Thursday, January 20

യഥാതഥ്യ- ഭാവനകളുടെയും സാങ്കേതിക വിദ്യകളുടെയും മിശ്രരൂപകം: കെ. വി. പ്രവീണിന്റെ കഥകളിലൂടെ ഒരന്വേഷണം

ലഹരിയും തണുപ്പും നിറഞ്ഞ ആ നിമിഷങ്ങളില്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത തന്‍റെ അച്ഛനായി മാറിക്കൊണ്ടിരിക്കുകയാണ് താനെന്ന് ഹരിക്കു തോന്നി…

എം. ആർ. മഹേഷ്

എം. ആർ. മഹേഷ്

എം. ആർ. മഹേഷ്

കെ. വി. പ്രവീണിന്റെ കഥകളുടെ സൗന്ദര്യാവബോധം (aesthetic sensibility) മലയാളത്തിൽ പുതിയതാണ്, ഒരുപക്ഷേ സാഹിത്യത്തിൽ തന്നെയും. അത് സാങ്കേതികതയുടെ യാഥാർത്ഥ്യത്തെ ഭാവന ചെയ്യുന്നു. വസ്തുതയും ഭാവനയും വേർതിരിക്കാനാവാത്തവിധം കൂടിച്ചേർന്നിരിക്കുന്ന പരിണാമവേഗത്തിന്റെ സ്ഥല, കാലങ്ങളെ അനുഭവത്തിന്റെ മണ്ഡലത്തിലേക്ക് പ്രവീണിന്റെ കഥകൾ കൂട്ടിക്കൊണ്ടുവരുന്നു.

അമേരിക്കയിലാണ് പ്രവീണിന്റെ കഥകളുടെയെല്ലാം വർത്തമാനമുള്ളത്. വിദേശത്തിരുന്ന് സ്വദേശാതുരത്വങ്ങളെ കണ്ടെടുക്കുന്ന ആഖ്യാന പ്രക്രിയ പ്രവീണിന്റെ കഥകളുടെ രീതിയല്ല എന്ന് ആദ്യമേ സൂചിപ്പിക്കട്ടെ. അഥവാ ഈയൊരു ആതുരത്വത്തിന്റെ നിരാസവും വിപരീതവും കൂടിയാണ് പ്രവീണിന്റെ കഥകൾ. എന്നാൽ, അമേരിക്കയിലുള്ള ‘മലയാളി’കളാണ് കഥകളിലെ കഥാപാത്രങ്ങൾ. അതു കൊണ്ടു തന്നെ ഭാഷയുടെയും ബന്ധക്രമങ്ങളുടെയും ലോകം തുടരുന്നുണ്ട്; നിരന്തരംമാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടുതന്നെ. കഥയിൽ മലയാളി, വർത്തമാനത്തിലോ ഭാവിയിലോ ആയിരിക്കുന്നതു പോലെത്തന്നെ പ്രവീണിന്റെ മലയാളവും ഭാവിയിലേക്കുള്ള നോട്ടമാണ്. തീർച്ചയായും കഥയിൽ ഭാവിയിലേക്കുള്ള പ്രതീക്ഷയും ആശങ്കയുമുണ്ട്. ആശങ്കയുടെ അളവ് കൂടുതലുമാണ്. ഭാവിയെ എഴുതാൻ, ഭാവിയുടെ ആശങ്കയെ എഴുതാൻ ഇവിടെ മലയാളം പര്യാപ്തമായിരിക്കുന്നു. സൗന്ദര്യാവബോധത്തിലെ പുതുക്കം എന്നോ വിച്ഛേദമെന്നോ സൂചിപ്പിച്ചത് ഇതാണ്.

