പതിനാറുകാരിക്കും അവളുയര്‍ത്തുന്ന പ്രകൃതിക്കു വേണ്ടിയുള്ള മുദ്രാവാക്യത്തിനും ഒപ്പമാണോ അതോ ഡൊണാള്‍ഡ് ട്രംപ് എന്ന ആഗോള ക്യാപിറ്റലിസ്റ്റ് പ്രതിനിധാനം ചെയ്യുന്ന ചൂഷണത്തിന്റെ ലാഭത്തിനൊപ്പമാണോ..

എന്തായാലും സി പി എം ജില്ലാ കമ്മിറ്റി അംഗം കെ.കെ. പ്രകാശൻറെ നടപടിയെ ചൊല്ലി പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത. പ്രകാശൻറെ നടപടി തെറ്റായിപ്പോയെന്ന് ചൂണ്ടിക്കാണിച്ച് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply