Thursday, January 20

ശരണം കിട്ടിയത് ഭരണത്തിന്

സമകാല കേരള രാഷ്ട്രീയം അതിന്‍റെ എല്ലാ അപചയങ്ങളെയും തുറന്ന് കാട്ടുംവിധം തെരുവുകളില്‍ പലവിധം വിളിച്ചു പറയലുകള്‍ നടത്തുകയാണ്. ഒരു വശത്ത് ഇടതുപക്ഷ സര്‍ക്കാ‍ര്‍ നിലപാടുകളില്‍ തകര്‍ച്ച നേരിടുകയാണ്. മറു വശത്ത് യാഥാസ്ഥിതിക മതരാഷ്ട്രീയം അശുദ്ധിയുടെ അഴുക്കുചാലുകളില്‍ നിന്ന് കര കയറാന്‍ ശരണം വിളിക്കുന്നു. ഇതിലൊന്നും പങ്കു ചേരാത്ത പാവം ജനത പ്രളയാനന്തരനഷ്ടങ്ങള്‍ക്കും വിലക്കയറ്റങ്ങള്‍ക്കുമിടയില്‍ ശ്വാസം മുട്ടുന്നു, അല്ല രാഷ്ട്രീയസംഘടനകള്‍ പലേ രൂപത്തില്‍ ശ്വാസം മുട്ടിക്കുന്നു എന്ന് പറയുന്നതാവും ശരി.

പട്ടിണിയും പരിവട്ടവുമായാലെന്താ. അടുത്ത കാലത്ത് സ്ത്രീവിഷയങ്ങളുടെ ചാനല്‍ക്കാഴ്ചകളില്‍ നാം അഭിരമിക്കുന്നുണ്ട്. സമൂഹം അശ്ലീലമാകുന്നതില്‍ കക്ഷിഭേദമില്ലാതെ പാര്‍ട്ടികള്‍ തങ്ങളുടേതായ പങ്ക് വഹിക്കുകയാണ്. പ്രളയം ഒഴുക്കിയ ജീവിതാവസ്ഥകളെ തിരികെ പിടിക്കാന്‍ വെമ്പുന്ന കേരളരാഷ്ട്രീയമേ, നിനക്ക് ലജ്ജിക്കാന്‍ ഇനി മറ്റെന്താണ് വേണ്ടത്.

സ്ത്രീകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ എക്കാലവും കേരളസമൂഹത്തിന്‍റെ അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ കാഴ്ചപ്പാടുകള്‍ക്ക് ഇക്കിളിയാണ്. അത് മനസ്സിലാക്കി തന്നെയാണ് ഭരണകൂടവും ഏതിര്‍ചേരികളും രാഷ്ട്രീയനിലപാടുകള്‍ക്കപ്പുറം കാലങ്ങളോളം അത്തരം വാര്‍ത്തകളെ സൃഷ്ടിക്കുന്നതും താലോലിക്കുന്നതും.

സ്ത്രീ വിഷയങ്ങള്‍ പ്രളയാനന്തരകേരളത്തെ ചില്ലറയൊന്നുമല്ല പിന്നോട്ടടിച്ചത്. പുരോഗതിയുടെ പാതയില്‍ പുതിയ ചലനങ്ങള്‍ക്ക് വഴി തെളിയേണ്ട അവസരത്തിലാണ് ഇത്തരം അശ്ലീലങ്ങളില്‍ രാഷ്ട്രീയക്കാര്‍ കേരളത്തിന്‍റെ പുരോഗതിയെ അവഗണിക്കുന്നത്. അത് ഭരണകൂടബാധ്യതകളെ ജനതയില്‍ നിന്നും അടര്‍ത്തി മാറ്റിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചാണകസംഘികളെന്നും അന്തംകമ്മികളെന്നും പരസ്പരം വിളിച്ചാക്ഷേപിക്കുന്ന ഇവര്‍ ആരും തന്നെ സാമൂഹ്യപുരോഗതിയ്ക്ക് യാതൊരു പങ്കും വഹിക്കുന്നില്ലെന്നതാണ് സമകാലകേരളത്തിന്‍റെ ദുര്‍വിധി.

പ്രളയാനന്തരം നാം ആലോചിക്കാതെ പോകുന്ന ചില കാര്യങ്ങളില്‍ രാഷ്ട്രീയേതരകേരളം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങളെ തന്നെയാണ് ഈയവസരത്തില്‍ വിശകലനം ചെയ്യേണ്ടത്. പ്രളയാനന്തരം ഭരണകൂടം ഒളിച്ച് ഒഴുക്കിക്കളഞ്ഞ ചില കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിയേണ്ടിയിരിക്കുന്നു.

ഒന്നാമതായി പ്രളയാനന്തരകേരളത്തിന്‍റെ ധനസ്ഥിതി എന്തെന്ന് നമുക്ക് അന്വേഷിക്കേണ്ടിയിരിക്കുന്നു. ദുരിതാശ്വാസനിധിയിലേക്ക് എത്ര തുക വന്നുവെന്നും അത് ഏതൊക്കെ തരത്തില്‍ വിനിയോഗിച്ചുവെന്നും അറിയാന്‍ വിവരാവകാശത്തിന് പിന്നാലെ പോകേണ്ട ഗതികേടിലാണ് കേരളജനത. ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവരുടെ ദുരിതം എന്നവസാനിക്കുമെന്ന് ഒരു വിധത്തിലും നമുക്ക് നിര്‍ണ്ണയിക്കാന്‍ കഴിയാതെ ആയിരിക്കുകയാണ്. സാലറി ചലഞ്ചും ദുരിതാശ്വാസനിധിയുമൊക്കെയായി നല്ലൊരു തുക പിരിച്ചെടുത്ത സര്‍ക്കാര്‍ ജനങ്ങളോടുള്ള ബാധ്യത നിറവേറ്റുന്നുവോ എന്ന് ചോദിക്കാന്‍ ഭരണത്തിന്‍റെ എതിര്‍ചേരിയിലുള്ള നേതാക്കള്‍ക്കൊന്നും ഇപ്പോള്‍ നാവില്ലാതിരിക്കുകയാണ്. അവരുടെ നാവുകള്‍ അഴുക്കുചാലുകളുടെ അശ്ലീലത്തെയാണ് ഇപ്പോള്‍ ഒഴുക്കുന്നത്.

പ്രളയം ഒഴുക്കിയ കേരളത്തില്‍ ദുരിതമനുഭവിക്കുന്ന ജനത ഒന്നും ചോദിക്കുന്നില്ലെന്ന് മാത്രം. മുഖ്യമന്ത്രിയുടെ ചികിത്സാര്‍ത്ഥമുള്ള അമേരിക്കന്‍ യാത്ര മുതല്‍ വിശദാംശങ്ങള്‍ അറിയാനുള്ള ജനതയുടെ ആഗ്രഹത്തെ ആര് നിറവേറ്റും എന്നറിയില്ല.

ഇ.പി.ജയരാജന്‍റെ മന്ത്രി സ്ഥാനാരോഹണവും ഈ അവസരത്തില് ചിന്തിക്കാം. അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി ബന്ധുജനങ്ങള്‍ക്ക് ഭരണസ്വാധീനമുപയോഗിച്ച് നിയമനം നല്കിയത് അഴിമതിയല്ലെന്ന് കടുത്ത പാര്‍ട്ടി ശാഠ്യക്കാരല്ലാതെ ആരും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ തനിക്കോ പാര്‍ട്ടി ബന്ധുക്കള്‍ക്കോ എന്തെങ്കിലും ഗുണമുണ്ടാകണം എന്ന്  ഏത് രാഷ്ട്രീയക്കാരനും ആഗ്രഹിക്കാറുള്ളതാണല്ലോ. തൊട്ടു മുമ്പ് കേരളം ഭരിച്ചിരുന്ന യു ഡി എഫ് സര്‍ക്കാരിനെ അഴിമതി ആരോപണങ്ങളില്‍ തളച്ച് ഭരണത്തിലെത്തിയ ഇടതുപക്ഷം അഴിമതി നടത്തിയത് വിരോധാഭാസമല്ലാതെ മറ്റെന്താണ്. അത്തരത്തില്‍ അഴിമതിയുടെ പേരില്‍ പുറത്തായ മന്ത്രിയെ വീണ്ടും അധികാരസ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞത് കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് മാത്രം സാധ്യമാകുന്ന കാര്യമാണ്. കാരണം അതിനെ ചോദ്യം ചെയ്യേണ്ടവരുടെയെല്ലാം നാവുകള്‍ പാര്‍ട്ടി കെട്ടിയിരിക്കുകയാണല്ലോ.

കേരളം ഭരിക്കുന്ന പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി സ്ത്രീവിഷയങ്ങളിലൂടെ ചില്ലറയൊന്നുമല്ല രക്ഷ പെട്ടതെന്ന് നൈതികബോധമുള്ള പാര്‍ട്ടിക്കാരെങ്കിലും ചിന്തിക്കാതിരിക്കുന്നുണ്ടാവില്ല. പാര്‍ട്ടി എം എല്‍ എ സ്ത്രീപീഢനത്തിന് ആരോപിതനായി. സാമൂഹികപ്രവര്‍ത്തകനെന്ന നിലയില്‍ മാത്രമല്ല, അധികാരപ്പെട്ട വ്യക്തി എന്ന നിലയിലും സമൂഹം ഒന്നാകെ തിരിയേണ്ട അവസരത്തെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ബലാത്സംഗക്കേസുകൊണ്ട് പാര്‍ട്ടി അനുകൂലമാക്കി തിരിച്ചത്. മീ റ്റൂ വിവാദത്തില്‍ കുടുങ്ങിയ പാര്‍ട്ടി എം എല്‍ എയും ഇതേ ആനുകൂല്യത്തിലാണ് സാംസ്കാരികകേരളത്തിന്‍റെ നിയമസഭാ കസേരയില്‍ ഉറച്ചിച്ചിരിക്കുന്നത്.