മലയാള കഥയുടെ സമകാല വഴികളിൽ ഏതാണ്ട് പ്രവീൺ ഒറ്റയ്ക്കായിരിക്കുന്ന വഴിയാണിത്; പൊതു സെൻസിബിലിറ്റിയുടെ ആശയ, അനുഭവ ലോകങ്ങളിൽ നിന്നു വേറിട്ട വഴി. അതു കൊണ്ടു തന്നെ ഇന്നത്തെ കഥയുടെ പുതിയ വഴിയിൽ പ്രവീണിന്റെ കഥകളെ സ്ഥാനപ്പെടുത്തുകയെന്നാൽ ഒരു വഴിയെ സ്ഥാനപ്പെടുത്തുകയെന്നു കൂടിയാണ്. ഈ വഴി കൂടിയില്ലാതെ ഇന്ന് സമകാല ചെറുകഥയെക്കുറിച്ച് ആലോചിക്കുക അസാധ്യവും അപൂർണവുമാണ്. മലയാള കഥയുടെ ഭാവിചരിത്രം, സ്വാഭാവികമായും, ഇന്നു നാം കാണുന്ന തരത്തിലായിരിക്കണമെന്നില്ല ഈ ഘട്ടത്തെ രേഖപ്പെടുത്തുക. പ്രവീണിനെ ഭാവിയായിരിക്കും രേഖപ്പെടുത്തുകയെന്നു തോന്നുന്നു. വായനയുടെ സെൻസിബിലിറ്റിയും പ്രധാനമാണല്ലോ!

ശാസ്ത്രയുക്തികൊണ്ട് സൗന്ദര്യാത്മകതയെ പകരംവയ്ക്കാനാവില്ല എന്നതിന്‍റെ അനുഭൂതിപരമായ രേഖകളാണ് കെ. വി. പ്രവീണിന്‍റെ കഥകള്‍. ഭാഷയ്ക്ക് ബോധതലത്തിലെ യുക്തികളെക്കാള്‍ അബോധത്തിന്‍റെ പ്രവര്‍ത്തനങ്ങളോടാണ് ബന്ധമെന്ന് നമുക്കറിയാം; അബോധം ഭാഷയെപ്പോലെ ഘടനയുളളതാണെന്നും. ആ നിലയില്‍ അബോധത്തിന്‍റെ ഭാഷാഘടനകളാണ് പ്രവീണിന്‍റെ കഥകള്‍ എന്നു പറയാം. മറ്റൊരുതരത്തില്‍ പുതിയ സൗന്ദര്യാവബോധമെന്നതിനൊപ്പം ഭാഷാവബോധമെന്നും പറയാം. ‘ഓര്‍മ്മച്ചിപ്പ്’ എന്ന സമാഹാരത്തിലെ എട്ടുകഥകള്‍ക്കും പിന്നീടു വന്ന ഡ്രോൺ പോലുള്ള കഥകൾക്കും ഒരു പൊതു അനുഭവലോകമുണ്ട്. പലനിലകളിലുളള വൈവിധ്യങ്ങള്‍ ആഖ്യാനമുള്‍പ്പെടെയുളള സംവിധാനക്രമങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, സാങ്കേതികവിദ്യയും സൗന്ദര്യാവബോധവും എന്ന വലിയ വിഷയത്തെ ഇക്കഥകൾ സംബോധനചെയ്യുന്നു. സാങ്കേതിക വിദ്യയെന്നാല്‍, മനുഷ്യന്‍റെ ബോധാബോധങ്ങളെ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യകളാണ്. അത് പ്രകൃതിശാസ്ത്രത്തിന്‍റെയോ (‘ഡാര്‍വിന്‍റെ ദൈവം’ എന്നുതന്നെ ഒരു കഥയുണ്ട്) സാമൂഹ്യശാസ്ത്രത്തിന്‍റെയോ വിഷയങ്ങള്‍ എന്നതിനപ്പുറം ഭാഷയുടെ വിശാലമണ്ഡലങ്ങളെ സംബോധന ചെയ്യുന്നവയാണ്.

കഥ തന്നെയും ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ഉത്പന്നമാണെന്നും വാദിക്കാം. എന്നാല്‍ ഇതോടൊപ്പവും ഇതിനനുമപ്പുറവും മറ്റു പലതു കൂടിയാണ് പ്രവീണിന്‍റെ കഥകള്‍

