Monday, June 1

രണ്ടാമത്തെ കോവിഡ് മരണം ; സമൂഹവ്യാപനമുണ്ടോയെന്ന നാട്ടുകാർക്ക് ആശങ്ക

കേരളത്തിൽ രണ്ടാമത്തെ കോവിഡ് രോഗി മരിച്ചതോടെ വിവിധ തരത്തിലുള്ള ആശങ്കകളാണ് ഉയരുന്നത്. പോത്തൻകോടിന് സമീപമുള്ള മഞ്ഞമലയിൽ മരിച്ച അബ്ദുൾ അസീസിന്റെ റൂട്ട് മാപ്പ് പൂർണമാക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഇദ്ദേഹം നിരവധി ചടങ്ങുകളിൽ പങ്കെടുത്തതും ആശങ്കയുയർത്തുന്നു.

റിട്ടയേഡ് എ എസ് ഐ ആയ ഇദ്ദേഹം വിദേശത്ത് പോകുകയോ വിദേശത്ത് പോയവരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. കോവിഡ് ബാധ അബ്ദുൾ അസീസിന് എങ്ങനെ ഉണ്ടായെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

അബ്ദുൾ അസീസിന് 18 – ആം തീയതി ജലദോഷം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് വേങ്ങോട് പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ പോയത്. 21ന് ഉച്ചയ്ക്ക് വീണ്ടും ഇതേ ആശുപത്രിയിൽ പോകുകയും രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ രോഗം കണ്ടെത്തിയില്ല. 23 ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ ഇവിടെ നിന്ന് നേരെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

പോത്തൻകോടിന് സമീപത്ത്   അയിരുപ്പാറ ഫാർമേഴ്സ് ബാങ്കിൽ 14-ാം തീയതി നൂറോളം പേരോടൊപ്പം ചിട്ടി ലേലത്തിൽ പങ്കെടുത്തിരുന്നു. രണ്ട് വെള്ളിയാഴ്ചകളിൽ ഉച്ച നമസ്കാരത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. പ്രഥമിക ആരോഗ്യകേന്ദ്രത്തിലെയും ഫാർമേഴ്സ് ബാങ്കിലെയും ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിക്കഴിഞ്ഞു.

മാത്രമല്ല ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീയോഗത്തിൽ പങ്കെടുത്തിരുന്നതായും മകൾ കെ.എസ്.ആർ.ടി ബസ് കണ്ടക്ടറാണെന്നും സർവ്വീസ് നിർത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും പോത്തൻകോട് പഞ്ചായത്ത് അംഗം ബാലമുരളി മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. പ്രദേശത്തെ ജനങ്ങൾ കടുത്ത ആശങ്കയിലാണെന്നും സമൂഹ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ബാലമുരളി കൂട്ടിച്ചേർത്തു.

അതേസമയം രണ്ടാമത്തെ രോഗി മരിച്ചതിൽ സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു

Read Also  28 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിൽ നിന്നൊരു വനിതാ എം പി

Leave a Reply

Your email address will not be published.