Wednesday, July 8

‘കോവിഡ് മരുന്ന് പരീക്ഷിച്ചാൽ കർശനനടപടി’ ; പതഞ്ജലിക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്രക്ക് പിന്നാലെ രാജസ്ഥാനും

 

സംസ്ഥാനത്ത് കൊവിഡ് ചികിത്സക്കുള്ള മരുന്ന് എന്ന പേരില്‍ ആരെങ്കിലും വിപണിയിൽ ഔഷധം വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കർശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മ.

തന്റെ കമ്പനി കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പതഞ്‌ജലി മേധാവി രാംദേവ് രംഗത്തെത്തിയതിനെ തുടർന്നാണ് രാജസ്ഥാന്റെ മുന്നറിയിപ്പ്. കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാന്‍ ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. രാംദേവിന്റെ കമ്പനി പുറത്തിറക്കിയ മരുന്നിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ശര്‍മ പറഞ്ഞു.

ഒരു മരുന്നും സംസ്ഥാനത്ത് പരീക്ഷിക്കാൻ അനുവദിക്കില്ല. ഇതിനു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം. അംഗീകാരം ഇല്ലാതെ മനുഷ്യരില്‍ മരുന്ന് പരീക്ഷിച്ചാല്‍ നിയമപരമായി തന്നെ നടപടികള്‍ ഉണ്ടാകുമെന്നും ശര്‍മ പറഞ്ഞു.

കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴു ദിവസം കൊണ്ട് കോവിഡ് ഭേദമാക്കും എന്നുമാണ് രാംദേവിന്റെ പതഞ്ജലി കമ്പനിയുടെ അവകാശവാദം. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. പരീക്ഷണത്തില്‍ നൂറുശതമാനം മരുന്ന് വിജയമാണെന്നും ഇവര്‍ അവകാശപ്പെട്ടു. രാജ്യത്തെ 280 കൊവിഡ് രോഗികളില്‍ മരുന്ന് ഫലം കണ്ടെന്നാണ് രാംദേവ് അവകാശപ്പെട്ടത്. ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയുര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം.

ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന അവകാശവാദവുമായാണ് പതഞ്‌ജലി രംഗത്തെത്തിയത്. അതേസമയം മരുന്നിന്റെ വിശദമായ ചേരുവകളൊന്നും പുറത്തുവിട്ടിട്ടില്ല. മരുന്ന് പരീക്ഷണം ആരിൽ നടത്തിയതെന്ന വിവരവും വെളിപ്പെടുത്തിയിട്ടില്ല

Spread the love
Read Also  കോവിഡ് വാക്സിൻ പരീക്ഷണം വിജയകരമെന്ന് അമേരിക്കൻ കമ്പനി

Leave a Reply