ഓര്‍മ എന്ന വാക്ക് പലനിലകളില്‍ ഈ കഥകളുടെയെല്ലാം കെട്ടുമുറകള്‍ക്ക് കാരണമായിത്തീരുന്നു. പഴയ ഗൃഹാതുരത്വങ്ങളുടെ ഓര്‍മ്മയല്ല ഇത്. ജീവിതത്തിന്‍റെ സമകാലത്തിലാണ് ഈ അബോധം പ്രവര്‍ത്തിക്കുന്നത്. ഓര്‍മകളെ തിരിച്ചെടുക്കാനും നിയന്ത്രിക്കാനും സാങ്കേതികവിദ്യ ശേഷി നേടിയെടുത്ത കാലത്തെ കഥകളാണിവ. ഈ ഓര്‍മ്മകള്‍ അധികാരത്തിന്‍റെ വിവിധ രൂപങ്ങളില്‍ നേരിട്ടും വഴിതിരിഞ്ഞും ചെന്നുമുട്ടുന്നു. അവിടെയാണ് നേരത്തേ പറഞ്ഞ ഭാഷ, അബോധം എന്നീ ഘടനകള്‍ സവിശേഷം പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ഒന്നാംലോകവും മൂന്നാംലോകവും തമ്മിലുള്ള വിനിമയങ്ങളിൽ, ജാക്ക്പോട്ട്, കയേൻ, സീബ്ര എന്നീ കഥകളിലെല്ലാം നേരിട്ടുതന്നെ, മലയാളിയുടെ ദൈന്യമെന്നത് പൊതുവിൽ മൂന്നാംലോകത്തിന്റെ ദൈന്യം കൂടിയാണ്. അബോധത്തിൽ, ഭാഷ തന്നെയും മർദ്ദനോപകരണമായിത്തീരുന്നുണ്ട്. ഈയൊരു ഭാഷാലോകത്തെ പ്രവീണിന്‍റെ ‘ഓര്‍മ്മച്ചിപ്പ്’ എന്ന 2017ലെഴുതപ്പെട്ട കഥയെ മുന്‍നിര്‍ത്തി വായിക്കാനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്. അതുവഴി മലയാള കഥനവഴിയിലെ പുത്തന്‍ പുതുമയായി ഓര്‍മ്മച്ചിപ്പിലടങ്ങുന്നതും പിന്നീടു വന്നതുമായ പ്രവീണിന്‍റെ കഥകള്‍ മാറുന്നതെങ്ങനെയെന്നുള്ള വായനയിലേക്ക് അത് നീണ്ടു കിടക്കുന്നു (അത്തരമൊരു വായന ഈ ചെറിയ കുറിപ്പിന്റെ പരിധിയിൽപ്പെടുന്നില്ല). പ്രവീണിന്റെ കഥകളുടെ പൊതുവായ ലോകം എന്നൊക്കെപ്പറയുമ്പോഴും ഓരോ കഥയും ഓരോന്നാണെന്നും ഓരോ കഥയും പ്രത്യേകം വായിക്കപ്പെടേണ്ടതാണെന്നും ഊന്നിപ്പറയുക കൂടി ചെയ്യുന്നു.

കെ. വി. പ്രവീൺ

കെ. വി. പ്രവീൺ

Read Also  കെ എൻ പ്രശാന്തിൻ്റെ പെരടിയും മറ്റ് രണ്ട് കഥകളും ; എം ടി രാജലക്ഷ്മി എഴുതുന്നു