അതും കഴിഞ്ഞ് ഇനി തങ്ങള്‍ ഭരണപരമായ കാര്യങ്ങള്‍ ഒന്നൊന്നായി പുറത്തറിയിക്കേണ്ടി വരും എന്ന അവസരത്തില്‍ അതാ വരുന്നു, ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീം കോടതി വിധി. മറ്റ് പല കാര്യങ്ങളിലും പിന്നോക്കം പോയിട്ടുണ്ടെങ്കിലും വിധിയെ നടപ്പാക്കുകയെന്ന രാഷ്ട്രീയതീരുമാനം ഈ വിഷയത്തില്‍ അങ്ങേയറ്റം പുരോഗമനാത്മകം തന്നെയായിരുന്നു. എന്നാല്‍ കേരളത്തെ കാലങ്ങള്‍ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതിക രാഷ്ട്രീയമുണ്ടോ വിടുന്നു. അവര്‍ തങ്ങളുടെ രാഷ്ട്രീയവിശ്വാസത്തെക്കാളുപരി മതാത്മകമായ ആചാരാനുഷ്ഠാനങ്ങളില്‍ കയറി പിടിച്ചു. കറുപ്പിന്റെ സ്ഥാനം കാവി ഏറ്റെടുത്തു.

പുതിയ കാലത്തിന്‍റെ മാറിയ സാഹചര്യങ്ങളില്‍ എല്ലാ അവസ്ഥകളെയും യാതൊരു ഉളുപ്പുമില്ലാതെ പാരമ്പര്യം വിട്ട് സ്വീകരിച്ചിട്ടുള്ളവരാണ് പൊതുസമൂഹത്തില്‍ ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ സ്ത്രീവിരുദ്ധതയുമായി തെരുവിലിറങ്ങിയത്. തങ്ങള്‍ക്കനുകൂലമായ വിധിയെ മറി കടക്കാനാണ് തങ്ങളെ കരുക്കളാക്കുന്നതെന്ന് ആലോചിക്കാന്‍ പോലും മിനക്കെടാത്ത അവരുടെ പെണ്ണുങ്ങള്‍ ആണധികാരത്തിന്‍റെ അടിമകളായി തെരുവില്‍ ഇറങ്ങിയെന്നത് അത്തരം സമൂഹത്തിന്‍റെ അപചയത്തെ അങ്ങേയറ്റം തുറന്നു കാട്ടി. അതിനാല്‍ വിലക്കയറ്റം പോലുള്ള സാമൂഹ്യവിപത്തുകളെ നേരിടേണ്ട ജനത സ്ത്രീവിദ്വേഷത്തിന്‍റെ സംസ്കാരമില്ലായ്മയ്ക്ക് വേണ്ടി പോരടിച്ചു. പക്ഷെ, പ്രകോപനങ്ങളുതിര്‍ത്തിട്ടും ഭരണകൂടം കാട്ടിയ സംയമനം കേരളീയ സാമൂഹികാന്തരീക്ഷത്തെ വിലാപങ്ങള്‍ക്കടിപ്പെടുത്തിയില്ല എന്നതാണ് ഏക ആശ്വാസം.

അതെ, ശബരിമല ഇന്നടയ്ക്കുകയാണ്. ഇനിയും പ്രളയാനന്തരകേരളരാഷ്ട്രീയത്തെ ആരും വിശകലനം ചെയ്യാനിറങ്ങരുത്. അതിനാല്‍ സോളാര്‍ കേസ് പൊടി തട്ടി എടുത്തു കഴിഞ്ഞു. ഇനിയും കുറേക്കാലത്തേക്ക് കേരളം സരിതാഭമായി തുടരുക തന്നെ ചെയ്യും. കാലമിനിയുമുരുളും… എന്ന കവിവാക്യത്തെ മോശം പാരഡിയിലേക്ക് നയിക്കാനാവില്ലല്ലോ. അതിനാല്‍ സാംസ്കാരികകേരളമേ ജാഗ്രതൈ. നിങ്ങളെ ഇക്കിളിപ്പെടുത്തി ഇല്ലായ്മ ചെയ്യാന്‍ ഇരുവശത്തുനിന്നും കക്ഷിഭേദമില്ലാതെ രാഷ്ട്രീയക്കാര്‍ സ്ത്രീവിഷയങ്ങളുമായി ഇറങ്ങും. ലോകസ്ത്രീത്വത്തെ 2030ഓടെ സമപ്പെടുത്തി മുന്നോട്ടെത്തിക്കാന്‍ വേണ്ടി ഐക്യരാഷ്ട്രസഭ നടത്തുന്ന ശ്രമങ്ങളൊന്നും ചിലപ്പോള്‍ നമ്മെ ബാധിച്ചെന്നു വരില്ല.

 

Spread the love
Read Also  ക്യാമ്പുകളില്‍ നിന്നും തിരിച്ച് പോകുമ്പോഴേക്കും വീടുകള്‍ താമസയോഗ്യമാക്കണം: മുഖ്യമന്ത്രി; പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടവർക്ക് പുതിയവ നൽകും

Leave a Reply