49 സാംസ്കാരികപ്രവർത്തകർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധം കനക്കുന്നു.  ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രിയെ ആശങ്കയറിയിച്ച പ്രമുഖ സാംസ്കാരികപ്രവർത്തകർക്ക് പിന്തുണയുമായി കൂടുതൽ പേർ രംഗത്തുവന്നു. പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതിനു കേസെടുത്തതിനെതിരെയാണു നടൻ  നസ്രുദ്ദീൻ ഷാ, ചരിത്രകാരി റോമില ഥാപ്പർ, പ്രമുഖ സിനിമാട്ടോഗ്രാഫർ ആനന്ദ് പ്രധാൻ, സാമൂഹ്യപ്രവർത്തകനായ ഹർഷ് മന്ദർ, സംഗീതജ് ഞനായ ടി എം കൃഷ്ണ,  തുടങ്ങി സാംസ്കാരികരംഗത്തെ 180 പ്രമുഖർ വീണ്ടും നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതിയത്.

ദിനം പ്രതി വർദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങി സാംസ്‌കാരിക രംഗത്തെ 49 പേര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണു ഭരണകൂടത്തിൽ നിന്ന് വിചിത്രമായ നടപടി തുടങ്ങിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇവര്‍ കത്തെഴുതിയത്. ഇതിനെതിരെ നൽകിയ ഹർജിയെത്തുടർന്നാണു ബീഹാറിലെ ജുഡീഷ്യൽ മജിസ്റ്റ്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവ് നൽകിയത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചു, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ വിലയിടിച്ചു കാണിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ബീഹാര്‍ പൊലീസ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധം നിലനില്‍ക്കുന്ന വേളയിലാണ്, കൂടുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഭരണകൂടത്തിൻ്റെ വിചിത്രമായ നടപടിക്ക് എതിരെ രംഗത്തുവന്നത്.

കഴിഞ്ഞ ദിവസമാണു 180 ഓളം വരുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്ത് എഴുതിയത്. കേസെടുത്ത 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ അവരുടെ കടമ മാത്രമാണ് നിര്‍വഹിച്ചത്.രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതിനെ എങ്ങനെയാണ് രാജ്യദ്രോഹക്കുറ്റമായി കാണാന്‍ കഴിയുക എന്ന് പുതിയ കത്തില്‍ ഇവര്‍ ചോദിക്കുന്നു.

കോടതികളെ ദുരുപയോഗിച്ച് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനുളള ശ്രമമാണോ ഇതെന്നും കത്തില്‍ ചോദിക്കുന്നു. അശോക് വാജ്‌പേയി, ജെറി പിന്റോ, ഇറാ ഭാസ്‌കര്‍, ജീത്ത് തയ്യില്‍, ഷംസുല്‍ ഇസ്ലാം, ടി എം കൃഷ്ണ തുടങ്ങിയവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ഈ പ്രതിഷേധം ഏറ്റെടുക്കണമെന്ന ആഗ്രഹമാണ് ഈ കത്തിന് പിന്നിലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയും പൗരന്മാരെ നിശബ്ദമാക്കാനുളള നീക്കത്തിനെതിരെയും സമൂഹം രംഗത്തുവരണമെന്നും കത്തില്‍ ആഹ്വാനം ചെയ്യുന്നു. 

കേട്ടുകേൾവിയില്ലാത്ത തരത്തിൽ ഇത്തരമൊരു കേസെടുത്തതിലൂടെ സമാനമായ വിമർശനം സാംസ്കാരികലോകത്തും രാഷ്ട്രീയരംഗത്തും ഉയർന്നുകൊണ്ടിരിക്കുകയാണു. ഭരണകൂടത്തെ വിമർശിക്കുന്നവരുടെ നാവരിയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു നടപടിയെടുത്തത് എന്നാണു സംഭവത്തെ പൊതുവെ വിലയിരുത്തപ്പെടുന്നത്. ഏറ്റവും ഒടുവിൽ ഈ വിചിത്രമായ നടപടി ഉണ്ടായതോടെ ഭരണകൂടഫാസിസം ശക്തി പ്രാപിക്കുകയാണു എന്ന ആശങ്ക വർദ്ധിച്ചിട്ടുണ്ട്. അന്താരാഷ്ട്രസമൂഹത്തിൽ രാജ്യത്തെ നാണം കെടുത്തുന്ന നടപടിയാണിതെന്നാണു പൊതുവെ ഉയരുന്ന വിമർശനം. ഉത്തരേന്ത്യയിൽ തുടർച്ചയായി നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രാജ്യാന്തരസമൂഹത്തിൽനിന്നുതന്നെ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വീണ്ടും പ്രതിരോധത്തിലാവുകയാണു.

എഴുത്തുകാരായ അശോക് വാജ്പേയ്, ജെറി പിൻ്റോ, ഷംസുൽ ഇസ്ലാം, ചലച്ചിത്രപ്രവർത്തകനായ സേബ ദിവാൻ, പ്രമുഖ അക്കാദമിക്കായ ഇറ ഭാസ്കർ തുടങ്ങിയവരും കത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്

Read Also  'പാകിസ്ഥാൻ നിറഞ്ഞെന്ന് തോന്നുന്നു, അതാണു ചന്ദ്രനിലേക്ക് പോകാൻ ആവശ്യപ്പെട്ടത്' ; ലജ്ജ തോന്നുന്നുവെന്ന് കമൽ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here