ഓര്‍മ്മ വീണ്ടെടുക്കുന്നതിനായി അമേരിക്കയിലെ ബെയ്ലര്‍ മെമ്മറി ക്ലിനിക്കില്‍ കഴിയുന്ന അമ്മയും മകനായ ഹരിയും തമ്മിലുളള വിനിമയബന്ധങ്ങളായാണ് കഥയുടെ ആഖ്യാനം മുന്നോട്ടുപോകുന്നത്. ലോകം മുഴുവന്‍ ഉപഭോക്താക്കളുളള കമ്പനിയുടെ സോഫ്റ്റ് വെയര്‍ ഉത്പന്നങ്ങളില്‍ ആര്‍ക്കും നുഴഞ്ഞുകയറാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തുന്ന ചുമതലയുളള ‘ഹാക്കറാ’യാണ് ഹരി ജോലിചെയ്തിരുന്നത്. ഹാര്‍ട്ട് സ്റ്റീലര്‍ എന്നായിരുന്നു കമ്പനിയിലെ ഹരിയുടെ ഓമനപ്പേര്. തലച്ചോറിന്‍റെ ഭാഷയില്‍ത്തന്നെ സംസാരിക്കാന്‍ കഴിയുന്ന സിലിക്കണ്‍ ചിപ്പുകള്‍ അമ്മയുടെ ബ്രെയിനില്‍ ഇംപ്ലാന്‍റ് ചെയ്തിരിക്കുന്നു. ആ ചിപ്പുകളെ ബന്ധിപ്പിക്കുന്ന സ്റ്റിമുലേറ്ററും. തലയോട്ടിക്കുളളില്‍ സ്ഥാപിച്ച ചിപ്പുകളും സ്റ്റിമുലേറ്ററിലെ ചിപ്പും തമ്മിലുളള വൈദ്യുത വിനിമയത്തിലൂടെയാണ് അമ്മയുടെ അവശേഷിക്കുന്ന/ചുരണ്ടിയെടുക്കപ്പെടുന്ന ഓര്‍മ്മകള്‍ വിനിമയം ചെയ്യപ്പെടുന്നത്. ഓര്‍മ്മച്ചിപ്പിലൂടെ അമ്മയുടെ ഓര്‍മ്മകളിലേക്ക് അരിച്ചരിച്ചു പ്രവേശിക്കാന്‍ മകനാകുന്നു. ഒരുപക്ഷേ, അമ്മയെത്തന്നെ പുനഃസംവിധാനം ചെയ്യുന്ന പ്രവര്‍ത്തനമാണിത്. തലച്ചോറും മെമ്മറി സെര്‍വറും തമ്മില്‍ ഭേദമില്ലാത്ത അവസ്ഥ. രഹസ്യ കോഡുപയോഗിച്ച് പൂട്ടിവച്ചാലും ഈ മെമ്മറി ഹാക്ക് ചെയ്യപ്പെടാം. ഹാക്ക് ചെയ്യപ്പെടാത്തതായി എന്താണ് ഒരു മനുഷ്യന് സ്വന്തമായുളളത് എന്ന ചോദ്യം കഥ നേരിട്ടു ചോദിക്കുന്നു. “ഒരാളുടെ ജീവന്‍ എടുക്കുന്നതും ഓര്‍മ്മകള്‍ കവരുന്നതും ഒന്നുതന്നെയാണ്” എന്ന വാചകത്തിലാണ് കഥ അവസാനിക്കുന്നത്.

അമ്മയുടെയും ഹരിയുടെയും ജീവിതത്തിന്‍റെ പല അടരുകളിലൂടെ/ഓര്‍മ്മകളിലൂടെ കഥ സഞ്ചരിക്കുന്നു. പുതിയ സ്ഥലകാലങ്ങളെയെഴുതുന്ന ഈ കഥയ്ക്ക്, പ്രവീണിന്റെ മറ്റു കഥകൾക്കും, മലയാളത്തില്‍ പൂര്‍വ്വമാതൃകകളില്ല എന്നു പറയാം. ഒരുപക്ഷേ ഇക്കഥകൾ മലയാളം കഥകളല്ല എന്നും ഒരാള്‍ക്ക് സംശയിക്കാം. നമ്മുടെ കഥനവഴികളുടെ നേര്‍ത്തുടര്‍ച്ചയുടെ ഭാഷയല്ല കഥകളിലേത് എന്ന് ന്യായമായും പറയാം. കേരളത്തിനും ഇന്ത്യയ്ക്കും വെളിയില്‍ അമേരിക്കയില്‍ സാധ്യമാവുന്നവയെന്ന നിലയില്‍ മലയാള കഥയുടെ തുടര്‍ച്ചയിലാണോ പ്രവീണിന്‍റെ കഥകളെ സ്ഥാനപ്പെടുത്തേണ്ടത് എന്നും ആലോചിക്കാം. സാങ്കേതികവിദ്യയുടെ അതിയാഥാര്‍ത്ഥ്യമായും ഒരാള്‍ക്ക് കഥയെ വായിക്കാം. മനുഷ്യബന്ധങ്ങളുടെ കഥയില്ലായ്മയുടെ പുതിയ കാലമായും കഥയെ കാണാം. കഥ തന്നെയും ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ഉത്പന്നമാണെന്നും വാദിക്കാം. എന്നാല്‍ ഇതോടൊപ്പവും ഇതിനനുമപ്പുറവും മറ്റു പലതു കൂടിയാണ് പ്രവീണിന്‍റെ കഥകള്‍; ഓര്‍മച്ചിപ്പും. സയൻസ്ഫിക്ഷൻ എന്നു നാം പറഞ്ഞു ശീലിച്ച സാമാന്യാർത്ഥമല്ല പ്രവീണിന്റെ കഥകൾക്കുള്ളത് എന്നതുകൂടി സൂചിപ്പിക്കുന്നു.

നേരിട്ട് പറയാന്‍ കഴിയാത്ത പലതിനെയും തുറക്കാന്‍ കഴിയുന്ന ഒരെഴുത്തു സങ്കേതമാണ് ഓര്‍മ്മയന്ത്രവും ഭാവിയിലെ ബ്രെയിന്‍മാപ്പിങ്ങുമെല്ലാം. അയഥാര്‍ത്ഥ്യം എന്ന് ഒറ്റനോട്ടത്തില്‍പ്പറയാന്‍ കഴിഞ്ഞേക്കാവുന്ന ഒരു (മിഥ്യാ) സ്ഥലം കഥയുടെ യഥാര്‍ത്ഥ സ്ഥലമാകുന്നു. പുതിയ കാലം സാധ്യമാക്കുന്ന പുതിയ സ്ഥലമാണിത്. പഴയ ബന്ധങ്ങളുടെ പുതിയ ജീവിതങ്ങളും ഈ പുതിയ സ്ഥലത്ത് ഇഴ പിരിക്കപ്പെടുകയാണ്. അമേരിക്കയില്‍ എത്തിപ്പെട്ട അമ്മയും മകനുമെന്നത് ഈ സ്ഥലത്തിലേക്കുളള അകലത്തെ/അന്യത്വത്തെ ഒന്നുകൂടി സാധൂകരിക്കുകയും ബലവത്താക്കുകയും ചെയ്യുന്നുണ്ട്. ഇത് സാങ്കേതികവിദ്യയാല്‍ സാധ്യമാകുന്ന യഥാര്‍ത്ഥ സ്ഥലമെന്നതിനപ്പുറം ഭാഷയാല്‍ നിര്‍മ്മിക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. ആ നിലയില്‍ പ്രാഥമികമായി ഇത് അബോധത്തിന്‍റെ യാഥാര്‍ത്ഥ്യമാണ്. വിശാലാര്‍ത്ഥത്തില്‍ മലയാളത്തിന്‍റെ യാഥാര്‍ത്ഥ്യവുമാണ്. അമ്മയെന്ന അധികാരരൂപത്തെ, അവരുടെ ഓര്‍മ്മകള്‍ നഷ്ടമാകുന്ന ഘട്ടത്തില്‍ അവരുടെ ഓര്‍മ്മകള്‍ക്കന്യമായ ഒരു നാട്ടില്‍വച്ച്, സാങ്കേതികവിദ്യയുടെ അധികാരം അഴിച്ചെടുക്കുകയാണ്. അമ്മയുടെ ചുരണ്ടിയെടുക്കാന്‍ കഴിയുന്ന അവസാന ഓര്‍മ്മച്ചിത്രങ്ങളിലും അമ്മ മകനെത്തന്നെ പല മട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അഥവാ മകന് ചിത്രക്കുത്തുകള്‍ കൂട്ടിയോജിപ്പിക്കുമ്പോള്‍ തന്നെത്തന്നെയാണ് കണ്ടെത്താനാകുന്നത്. അമ്മയുടെ അധികാരത്തിന്‍റെ ഇരയായും ഇണയായും തന്നെത്തന്നെയാണ് ഹരിക്ക് കാണാനാവുക. വസ്തുയാഥാര്‍ത്ഥ്യത്തിനപ്പുറമുളള വിഷയമാണിത്.

കഥയിലെ ബെയ്ലര്‍ മെമ്മറി ക്ലിനിക്കും പുഷ്പഗിരിയുമടങ്ങുന്ന സ്ഥലങ്ങളെല്ലാം വസ്തുയാഥാര്‍ത്ഥ്യമാണ്. ഇതില്‍ ആദ്യസ്ഥലത്തിരുന്നുകൊണ്ട് രണ്ടാം സ്ഥലത്തിന്‍റെ ഓര്‍മ്മകളെ തെളിച്ചെടുക്കാനാണ് കഥ ശ്രമിക്കുന്നത്. അതോടുകൂടി ഈ രണ്ടു സ്ഥലങ്ങൾ കഥാഖ്യാനത്തില്‍ മറ്റൊരു തലത്തിലാണ് ഇടപെട്ടുതുടങ്ങുന്നത്. ഹില്‍സ്റ്റേഷന്‍റെ ഭംഗിയോ തണുപ്പോ പ്രകൃതിരമണീയതയോ അല്ല, ഇവിടെ, മറ്റൊരു സ്ഥലത്തെ തണുപ്പിലിരുന്ന് കണ്ടെത്തുന്നത്. അഥവാ അമ്മയുടെ ആതുരത്വമല്ല മകന്‍റെ മേല്‍ക്കൈയിലുള്ള ചികിത്സയില്‍ തെളിഞ്ഞു വരുന്നത്. കുട്ടിക്കാലത്തെ ഏറ്റവും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളില്‍പ്പോലും അമ്മയുടെ അധികാരം കണ്ടെടുക്കപ്പെടുന്നു. അമ്മയുടെ ഓര്‍മ്മച്ചിത്രങ്ങളെ ആദിമധ്യാന്തങ്ങളുളളതാക്കുന്നത് മകന്‍റെ കാഴ്ചയില്‍ നിന്നുകൊണ്ടുളള ആഖ്യാനങ്ങളാണ്. മറ്റൊരുതരത്തില്‍ അമ്മ  ഓര്‍മ്മയും ഉപകരണവും മകന്‍ ഓര്‍മ്മകളുടെ ആഖ്യാതാവുമാണ്. സ്നേഹബന്ധങ്ങളുടെ സൗന്ദര്യമല്ല ഇവിടത്തെ ഓര്‍മ. ഉദ്യോഗം, അധികാരം, ആധിപത്യം എന്നതാണ് ഈ ഓര്‍മയുടെ ഘടന. അതുകൊണ്ടാണ് പുഷ്പഗിരി ക്യാമ്പിലെ ഓഫീസറായ അമ്മയുടെ മുന്‍പില്‍ ഇന്‍ററോഗേഷന്‍ മുറിയില്‍ തൊട്ടടുത്ത നിമിഷം കൊല്ലപ്പെടാനായി കാത്തിരിക്കുന്ന തടവുകാരന്‍റെ ചിത്രത്തില്‍ അമ്മയുടെ ഓര്‍മശേഖരത്തിലെ അവസാന ഫയലില്‍ തെളിഞ്ഞ ആ ചിത്രത്തിന് – തന്‍റെ മുഖവുമായാണ് സാമ്യമെന്നു തോന്നുന്നത്.

Read Also  കേന്ദ്രത്തിന്റെ ലോക്ക് ഡൌൺ സമ്പദ്‌വ്യവസ്ഥയെ തകർത്തു ; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ഇതിനു മുന്‍പ് അമ്മയില്‍നിന്നും തെളിച്ചെടുക്കുന്ന മറ്റൊരോര്‍മ്മച്ചിത്രമുണ്ട്. “ശബ്ദങ്ങളും ദൃശ്യങ്ങളും അതിന്‍റെ ആര്‍ട്ടിഫിഷ്യല്‍ സ്റ്റിമുലേഷനും തന്‍റെ ഭാവനയും ഒക്കെ കൂട്ടിച്ചേര്‍ത്ത് ഹരിക്ക് നിര്‍മ്മിക്കാനായത് ഒരേ ദൃശ്യമായിരുന്നു. അമ്മ സിനിമാശാലയില്‍ നിന്ന് അമ്മയേക്കാള്‍ പ്രായം കുറഞ്ഞ ഒരു യുവാവിന്‍റെ കൈപിടിച്ച് ഇറങ്ങി വരുന്നതായിരുന്നു അത്. അമ്മയ്ക്കും സുഹൃത്തിനും വീതികൂടിയ പാന്‍റ്സും ഇറുകിയ മുഴുക്കയ്യന്‍ ഷര്‍ട്ടുമായിരുന്നു വേഷം. യുവാവിന് നീണ്ട കൃതാവും കൈയിലൊരു ഇംഗ്ലീഷ് പുസ്തകവും. ഹരിയുടെ ഓര്‍മ്മകളില്‍നിന്ന് വിരുദ്ധമായി അമ്മ വിടര്‍ന്നുചിരിക്കുന്നുണ്ടായിരുന്നു. ആ യുവാവിന് തന്‍റെ മുഖച്ഛായ ഉളളതുപോലെ തോന്നുന്നത് എന്തുകൊണ്ടാണെന്ന് ഹരി സ്വയം ചോദിച്ചു… ലഹരിയും തണുപ്പും നിറഞ്ഞ ആ നിമിഷങ്ങളില്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത തന്‍റെ അച്ഛനായി മാറിക്കൊണ്ടിരിക്കുകയാണ് താനെന്ന് ഹരിക്കു തോന്നി”. കഥയില്‍ അമ്മയുടെ ഓര്‍മ്മയായി ഈ രണ്ടു ചിത്രങ്ങള്‍ മാത്രമേ ഉളളൂ എന്നതും സവിശേഷമായി കാണണം. അമ്മയുടെ ഓര്‍മ്മക്കണ്ണാടിയില്‍ തന്നെത്തന്നെ ആവര്‍ത്തിച്ചു കാണുകയാണ് ഹരി. അമ്മയ്ക്ക് ഓര്‍മ്മയുണ്ടാകാനാണ് ചികിത്സ നടത്തുന്നതെങ്കിലും, അമ്മയുടെ ഓര്‍മ്മകളെ ഹാക്ക് ചെയ്യുന്ന മൈന്‍ഡ് ബ്ലോഗറാണ് മകന്‍. അധികാരത്തിന്‍റെയും ബന്ധങ്ങളുടെയും ജനിതകത്തുടര്‍ച്ച അമ്മയുമായി ബന്ധപ്പെട്ട് തുടരുന്ന സ്ത്രീകളുമായുളള തന്‍റെ ബന്ധങ്ങള്‍ ഒന്നൊഴിയാതെ പൊട്ടിത്തകരുന്നതിനു പിന്നിലുണ്ടെന്ന് ഹരിക്കു തോന്നിയിട്ടുമുണ്ട്. ഹരിയുടെ അച്ഛനുമായുളള ബന്ധത്തെക്കുറിച്ചു തനിക്കു പറ്റിയ ഒരു വീഴ്ചയായിരുന്നു അത് എന്നാണ് അമ്മ മുന്‍പു പറഞ്ഞിട്ടുളളത്.

സിനിമാശാലയില്‍നിന്ന് അമ്മയുടെ കൈപിടിച്ച് ഇറങ്ങിവരുമ്പോഴുണ്ടായതിന്‍റെ പ്രേതരൂപമാണ് ഇന്‍ററോഗേഷന്‍ മുറിയിലെ ഉദ്യോഗസ്ഥയായ അമ്മയ്ക്കു മുന്‍പിലുണ്ടായിരുന്നത്. “മുന്നിലുളള മൂന്നു മാര്‍ഗങ്ങളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുത്തുകൊണ്ട് ഇവിടെനിന്നും രക്ഷപെടാനുളള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട് ” എന്നാണ് അമ്മ അയാളോട് പറയുന്നത്. മൂന്നു മാര്‍ഗങ്ങളും ഏതുതരം മരണം വരിക്കുന്നു എന്നതിനുളള തിരഞ്ഞെടുപ്പുകളാണ്. “നിങ്ങളൊക്കെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍കളയാന്‍ തയ്യാറായവരായതുകൊണ്ട് ഞങ്ങളുടെ ഓഫര്‍ താങ്കള്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് കരുതുന്നു” എന്നു മരണ മുഖത്തിലും പരിഹസിക്കുന്നു. അയാളുടെ തലച്ചോറില്‍ പതിഞ്ഞു പോയ കാര്യങ്ങള്‍ മായ്ച്ചുകളയാനാവില്ല. അതിനാല്‍ മരണംതന്നെ തിരഞ്ഞെടുക്കണം. പക്ഷേ, കസ്റ്റഡിയിലായതിനു തെളിവില്ല. കസ്റ്റഡിയിലെടുക്കാത്ത ഒരാളെ വിട്ടയക്കാനാവില്ല. “നമ്മുടെ ബന്ധത്തിനെന്നതുപോലെ” തെളിവുകളൊന്നുമില്ല എന്ന് ഓഫീസറായ അമ്മ സവിശേഷമായി പറയുന്നുണ്ട്. കഥ ആ ബന്ധത്തെ വിടര്‍ത്തുന്നില്ല എന്നതു ശ്രദ്ധിക്കണം. വ്യക്തിബന്ധങ്ങളുടെ ഇഴകള്‍ കഥയിലുടനീളം പലതരത്തില്‍ തുടരുന്നുണ്ട്. തേക്കിന്‍ കയറുകൊണ്ട് സങ്കലനം ചെയ്യപ്പെട്ട ‘സ്വകാര്യം’ എന്ന പത്രക്കെട്ടിലെ സ്വകാര്യത്തിന് പലനിലകളില്‍ കഥയില്‍ ജീവന്‍ വച്ചുതുടങ്ങുന്നുവെന്നര്‍ത്ഥം. ഈ “സ്വകാര്യ”ങ്ങളുടെ വായനയാണ് കഥയെ മുന്‍നിര്‍ത്തി വായനക്കാരനു നിര്‍വ്വഹിക്കാനുളളത്. തേക്കുചരടുകളുടെ കെട്ടുകളാല്‍ ബന്ധപ്പെട്ട വിപ്ലവ ലഘുലേഖകളുയെ സ്വകാര്യം മുതല്‍ അമ്മയുടെ ഏറ്റവും സ്വകാര്യ ഓര്‍മ്മച്ചിത്രങ്ങളെ മകന്‍ ഹാക്ക് ചെയ്തെടുക്കുന്ന സ്വകാര്യം വരെ വ്യാപ്തിയുള്ള വായനയായിരിക്കുമത്. അതിർത്തിയും അധികാരവും ബന്ധങ്ങളും തമ്മിലുള്ള വിനിമയത്തിന്റെ ഈ ‘സ്വകാര്യം’ പ്രവീണിന്റെ എല്ലാ കഥകളിലും പല നിലയിൽ തുടരുന്നുണ്ട്.

മകൻ, അമ്മ, അധികാരം, രഹസ്യം, ഓർമ എന്നിവയുടെ വസ്തു യാഥാർത്ഥ്യത്തെ സാങ്കേതികവിദ്യയുടെ യാഥാർത്ഥ്യം പുനർനിർണയിക്കുന്ന പുതിയ കാലമാണ് കഥയുടെ യാഥാർത്ഥ്യം. ഇവിടെ മറവി എന്നതിന് നാം പൊതുവിൽ കരുതുന്ന പ്രായാധിക്യത്തിന്റെ മറവിയുടെയോ അവരെ ചികിത്സിക്കേണ്ട മക്കളുടെ ആതുരബന്ധത്തിന്റെയോ പഴയ തുടർച്ചയല്ല. സാങ്കേതിക വിദ്യയുടെ അധികാരവുമായി ബന്ധപ്പെട്ട പുതിയ വിഷയമാണ് ഇവിടത്തെ മറവിയേയും ഓർമയേയും സാധ്യമാക്കുന്നത്. ഭൂതകാല യാഥാർത്ഥ്യം അസ്ഥിരമെന്നോ ഭാവി യാഥാർത്ഥ്യം അശുഭമെന്നോ മാത്രമല്ല ഇതിനർത്ഥം. അമ്മയുടെ ഓർമകൾ/രഹസ്യം കണ്ടെത്തിയതുകൊണ്ട് അമ്മയുമായുള്ള ബന്ധത്തിന് കഥയിൽ പ്രത്യക്ഷമായി ഒന്നും സംഭവിക്കാനുമില്ല. എന്നാൽ ഈ സാങ്കേതിക യാഥാർത്ഥ്യത്തിനു പുറത്തല്ല അമ്മയുള്ളതു താനും. ഇവിടെ ബന്ധങ്ങളുടെ പുനക്രമീകരണം എന്നൊക്കെ പറയാൻ കഴിയുന്നത് സാമാന്യാർത്ഥത്തിലല്ല. കഥയിൽ, തുറക്കാത്ത ‘സ്വകാര്യം’ എന്ന പത്രക്കെട്ടിൽ എഴുതി വച്ചിരിക്കുന്ന ഒരു കാലത്തിന്റെ സ്വകാര്യ രേഖകളുടെ നേർത്തുടർച്ചയല്ല സാങ്കേതികവിദ്യ തുറക്കുന്ന അമ്മയുടെ സ്വകാര്യങ്ങൾക്കുള്ളത്. അച്ചടിയുടെ (പ്രിന്റ് ) സ്വകാര്യവും അച്ചടിയന്ത്ര കാലത്തിന്റെ സ്വകാര്യവും തമ്മിലുള്ള പരിണാമം ഇവിടെയുണ്ട്. വായനയാണ് കഥയെയും കാലത്തെയും മൂല്യനിർണയനം ചെയ്യേണ്ടത്, സവിശേഷാർത്ഥത്തിൽ.പ്രവീണിന്റെ കഥകളെ മുൻനിർത്തിയുള്ള അത്തരമൊരു വായന ഭാവിയിലേക്ക് നീട്ടിവയ്ക്കുന്നു.

Spread the love

Leave a Reply